പനവേൽ മഹാനഗർ പാലിക (പിഎംസി) തിരഞ്ഞെടുപ്പിൽ വികസനത്തിന് മുൻതൂക്കം നൽകുന്ന ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന മഹായുതിയോടൊപ്പം മലയാളികൾ ഒരുമിച്ച് നിൽക്കണം എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആഹ്വാനം ചെയ്തു.
പനവേൽ മഹാനഗർ പാലിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഖാർഘർ, കാമോത്തെ, കലമ്പൊലി, പനവേൽ എന്നിവിടങ്ങളിൽ നടത്തിയ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്യന്തം വേഗത്തിൽ പുരോഗമിക്കുന്ന നഗരമാണ് പനവേൽ എന്നും, വികസനത്തിന്റെ അനന്തസാധ്യതകൾ പിഎംസിയെ ചുറ്റിപ്പറ്റിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പനവേലിനോട് ചേർന്ന് കിടക്കുന്ന പുതിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, അടൽ സേതു, ജലഗതാഗത മാർഗങ്ങൾ, കൂടാതെ നിരവധി പുതിയ ഹൈവേകൾ ഒത്തുചേരുന്ന പ്രദേശമാണ് പനവേൽ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പനവേലിനടുത്ത് മൂന്നാം മുംബൈ യാഥാർത്ഥ്യമാകാൻ പോകുന്നതോടെ മലയാളി സമൂഹത്തിന് വൻതോതിൽ തൊഴിൽ, വ്യവസായ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയ്ക്ക് പുറത്ത് മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രധാന പ്രദേശങ്ങളിൽ ഒന്നാണ് പനവേൽ എന്നും സുരേഷ് ഗോപി ഓർമിപ്പിച്ചു.
മഹാനഗർ പാലിക സ്ഥാപിതമായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലും താൻ പ്രചാരണത്തിനായി എത്തിയിരുന്നുവെന്നും, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരും, ദേവേന്ദ്ര ഫട്നവിസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരും, ബിജെപി നേതൃത്വം നൽകുന്ന ശക്തമായ മഹാനഗർ പാലികയും ചേർന്ന ‘ട്രിപ്പിൾ എൻജിൻ സർക്കാർ’ നിലവിൽ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ താൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് പനവേലിന്റെ വികസനത്തിനായി ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി.
പ്രചാരണത്തിനായി എത്തിയ സുരേഷ് ഗോപിയെ എംഎൽഎ പ്രശാന്ത് താക്കൂർ, മുൻ എംപി രാംസേത്ത് താക്കൂർ, രമേശ് കലമ്പൊലി എന്നിവരടക്കം നേതാക്കൾ ചേർന്ന് സ്വീകരിച്ചു. ഖാർഘറിലെ ജനസമ്പർക്ക കാര്യാലയത്തിൽ ചേർന്ന ആദ്യ യോഗത്തിൽ വിവിധ മലയാളി സംഘടനകൾ അദ്ദേഹത്തിന് സ്വീകരണം നൽകി.
തുടർന്ന് കാമോത്തയിലും കലമ്പൊലി അയ്യപ്പക്ഷേത്ര ഹാളിലും വിവിധ സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക, രാഷ്ട്രീയ സംഘടനകൾ സംഘടിപ്പിച്ച സ്വീകരണങ്ങളിലും അദ്ദേഹം പങ്കെടുത്തു. പനവേലിലെ കർണാടക സംഘ ഹാളിൽ ചേർന്ന യോഗത്തിലും സുരേഷ് ഗോപി പങ്കെടുത്തു.
യോഗങ്ങളിലെല്ലാം മലയാളികളുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നു. 16-ാം തീയതി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടക്കുന്ന വിജയ റാലിയിലും പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
