മുംബൈ:
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 20-ാമത് മുംബൈ ഭദ്രാസന കൺവൻഷൻ ജനുവരി 22 മുതൽ 25 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തപ്പെടുന്നു. ജനുവരി 22-ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ബസ്സീൻ റോഡിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയം അധ്യാപകനായ റവ. ഡോ. ഷിബി വറുഗീസ് പി. മുഖ്യപ്രഭാഷണം നടത്തും.
ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10ന് താനെ മാർത്തോമ്മാ പള്ളിയിൽ ഭദ്രാസന സേവികസംഘ മീറ്റിംഗ് നടക്കും. വൈകിട്ട് 7ന് കല്യാൺ ഈസ്റ്റ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ കൺവൻഷൻ യോഗം സംഘടിപ്പിക്കും.
ജനുവരി 24 ശനിയാഴ്ച രാവിലെ 10ന് വാഷി സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ ഭദ്രാസന വൈദീക കുടുംബ സംഗമം നടക്കും. തുടർന്ന് വൈകിട്ട് 4 മുതൽ 6.30 വരെ ഭദ്രാസന യുവജന മീറ്റിംഗും, രാത്രി 7 മുതൽ മുളുണ്ട് ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ കൺവൻഷൻ യോഗവും നടത്തപ്പെടും.
സമാപന ദിനമായ ജനുവരി 25 ഞായറാഴ്ച രാവിലെ 8.30ന് വാഷി സിഡ്കോ ലോണിൽ (ജോയ് ആലുക്കാസിന് എതിർവശം) നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ഭദ്രാസനാധ്യക്ഷൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ റൈറ്റ്. റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയും റവ. ഡോ. ഷിബി വറുഗീസ് പി.യും പ്രഭാഷണം നടത്തും.
ഭദ്രാസന കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റി വി. പി. സൈമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്-കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസ സമൂഹം കൺവൻഷൻ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
