- രാജൻ കിണറ്റിങ്കര
ഫ്ലാഷ്ബാക്ക് – കഴിഞ്ഞ ലക്കത്തിൽ നിന്ന്
( വാമനൻ ചവിട്ടി താഴ്ത്തും മുമ്പുള്ള മഹാബലിയുടെ ഒരു അക്കൗണ്ടിൽ 5 കോടി രൂപ വന്നിട്ടുണ്ടെന്നും അത് കള്ളപ്പണമാണെന്നും അതിന്റെ പേരിൽ മഹാബലിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞു വിളിച്ച ചിലർ 1 കോടി തന്നു കേസ് സെറ്റിൽ ആക്കിയില്ലെങ്കിൽ ഉടനെ യഥാർത്ഥ അറസ്റ്റു നടക്കും എന്നും ഭീഷണിപ്പെടുത്തി. അപ്പോഴാണ് റിസപ്‌ഷനിൽ ആരോ കാണാൻ വന്നിരിക്കുന്നു എന്ന് റൂം ബോയ് വന്നു പറഞ്ഞത്…. തുടർന്ന് വായിക്കുക )
അറസ്റ്റ് ഭയന്ന് ഹോട്ടലിന്റെ റിസപ്‌ഷനിൽ എത്തിയ മഹാബലിയെ കണ്ട് ശുഭ്ര വസ്ത്രധാരികളായ രണ്ടു പേർ സോഫയിൽ നിന്ന് എണീറ്റു. മഹാബലിയല്ലേ? അതിലൊരാൾ ഹസ്തദാനം ചെയ്തുകൊണ്ട് ചോദിച്ചു. അതെ, മഹാബലി വിനയത്തോടെ ചൊല്ലി. പിന്നീട് മാവേലി തുടർന്നു, എന്നെ ആരോ ചതിച്ചതാണ്, എനിക്കിവിടെ അക്കൗണ്ടും ഇല്ല, ഞാൻ ഇന്നേവരെ കോടികൾ പോയിട്ട് 200 ന്റെ പുതിയ നോട്ടുപോലും കണ്ടിട്ടില്ല. വന്നവർക്ക് ഒന്നും മനസ്സിലായില്ല. തിരുമേനി, ഞങ്ങൾ താങ്കളെ ഒന്ന് കാണാൻ വന്നതാണ് ഒരു കാര്യം ഉണർത്തിക്കാൻ. വന്നവർ പറഞ്ഞു.
മഹാബലിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.
നാല് നിലകളുള്ള ഞങ്ങളുടെ പുതിയ ബാർ തൃശൂർ ടൗണിൽ ഓണത്തിന് പ്രവർത്തനം ആരംഭിക്കുകയാണ്. അതിന്റെ ഉദ്‌ഘാടനം തിരുമേനി നിർവഹിക്കണം. അതിനായി നേരിട്ട് കണ്ടു ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്. ഇതാ ക്ഷണപത്രിക, സ്വർണ്ണ നിറത്തിൽ അച്ചടിച്ച പത്രിക വന്നവർ മഹാബലിക്ക് നേരെ നീട്ടി.
അയ്യോ, ഞാൻ മദ്യശാല ഉത്ഘാടനം ചെയ്യാനോ ? എന്തായീ പറയുന്നത്. അസുരനായിരുന്നെങ്കിലും ഞാൻ ഇന്നേവരെ സുരപാനം ചെയ്തിട്ടില്ല. മഹാബലി പറഞ്ഞു.
ഉത്ഘാടനം ചെയ്യുന്നവർ മദ്യപിക്കണം എന്നൊന്നും നിർബന്ധമില്ല, നെക്ലേസ് ധരിച്ചു നടന്നിട്ടാണോ മോഹൻലാൽ ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കുന്നത്. അത്തരം ചിന്തകളൊന്നും വേണ്ട, പ്രത്യേകിച്ച് പ്രോഗ്രസ്സിവ് ആയി ചിന്തിക്കുന്നവരുടെ നാടായ കേരളത്തിൽ.
വേറെ എന്തും ഞാൻ ഉത്ഘാടനം ചെയ്യാം, ജ്വല്ലറി, ജൗളിക്കട ഒക്കെ ആകാം, പക്ഷെ ബാർ ഉത്ഘാടനം ഒഴിവാക്കി തരണം. ചക്രവർത്തി കേണു പറഞ്ഞു.
അതേയ്, ഓണത്തിന് വരേണ്ട ചക്രവർത്തിയെ ചിങ്ങം ഒന്നിന് തന്നെ വിളിച്ചു വരുത്തി ഇവിടെ ഹോട്ടൽ ചിലവും യാത്ര ചിലവും തന്നു താമസിപ്പിക്കുന്നത് ആരാന്നാ വിചാരം. ക്ഷണിക്കാൻ വന്നവരുടെ ഭാവം മാറി.
ഞാൻ സർക്കാരിന്റെ അതിഥിയാണ്, മഹാബലി പറഞ്ഞു. അവരാണ് എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്.
ഓ, സർക്കാര്, ഇവിടുള്ളോർക്ക് തന്നെ ശമ്പളം കിട്ടണമെങ്കിൽ രണ്ടാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കണം. അപ്പോഴാ പാതാളത്തിന്ന് ഒരാളെ കൊണ്ടുവന്നു തീറ്റിപോറ്റുന്നത്. ഈ ഹോട്ടൽ ബില്ലുകൾ ഒക്കെ അടക്കുന്നത് ഞങ്ങളാ. വന്നവർ പറഞ്ഞു.
എനിക്ക് ഇവിടെ ഉദ്ഘാടനവും വള്ളം കളിയും ഒന്നും നടത്താൻ പാടില്ല, വാമനൻ ചവിട്ടി താഴ്ത്തുമ്പോൾ തിരുവോണത്തിന് പ്രജകളെ കാണാനുള്ള NOC മാത്രമാണ് തന്നിട്ടുള്ളത്. മഹാബലി പറഞ്ഞു.
തിരുമേനി, താങ്കൾ ഇപ്പോൾ കേരളത്തിലാണ്, ഇവിടെ പേപ്പറിൽ ഉള്ളതുപോലെ ഒന്നുമല്ല കാര്യങ്ങൾ. അതൊക്കെ ചുമ്മാ ഒരു ആചാരം. ഇങ്ങനെയൊന്നും പേടിക്കാതെ, കേരളത്തിൽ ഇപ്പോൾ ഏറ്റവും പ്രചാരമുള്ള വാക്കുകളാണ്, വളച്ചൊടിക്കുക, സ്വാഭാവികം, ഒറ്റപ്പെട്ട സംഭവം, വേട്ടയാടുക, അപകീർത്തിപ്പെടുത്തുക എന്നൊക്കെ. ഇനി ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ ആരെങ്കിലും മഹാബലിക്കെതിരെ നടപടി എടുക്കുകയാണെങ്കിൽ ഈ വാക്കുകളിൽ നിന്ന് ഉചിതമായത് ഏതെങ്കിലും ഉപയോഗിച്ച് രക്ഷപ്പെടാം. വന്നവർ കേരളത്തിന്റെ ഒരു പൾസ് മഹാബലിക്ക് പറഞ്ഞു കൊടുത്തു.
എന്തായാലും ഉദ്ഘാടനത്തിന് കുറച്ച് ദിവസം കൂടി ഉണ്ടല്ലോ. മഹാബലി ആലോചിച്ചു, അതിനിടയിൽ പാതാളവുമായി ബന്ധപ്പെട്ട് വേണ്ട അപ്രൂവൽ എടുക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും മുകളിൽ പറഞ്ഞ പരമോന്നത വാക്കുകൾ ഉപയോഗിച്ച് ചീത്തപ്പേരിൽ നിന്ന് രക്ഷപ്പെടുകയോ ചെയ്യാം.
അല്ലാ, ഈ നാല് നിലകളിലും ബാറാണോ, മഹാബലി ക്ഷണിക്കാൻ വന്നവരോട് സംശയം ചോദിച്ചു.
മൂന്നു നിലകളിലാണ് ബാർ ഉള്ളത്, നാലാമത്തെ നില കുടിച്ച് നില തെറ്റുന്നവർക്ക് ഉള്ളതാണ്. അവിടെ വൈഫൈ, ഇന്റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്ക് ഒന്നും ഇല്ല. അതിനാൽ വീട്ടിൽ നിന്ന് ഭാര്യയുടെ ഫോൺ വരും എന്ന ആശങ്കയില്ലാതെ കെട്ടിറങ്ങും വരെ കിടക്കാം, വീഴാം, ഉരുളാം. ബാർ മുതലാളിമാർ പറഞ്ഞു.
ശരി ഞാൻ നോക്കട്ടെ എന്ന് പറഞ്ഞ് മഹാബലി അവിടെ നിന്നും രക്ഷപ്പെട്ട് റൂമിലേക്ക് തിരിച്ചു നടന്നു. മഹാബലി പുറത്തിറങ്ങും എന്ന് കരുതി ഓടിച്ചിട്ട് കടിക്കാൻ തയ്യാറായി വാം അപ്പ് ചെയ്തിരുന്ന നായ്ക്കൾ നിരാശയോടെ മുരണ്ടുകൊണ്ട് വഴിയോരത്ത് ചുരുണ്ടുകൂടി. ഒരു പട്ടിസ്നേഹി ചപ്പാത്തിയും പനീർ മട്ടർ കറിയുമായി സ്റ്റീൽ പ്ലേറ്റിൽ തെരുവുപട്ടികൾക്ക് കഴിക്കാൻ വച്ചുകൊടുത്ത് കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നത് കണ്ടു. നായ്ക്കൾ അത് കഴിച്ച് ഉപ്പ് ഒരൽപം കൂടിയില്ലേ ഇത് ഏതവനാ ഉണ്ടാക്കിയത് എന്ന മട്ടിൽ ചുണ്ടുകൾ കോട്ടി ഭക്ഷണം കൊടുത്തവനെ രൗദ്രഭാവത്തോടെ നോക്കി.
മഹാബലി ഹോട്ടലിന്റെ ചവിട്ടുപടികൾ കയറുമ്പോൾ പുറത്ത് നിലവിളിയും ബഹളവും കേട്ട് തിരിഞ്ഞു നടന്നു. ഉപ്പ് കൂടിയതാണോ, ഭക്ഷണം തികയാത്തതാണോ അറിയില്ല, ഭക്ഷണം കൊടുത്തവന്റെ നേർക്ക് രണ്ടു നായ്ക്കൾ കുരച്ച് ചാടുന്നു. ആളുകൾ ദൂരെ നിന്ന് മൊബൈലിൽ അത് പകർത്തുന്നു. മഹാബലി വേഗം റൂമിലേക്ക് നടന്നു, ലിഫ്റ്റ് കയറി അണലികൾ വരെ ബെഡ്‌റൂമിൽ വരുന്ന നാടാണ്. നായ്ക്കൾക്ക് ഹോട്ടലും ഹോസ്പിറ്റലും ഒന്നും ഭേദമില്ല, കടിക്കാൻ തോന്നിയാൽ കടിക്കുക അത്രയേ ഉള്ളൂ. റൂമിലെത്തി കിടക്കയിലേക്ക് വീഴുമ്പോൾ മഹാബലി ഓർത്തു “ഇങ്ങനെ ആയിരിക്കും അല്ലെ, പാൽ കൊടുത്തവന്റെ കൈയിൽ തന്നെ കടിക്കുക എന്ന പ്രയോഗം വന്നത് “.
രാജൻ കിണറ്റിങ്കര (Mob. +91 73049 70326)
Cartoon courtesy : Visakh Raveendran

