ബോളിവുഡ് താരം ഷാരൂഖ് ഖാൻ 59-ാം ജന്മദിനം ആഘോഷിക്കുന്ന പ്രത്യേക ദിനത്തിൽ ആശംസകൾ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ. കരീന കപൂർ ഖാൻ, കരൺ ജോഹർ, ഫറാ ഖാൻ എന്നിവരുൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ള ജനപ്രിയ പേരുകളെല്ലാം നടന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
ബോളിവുഡിലെ പ്രിയ താരത്തിന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്താണ്
ഓസ്‌കർ അക്കാദമി താരത്തിന്റെ ജന്മദിനത്തിൽ ആദരമർപ്പിച്ചത്. താരത്തിന്റെ സിനിമയായ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അതെ സമയം ഇക്കുറി പതിവിന് വിപരീതമായി ആരാധകരെ കാണാൻ താരം മന്നത്തിന്റെ ബാൽക്കണിയിലെത്തിയില്ല. പകരം ഫാൻസ് ക്ലബ്ബുകൾ ബാന്ദ്രയിൽ സംഘടിപ്പിച്ച പ്രത്യേക ജന്മദിന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഇത് മന്നത്തിന് മുൻപിൽ തടിച്ചു കൂടിയ ആയിരക്കണക്കിന് ആരാധകരെയാണ് നിരാശരാക്കിയത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരാധകരെ പോലീസെത്തിയാണ് നിയന്ത്രിച്ചത്.
എല്ലാ വർഷവും തൻ്റെ ജന്മദിനത്തിൽ, ഷാരൂഖ് ഖാൻ ഒരു ആചാരം പോലെ വീടിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ ബാൽക്കണിയിലെത്തി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുമായിരുന്നു. ഈദ്, ജന്മദിനം തുടങ്ങിയ വിശേഷാവസരങ്ങളെ താരം ഈ ബാൽക്കണിയിലെത്തിയാണ് ആരാധകരോടൊപ്പം ആഘോഷമാക്കിയിരുന്നത്.