- രാജൻ കിണറ്റിങ്കര –
ഏതൊരു മുംബൈവാസിയെ നോക്കിയാലും അവൻ്റെ വലതു കൈ തണ്ടയിൽ കാണാം മഞ്ഞയും കറുപ്പും ചുകപ്പും നിറങ്ങളിൽ കെട്ടിയിട്ട കുറെ ചരടുകൾ. ഇത് വായിച്ച് ഞാനൊന്നും കെട്ടാറില്ല എന്നാരും പറയണ്ട, ബഹുഭൂരിപക്ഷത്തിൻ്റെ കാര്യമാണ് പറഞ്ഞത്.
ഈ ചരടിൻ്റെ വിശ്വാസത്തിലാണ് അവൻ രാവിലെ പുറത്തേക്കിറങ്ങുന്നത്. ആ വിശ്വാസമാണ് അവനെ വൈകിട്ട് വീടെത്തിക്കുന്നതും . ഒറ്റ വിരലിൽ ലോക്കൽ ട്രെയിനിൻ്റെ വാതിൽക്കൽ തൂങ്ങി നിൽക്കുമ്പോൾ കൈയും കാലും ഇടറാത്തതും ഈ വിശ്വാസത്തിലാണ് .
നഗരവാസികളുടെ ഈ വിശ്വാസത്തെ ചൂഷണം ചെയ്യാൻ ജപിച്ച ചരടെന്ന് പറഞ്ഞ് നീണ്ട കുറിയുമിട്ട് കൈയിൽ ഒരു കെട്ട് ചരടുമായി കറങ്ങി നടക്കുന്നവരെയും സ്ഥിരമായി കാണാം.
അവനവൻ തന്നെ സ്റ്റേഷനറി കടയിൽ നിന്ന് വാങ്ങി കെട്ടിയ ഒരു ചരട് ആദ്യമേ കൈയിലുണ്ടാകും. പിന്നെ സിദ്ധിവിനായകിൽ ദർശനം നടത്തുമ്പോൾ അവിടെ ഗണപതി ഭഗവാൻ്റ സാന്നിധ്യത്തിൽ മറ്റൊന്ന്, മഹാലക്ഷ്മി ടെമ്പിളിൽ പോയാൽ വേറൊരെണ്ണം, പിന്നെ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ നിന്ന് വേറെയും. അങ്ങനെ മിനിമം ഒരു മൂന്നോ നാലോ ചരടിൻ്റെ കെട്ടുകൾ ഇല്ലാത്ത കൈകൾ നഗരത്തിൽ വിരളം.
നഗരവാസികളുടെ ഈ വിശ്വാസത്തെ ചൂഷണം ചെയ്യാൻ ജപിച്ച ചരടെന്ന് പറഞ്ഞ് അമ്പല പരിസരത്ത് നീണ്ട കുറിയുമിട്ട് കൈയിൽ ഒരു കെട്ട് ചരടുമായി കറങ്ങി നടക്കുന്നവരെയും സ്ഥിരമായി കാണാം. സ്വന്തം അധ്വാനം മാത്രമല്ല, മുംബൈയെയും ഇവിടുത്തെ ജനങ്ങളേയും സംരക്ഷിക്കുന്നത് ദൈവങ്ങളാണ് എന്നതാണ് നഗരവാസിയുടെ വിശ്വാസം. ആ വിശ്വാസം തന്നെയാണ് മഹാനഗരത്തിൻ്റെ തളരാത്ത അതിജീവന മന്ത്രവും .
നിന്നുകൊണ്ട് ഞാനിതെഴുതുമ്പോൾ ഞാൻ എനിക്കിരുവശത്തും ഇരിക്കുന്ന വരെ ശ്രദ്ധിച്ചു. ഇരിക്കുന്ന ആറ് പേരിൽ അഞ്ചു പേരുടേയും കൈത്തണ്ടയിൽ ഒന്നോ അതിലധികമോ ചരടുകളുണ്ടായിരുന്നു. ഒരാളുടെ ഫുൾ കൈ നല്ലവണ്ണം ഇറങ്ങി കിടക്കുന്നതിനാൽ അയാൾ ചരടിൽ ബന്ധിതനാണോ എന്ന് മനസ്സിലാക്കാനായില്ല.
ഉരുക്കു ചക്രങ്ങളും ഇരുമ്പ് യന്ത്രങ്ങളും രാപ്പകൽ ഇല്ലാതെ കറങ്ങുന്ന മഹാനഗരത്തിൻ്റ ഹൃദയത്തിലേക്ക് വെറും വിരലുകൾ കൊണ്ട് അറ്റു വീഴ്ത്താവുന്ന ഒരു ചരടിൻ്റെ മനോബലത്തിൽ അന്നം തേടിയിറങ്ങുന്നവർ, ആശങ്കയല്ല വിശ്വാസങ്ങളാണ് നഗരജീവിതത്തിൻ്റെ ആണിക്കല്ല്. അതിളകിയാൽ നഗരമില്ല, നഗര ജീവിതമില്ല. ചരട് രക്ഷിക്കുമോ എന്നതല്ല വിഷയം, വിശ്വാസമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും തരണം ചെയ്യാം എന്നാണ് ചരട് നൽകുന്ന സന്ദേശം .
രാജൻ കിണറ്റിങ്കര