HomeArticleനല്ലസൊപാര മലയാളികളുടെ “അക്ഷരക്കൂട്ട്”

നല്ലസൊപാര മലയാളികളുടെ “അക്ഷരക്കൂട്ട്”

Published on

  • ഗിരിജാവല്ലഭന്‍ ::::

ഇന്നലെ എഴുത്തുകാരന്‍ സന്തോഷ്‌ കൊലാരത്തിനോടൊത്ത് ഏറെ വ്യത്യസ്തമായൊരു പുസ്തക പ്രകാശനത്തില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞു. അതൊരു വ്യക്തിയുടെയോ ഒരുകൂട്ടം വ്യക്തികളുടെയോ പുസ്തകമായിരുന്നില്ല. ഒരു മലയാളി സമാജമാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്.

നല്ലസൊപാര കേരളീയ സമാജത്തിന്റെ സാഹിത്യക്കൂട്ടായ്മ, “അക്ഷരക്കൂട്ടി”ന്റെ രണ്ടാമത്തെ പുസ്തകമായ “കൂട്ടക്ഷരങ്ങള്‍” എന്ന കഥാസമാഹാരമാണ് ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടത്. സമാജത്തിന്‍റെ ഓണാഘോഷവേളയിലായിരുന്നു പുസ്തകപ്രകാശനം നടന്നത്. അക്ഷരക്കൂട്ടിന്റെ ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചത് 2019 ലാണ്. നല്ലസൊപാരയിലുള്ള 15 കഥാകാരന്മാര്‍ ഒരുമിച്ചു ചേരുന്ന ഒരു സമാഹാരമായിരുന്നു അത്. എഴുതിത്തെളിഞ്ഞവരുടെയും എഴുതാന്‍ തുടങ്ങുന്നവരുടെയുമൊക്കെ രചനകള്‍ ആ സമാഹാരത്തിലുണ്ടായിരുന്നു. വലിയൊരു സ്വീകരണമാണ് ആ പുസ്തകത്തിനു ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അച്ചടിച്ച എല്ലാ കോപ്പികളും വിറ്റഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്നലെ പ്രകാശനം ചെയ്യപ്പെട്ട “കൂട്ടക്ഷരങ്ങള്‍” എന്ന സമാഹാരത്തില്‍ നല്ലസൊപാരയിലെ 18 കഥാകാരന്മാരുടെ രചനകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതില്‍ എട്ടു പേരുടെ രചനകള്‍ ആദ്യമായാണ് അച്ചടി മഷി പുരളുന്നത്. ഇതിലെ എഴുത്തുകാരില്‍ 10 പേര്‍ വനിതകളാണെന്നതും എടുത്തുപറയേണ്ടതുണ്ട്.

മുംബൈയിലെ പല സമാജങ്ങളും സാഹിത്യചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ആ കൂട്ടായ്മയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു കഥാസമാഹാരമോ കവിതാ സമാഹാരമോ ഇറക്കാന്‍ ഇത് വരെ തുനിഞ്ഞിട്ടില്ല.

2018 ഏപ്രില്‍ മാസത്തിലാണ് നല്ലസൊപാര കേരളീയ സമാജത്തിന്റെ സാഹിത്യസംവാദ വാട്ട്സ് ആപ്പ് കൂട്ടായ്മയായ “അക്ഷരക്കൂട്ട്‌” പിറവികൊണ്ടത്. ഭാഷയോടും സാഹിത്യത്തോടും വിമുഖത കാണിച്ചിരുന്ന ഒട്ടേറെ മലയാളികളില്‍ കലാ സാഹിത്യാഭിരുചി വളര്‍ത്താനും അവരെ അരങ്ങുകളില്‍ എത്തിക്കാനും “അക്ഷരക്കൂട്ടി”ന് സാധിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന സുഭാഷിതം, കവി ഭാവന, വരികളും മൊഴികളും, ബാല്യകാലസ്മരണകള്‍, കടങ്കഥ, പഴഞ്ചൊല്ല്, കാഴ്ച്ചവട്ടം കവിതാജാലകം, സാഹിത്യ കലാപ്രതിഭകളെ പരിചയപ്പെടുത്തല്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെക്കുറിച്ചുള്ള ലേഖനങ്ങള്‍, ചലച്ചിത്ര, സംഗീത, കായിക രംഗങ്ങളിലെ ലോകപ്രശസ്തരെക്കുറിച്ചുള്ള കുറിപ്പുകള്‍, അനുസ്മരണങ്ങള്‍, ഓര്‍മ്മ പുതുക്കല്‍, മാസാന്ത്യസംവാദം, ദിവസേന രാത്രി 9.30ന് നടത്തുന്ന ചോദ്യോത്തര പംക്തി തുടങ്ങി 16-17 മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയുള്ള സംവാദങ്ങള്‍ ഇന്നും അവിരാമം നടക്കുന്നത് വലിയൊരു നേട്ടമാണെന്നതില്‍ സംശയമില്ല. വസായിക്കും വീരാറിനും മദ്ധ്യത്തിലുള്ള നല്ലസൊപാരക്കാര്‍ മാത്രമാണ് അക്ഷരക്കൂട്ടിലെ അംഗങ്ങള്‍.

ഇന്ന് അക്ഷരക്കൂട്ട്‌ നല്ലസൊപാരയിലെ മലയാളികള്‍ക്കിടയില്‍ വലിയൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. നല്ലസൊപാര കേരളീയ സമാജത്തിന് അക്ഷരക്കൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. തുടക്കത്തില്‍ മടിച്ചു നിന്ന പലരും അക്ഷരക്കൂട്ടിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ മുന്നോട്ടുവന്ന് എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. സ്വന്തം സര്‍ഗ്ഗവാസനകളെ തിരിച്ചറിയാനും അത് തേച്ചുമിനുക്കാനുമുള്ള എല്ലാ പ്രോത്സാഹനങ്ങളും അവര്‍ക്ക് ലഭിച്ചുപോരുന്നു. സമാജം ഭാരവാഹികളും ഒപ്പം നിന്ന് എല്ലാ സഹകരണവും നല്‍കിപ്പോന്നു.

മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും പല സമാജങ്ങളും സാഹിത്യചര്‍ച്ചകള്‍ തുടരെ നടത്തുന്നുണ്ട്. എന്നാല്‍ ആ കൂട്ടായ്മയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു കഥാസമാഹാരമോ കവിതാ സമാഹാരമോ ഇറക്കാന്‍ മറ്റൊരു സമാജവും ഇത് വരെ തുനിഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍.

ഭീമമായ സമ്പത്തോ, രാഷ്ട്രീയ പിന്തുണയോ ഇല്ലെങ്കിലും നല്ലസൊപാര കേരളീയ സമാജം നടത്തുന്ന ഈ ഭാഷാ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള സമാജങ്ങള്‍ക്ക് ഒരു മാതൃകയാവേണ്ടതുണ്ട്. ഭാഷയുടെയും സാഹിത്യത്തിന്റെയും പേര് പറഞ്ഞ് നാട്ടില്‍ നിന്ന് വമ്പന്മാരെ കൊണ്ടുവന്ന് ലക്ഷങ്ങള്‍ മുടക്കുന്നതുകൊണ്ട് സാധാരണക്കാരനായ മലയാളിക്ക് എന്ത് നേട്ടം? തട്ടുപൊളിപ്പന്‍ പ്രസംഗങ്ങള്‍ ആര്‍ക്കു കേള്‍ക്കണം? സംഘാടകര്‍ക്ക് ചില നിക്ഷിപ്ത ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാം. എല്ലാം കഴിയുമ്പോള്‍, പലപ്പോഴും മുംബൈ മലയാളികള്‍ അവഹേളിക്കപ്പെടുന്നുമുണ്ട്. മുംബൈയില്‍ ഇടയ്ക്കിടെ കൊണ്ടാടപ്പെടുന്ന സാഹിത്യോത്സവങ്ങളില്‍ നിന്ന് പുതിയ ഒരു എഴുത്തുകാരനെങ്കിലും പിറവികൊണ്ടിട്ടുണ്ടോ?

ഇതിനേക്കാളൊക്കെ വളരെ ഉദാത്തമായ ഭാഷാപ്രവര്‍ത്തനങ്ങളാണ് നല്ലസൊപാര കേരളീയ സമാജം നടത്തുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നല്ലസൊപാര എന്ന ഒരു ചെറിയ പ്രദേശത്ത്‌ നിന്ന് 18 കഥാകാരന്മാരെ/ കഥാകാരികളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞു എന്നത് ഈ പ്രവര്‍ത്തനങ്ങളുടെ വലിയൊരു നേട്ടം തന്നെയാണ്

അക്ഷരക്കൂട്ടിന്റെ അമരക്കാരനായിരുന്ന കഥാകൃത്ത്‌ രവി വാര്യത്തിന്‍റെ അശ്രാന്ത പരിശ്രമമാണ് ഈ വിജയത്തിന്‍റെ പിന്നില്‍. നല്ലസൊപാരയില്‍ നിന്ന് നാട്ടിലേക്ക് താമസം മാറിയെങ്കിലും ഇന്നും രവി വാര്യത്ത് അക്ഷരക്കൂട്ടിന് എല്ലാ ഊര്‍ജ്ജവും പകര്‍ന്നു നല്‍കുന്നുണ്ട്. ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്‌ കെ.സി ജയരാജാണ്. സമാജം പ്രസിഡന്റ്‌ രാജന്‍ പി. നായരും, സെക്രട്ടറി രാജേഷ് നാരായണനും എല്ലാ സഹകരണവും നല്‍കി ഒപ്പമുണ്ട്.

ഇവര്‍ക്കെല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അക്ഷരക്കൂട്ട് കൂടുതല്‍ ഉയരങ്ങളിലേക്ക് വളരട്ടെ. നല്ലവരായ എല്ലാ നല്ലസൊപാരക്കാരും ഭാഷാപ്രവര്‍ത്തനങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും.

  • ഗിരിജാവല്ലഭന്‍

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...