നവി മുംബൈയിൽ നെരൂളിൽ കഴിഞ്ഞ മൂന്ന് വർഷമായി അനാഥനായി ദുരിതാവസ്ഥയിൽ കഴിയുകയായിരുന്നു 53കാരനായ അനൂപ് കുമാർ നായർ. മാനസികാസ്വാസ്ഥ്യമുള്ള അനൂപിനെ നെരൂളിനെ മലയാളി സമാജം പ്രവർത്തകരാണ് വെള്ളമോ ഭക്ഷണമോ പരിചരണമോ ഒന്നുമില്ലാതെയുള്ള അവസ്ഥയിൽ നെരൂളിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. തുടർന്നാണ് സമാജം പ്രവർത്തകൻ ഗോപകുമാർ സീൽ ആശ്രമവുമായി ബന്ധപ്പെടുന്നത്. പാസ്റ്റർ കെ എം ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള രക്ഷാ പ്രവർത്തന സംഘമെത്തിയാണ് വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് അവശ നിലയിലായിരുന്ന അനൂപിനെ പുറത്തെടുത്തത്.
അനൂപ് കതകിനടുത്ത് നീങ്ങാൻ പോലും കഴിയാത്ത നിലയിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിലായിരുന്നു. അതികഠിനമായ ശാരീരികവും മാനസികവുമായ അവസ്ഥയിൽ നിന്ന് അനൂപിനെ രക്ഷപ്പെടുത്തി നിലവിൽ സീൽ ആശ്രമത്തിന്റെ പരിചരണത്തിലാണ്.

മുൻ ATS – കസ്റ്റംസ് ജീവനക്കാരിയായ അമ്മ കോവിഡ് കാലത്ത് മരണപ്പെട്ടു. മാനസിക രോഗിയായിരുന്ന സഹോദരൻ ആത്മഹത്യ ചെയ്തതോടെയാണ് അനൂപിന്റെ മാനസിക നില തെറ്റിയത്. പിതാവ് വി. പി. കുട്ടികൃഷ്ണൻ നായർ (മുൻ ടാറ്റാ പിആർഒ) മൂന്ന് വർഷം മുൻപ് മരിച്ചതോടെ അനൂപ് ഫ്ലാറ്റിൽ ഒറ്റപ്പെടുകയായിരുന്നു.
LIC ഏജന്റായ ഒരു സ്ത്രീ അനൂപിനെ ചൂഷണം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അനൂപിന്റെ അന്ധേരിയിലുള്ള സ്വത്തുക്കൾ വിൽക്കപ്പെട്ടതിൽ ഇവരുടെ പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെരൂളിലെ ഫ്ലാറ്റും കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും ഇവർ പറയുന്നു.
ഒറ്റപ്പെട്ട ജീവിതമാണ് ആരോരും തുണയില്ലാതെ ഇത്തരമൊരു അവസ്ഥയിലേക്ക് അനൂപിനെയും കുടുംബത്തെയും നയിച്ചത്. ഇത് സമൂഹത്തിന് നൽകുന്നത് വലിയ മുന്നറിയിപ്പാണെന്ന് ഹാർമണി ഫൗണ്ടേഷൻ ചെയർമാനും സീൽ പാട്രണുമായ ഡോ. എബ്രഹാം മത്തായി പറഞ്ഞു. See rescue video >>