പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടുള്ള മനുഷ്യന്റെ കടമകളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ആചരിക്കുന്ന ദിനത്തിൽ ചെടികൾ നട്ട് മാതൃകയായി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പ്രതിനിധികൾ.
ലോകമെമ്പാടും പരിസ്ഥിതി ദിനം ആഘോഷക്കപ്പെടുകയാണെന്നും ഇതിന്റെ ഭാഗമായാണ് വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ വൃക്ഷതൈകൾ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളെ പിന്തുണക്കുന്നതെന്നും ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന് 166 രാജ്യങ്ങളിൽ സാന്നിധ്യമുള്ള സംഘടനയുടെ മഹാരാഷ്ട്ര കൺവീനർ ഡോ ഡേവിഡ് വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യത്തിന്റെ നഷ്ടം തുടങ്ങിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഉണ്ണികൃഷ്ണ കുറുപ്പ് പറഞ്ഞു.
കാലം തെറ്റിയ മഴയും, പ്രകൃതി ദുരന്തവും, ഉഷ്ണ തരംഗവുമെല്ലാം മനുഷ്യരാശിക്ക് പ്രകൃതി നൽകുന്ന മുന്നറിയിപ്പാണെന്നും ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടുള്ള ഇത്തരം മുന്നൊരുക്കങ്ങൾ ശ്ലാഘനീയമാണെന്നും മാധ്യമ പ്രവർത്തകൻ പ്രേംലാൽ പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ നിയുക്ത ജോയിന്റ് ട്രഷറർ ബിജോയ് ഉമ്മൻ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
