16 പേർ… 15 മാസത്തെ പരിശ്രമം. നല്ലസോപാറ ചെറുശബരിമല ക്ഷേത്രത്തിൽ മുഴങ്ങിയ കേരളത്തിന്റെ ചെമ്പട നാദം, പൂരപ്പറമ്പുകളുടെ ഗൃഹാതുരതയിലേക്ക് നയിച്ച നിമിഷം
ഏകദേശം പതിനഞ്ച് മാസം മുമ്പ്, 16 മുതൽ 60 വരെ പ്രായമുള്ള 16 പേർ ഒരേ സ്വപ്നവുമായി ഒന്നിച്ചു. വയസ്സിന്റെ അതിരുകൾ മറികടന്ന്, കേരളത്തിന്റെ പൈതൃകമായ മേളത്തിന്റെ ലോകത്തിലേക്ക് ഒരു ചെറുചുവട് വയ്ക്കണമെന്ന ആഗ്രഹം അവരുടെ ഹൃദയങ്ങളെ ഒരുമിപ്പിച്ചു.
ആ കൂട്ടായ്മയിൽ ശ്രദ്ധേയമായ മറ്റൊരു സവിശേഷതയും ഉണ്ടായിരുന്നു. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ ഉൾപ്പെടെ മൂന്ന് പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ ചെണ്ടയുടെ ലോകത്തിലേക്ക് കടന്നു വന്നത്. പരമ്പരാഗതമായി പുരുഷന്മാർ കൂടുതലായി നിറഞ്ഞുനിന്നിരുന്ന മേളവേദിയിൽ, അവരുടെ ഈ സാന്നിധ്യം ആ യാത്രയ്ക്ക് പുതുമയും പ്രതീക്ഷയും നൽകി.

കേരളീയ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ഹൃദയത്തോടെ ചേർത്തുപിടിച്ചു പരിപോഷിപ്പിക്കുന്ന നല്ലസോപാറ ചെറുശബരിമല ക്ഷേത്ര ഭരണസമിതി ഈ സ്വപ്നത്തിന് കരുതലും കരുത്തുമായി പിന്തുണയായി നിന്നു. അങ്ങനെ മുംബൈയിലെ പ്രശസ്ത ചെണ്ടകലാകാരനും ആശാനുമായ ശ്രീ കലാക്ഷേത്രം അജയൻ നായരുടെ ശിക്ഷണത്തിൽ ചെണ്ടയുടെ ആദ്യപാഠങ്ങൾ ആരംഭിച്ചു.
ദിവസങ്ങൾ കടന്നു പോയി… കോളേജിൽ പഠിക്കുന്നവർ പഠനം കഴിഞ്ഞും, ജോലി ചെയ്യുന്നവർ ദിവസത്തെ തിരക്കുകൾ അവസാനിപ്പിച്ചും, ഓരോ വൈകുന്നേരവും വീണ്ടും ഒരുമിച്ചു. വിയർപ്പും പരിശ്രമവും ചേർന്ന നൂറുകണക്കിന് അഭ്യാസ നിമിഷങ്ങൾ പതിയെ അവരുടെ കൈകളിൽ താളമായി മാറി.
ഈ അഭ്യാസയാത്രയിൽ ഗുരുവിന്റെ പുത്രനായ ആദിത്യൻ നിത്യേന നടന്ന ശിക്ഷണങ്ങൾക്ക് നേതൃത്വം നൽകി, ഓരോ അടിയിലും താളത്തിന്റെ ആത്മവിശ്വാസവും കൃത്യതയും അവർക്ക് പകർന്നു.
അങ്ങനെ പതിനഞ്ച് മാസത്തെ ക്ഷമയും കഠിനാധ്വാനവും ചേർന്ന അഭ്യാസത്തിന്റെ ഫലമായി ലതീഷ് നായർ, രാജേഷ് കുമാർ എസ്, സജീവ് ശശിധരൻ, വേണുഗോപാലൻ നായർ, മുരളീധരൻ കെ, ഉണ്ണികൃഷ്ണൻ നായർ, സുരേഷ് കുമാർ വി, ഉണ്ണികൃഷ്ണൻ മുത്തു, ഏറ്റുമാനൂർ സജി, വിശ്വംഭര വർമ്മ, പുഷ്പരാജ് ബാലൻ, സുധീർ സ്വാമിനാഥൻ, ജയപ്രകാശ് കെ, ജിജി ജയപ്രകാശ്, നവ്യ പുഷ്പരാജ്, അഞ്ജലി സുരേഷ് കുമാർ
എന്നിവർ ഇന്ന്, മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മണിക്ക്, നല്ലസോപാറ ചെറുശബരിമല ക്ഷേത്രത്തിലെ ഭജനമണ്ഡപത്തിൽ ചെമ്പട മേളം കൊട്ടി തങ്ങളുടെ അരങ്ങേറ്റം കുറിച്ചു.
പൂരപ്പറമ്പുകളിൽ നിന്ന് ദൂരെയിരുന്ന് കേട്ട മേളം… സോഷ്യൽ മീഡിയയുടെ തിരശ്ശീലയിൽ മാത്രം കണ്ട താളവിസ്മയം…ഇന്ന് അവരുടെ സ്വന്തം കൈകളിൽ ജീവിച്ചു മുഴങ്ങി.
നിറഞ്ഞ സദസ്സിന് മുന്നിൽ ചെമ്പടയുടെ താളം ഉയർന്നപ്പോൾ, ആസ്വാദകവൃന്ദം കൈകൾ ഉയർത്തി ആ താളത്തിനൊപ്പം കലാകാരന്മാരെ അനുമോദിച്ചു. മേളത്തിന്റെ ലോകത്തിലേക്ക് ആദ്യ ചുവടുവെക്കുന്ന ഈ കലാകാരന്മാർക്ക്, മാസങ്ങളോളം നടത്തിയ അഭ്യാസത്തിനുള്ള ഏറ്റവും മനോഹരമായ അംഗീകാരം തന്നെയായിരുന്നു ആ നിമിഷം. ആനന്ദപുളകിതരായി അവർ താളത്തിന്റെ ആഹ്ലാദത്തിൽ മുങ്ങി.
ചെമ്പടയിലെ ഈ മനോഹരമായ അരങ്ങേറ്റത്തിന് ശേഷം, ആശാന്റെ മറ്റ് ശിഷ്യന്മാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി. ഭജനമണ്ഡപം വീണ്ടും താളനാദങ്ങളിൽ നിറഞ്ഞപ്പോൾ, അത് ഒരു കലയുടെ പ്രകടനം മാത്രമല്ല ഒരു കൂട്ടായ സ്വപ്നത്തിന്റെ സഫലീകരണമായിരുന്നു.
ഈ അവസരത്തിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച കലാകാരന്മാരെയും അവരുടെ ഗുരുക്കന്മാരെയും ക്ഷേത്ര ഭരണസമിതി ആദരിച്ചു.
പൂരപ്പറമ്പുകളിൽ മുഴങ്ങുന്ന ആ മേളനാദം…ഇന്ന് മുംബൈയുടെ മണ്ണിലും അതേ ആവേശത്തോടെ മുഴങ്ങിത്തുടങ്ങി
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
