കൊച്ചി–മുസിരിസ് ബിനാലെയുടെ പ്രസിഡന്റെന്ന നിലയിലും കൊച്ചി ബിയന്നാലെ ഫൗണ്ടേഷൻ ട്രസ്റ്റ് ബോർഡ് അംഗത്വത്തിൽ നിന്നുമാണ് പ്രശസ്ത കലാകാരനും സഹസ്ഥാപകനുമായ ബോസ് കൃഷ്ണമാചാരി പിന്മാറുന്നതായി പ്രഖ്യാപിച്ചത്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി തീരുമാനം.
ഫൗണ്ടേഷൻ ഇപ്പോൾ ശക്തമായ നിലയിലാണ് നിലകൊള്ളുന്നതെന്നും, വരാനിരിക്കുന്ന ബിനാലെ പതിപ്പുകൾ ഇതിനകം തന്നെ മികച്ച മുന്നേറ്റം കൈവരിച്ചുവരുന്നതായും കൃഷ്ണമാചാരി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സ്വന്തം കലാസൃഷ്ടികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് കൊച്ചി ബിയന്നാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി. കൃഷ്ണമാചാരിയുടെ രാജി ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്. പിന്നാലെ, വ്യക്തിപരമായ കുറിപ്പിലൂടെ തന്റെ തീരുമാനം കൃഷ്ണമാചാരി പങ്കുവെച്ചു.
“കഴിഞ്ഞ 15 വർഷമായി ഫൗണ്ടേഷൻ രൂപപ്പെടുത്തുന്നതിലും ബിനാലെയെ വളർത്തിയെടുക്കുന്നതിലും ആഴത്തിൽ പങ്കാളിയായിരുന്നു. കലാകാരന്മാർ മുന്നിൽ നിന്ന് നയിച്ച ഒരു സംരംഭമായി ആരംഭിച്ച ബിനാലെ ഇന്ന് അന്താരാഷ്ട്ര തലത്തിലെ കലാമേളയായി വളർന്നു. ഈ ഘട്ടത്തിൽ, വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാൽ പിന്നോട്ടു മാറുന്നതാണ് ശരിയെന്ന് തോന്നി,” ബോസ് വ്യക്തമാക്കി.
കലാകാരൻ റിയാസ് കോമുവിനൊപ്പം 2012-ൽ കേരള സർക്കാരിന്റെ പിന്തുണയോടെ ആരംഭിച്ച കൊച്ചി–മുസിരിസ് ബിയന്നാലെ, വെനീസ് ബിനാലെയെ മാതൃകയാക്കി രൂപപ്പെടുത്തിയ അന്താരാഷ്ട്ര സമകാലിക കലാമേളയാണ്. തുടക്കത്തിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 89 കലാകാരന്മാർ പങ്കെടുത്ത ബിയന്നാലെ, കൊച്ചിയിലെ പുനരുദ്ധരിച്ച 13 പൈതൃക കേന്ദ്രങ്ങളിലായിരുന്നു അരങ്ങേറിയത്.
നിലവിൽ നടക്കുന്ന ആറാം പതിപ്പിൽ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻഡ്, എറണാകുളം എന്നിവിടങ്ങളിലായി 22 വേദികളിലായി 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 കലാകാരന്മാരും കലാസമൂഹങ്ങളും പങ്കെടുക്കുന്നുണ്ട്.
2010-ൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ആരംഭിച്ചതുമുതൽ ബിനാലെയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ എല്ലാവരോടും—വലിയവരും ചെറുതുമായ എല്ലാവരോടും—കൃതജ്ഞത അറിയിച്ച കൃഷ്ണമാചാരി, ഫൗണ്ടേഷനും ഭാവിയിലെ ബിനാലെ പതിപ്പുകൾക്കും ശക്തിയും വിജയവും ആശംസിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
