- രാജൻ കിണറ്റിങ്കര ::::::
ഞാൻ എൻ്റെ നാടിനെക്കുറിച്ച് എഴുതുമ്പോൾ ചിലർ ചോദിക്കും നിങ്ങൾക്ക് ഇതന്നെ എഴുതുവാനുള്ളോ എന്ന് . അവരോട് എനിക്ക് പറയാനുള്ളത് “അതെ” , എനിക്കിതുതന്നെ എഴുതാനുള്ളൂ എന്നാണ്. എം ടി തൻ്റെ നാടിനെക്കുറിച്ചാണ് അധികവും എഴുതിയിട്ടുള്ളത്, തകഴിയുടെ രചനകളിൽ അദ്ദേഹത്തിൻ്റെ നാടും പരിസരവുമാണ്, ബഷീർ എഴുതിയതും നാട്ടനുഭവങ്ങളാണ്. ആ മഹാരഥൻമാരുടെ മാന്ത്രിക തൂലികയിലെ ഒരു മഷി തുള്ളിയാകാൻ പോലും എനിക്ക് കഴിയില്ലെങ്കിലും എനിക്കറിയുന്ന എൻ്റെ നാടിനെക്കുറിച്ച് ഞാൻ എഴുതിയാലെന്താണ് പ്രശ്നം?
ഒരു നവരാത്രിക്കാലം കൂടി. ചിങ്ങക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മുള പൊട്ടുന്ന രണ്ടാം വിളയുടെ നെൽച്ചെടികൾ. പുഴ കടന്നെത്തുന്ന തെക്കൻ കാറ്റിൽ ശരണ മന്ത്രങ്ങളുടെ കർപ്പൂര ഗന്ധം. തുലാമാസം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ മല കയറുന്നവർ മാലയിട്ട് വ്രതം അനുഷ്ഠിക്കാൻ തുടങ്ങിയിരിക്കുന്നു. ധനു മാസത്തിലെന്നപോലെ വിറ കൊള്ളുന്ന അമ്പലമുറ്റത്തെ അരയാലിൻ ചില്ലകളിലെ തളിരിലകൾ.
മഴയൊഴിഞ്ഞ മാനത്ത് ഏതോ കായൽത്തീരം ലക്ഷ്യമാക്കി കൂട്ടമായി പറന്നു പോകുന്ന ദേശാടനക്കിളികൾ. വ്രതശുദ്ധിയും സരസ്വതീ മന്ത്രവും മനസ്സിലും നാവിലും ഉണരുന്ന ബാല്യത്തിൻ്റെ നവരാത്രിക്കാലത്തിലേക്ക് ആളൊഴിഞ്ഞ മൺവഴികളിലൂടെ ഒരു തിരിഞ്ഞു യാത്ര.
മലമക്കാവ് അമ്പലവും പരിസരവും നിലാവിൽ കുളിച്ച് നിൽക്കുന്നു . അവസാന ആളും കുളി കഴിഞ്ഞ് കയറിപ്പോയതിൻ്റെ തിരയോളങ്ങൾ അമ്പലക്കുളത്തിൽ അടങ്ങിയിട്ടില്ല. നീർക്കുമിളകൾ കുളത്തിൻ്റെ പടവുകളിൽ തട്ടി രാത്രിഗീതം മൂളുമ്പോൾ ജലപ്പരപ്പിൽ ഊളിയിട്ട് പരൽ മീനുകൾ അവയ്ക്ക് ശ്രുതി മീട്ടുന്നു.
അത്താഴ പൂജയുടെ ശംഖുമുഴങ്ങുമ്പോൾ മലമക്കാവിലെ വീടുകളിൽ മണ്ണെണ്ണ വിളക്കുകൾ ഓരോന്നായി അണയും.
നവരാത്രി പൂജക്കായി ദേവിക്ക് പ്രത്യേകമായുണ്ടാക്കിയ മണ്ഡപത്തിൽ വീണാവാദിനി താമരയിതളിൽ അനുഗ്രഹവർഷം ചൊരിഞ്ഞ് ഇരിക്കുന്നു. മുന്നിൽ നിരന്നു കിടക്കുന്ന പുസ്തകക്കെട്ടുകളിൽ ഗ്രാമത്തിലെ ഓരോ വീടിൻ്റേയും വിദ്യയുടെ അക്ഷരമിടിപ്പുകൾ ഉണ്ട്.. ഒരു സംസ്കാരത്തിൻ്റെ ജീവവായുവുണ്ട്. നിറം മങ്ങാത്ത ആചാരപ്പെരുമകളുണ്ട്.
ശ്രീകോവിലിന് മുന്നിലെ കൽവിളക്കിൽ ദീപാരാധനാ വിളക്കുകൾ ഇപ്പോഴും അണഞ്ഞിട്ടില്ല, മലമക്കാവ് പെരുമയുമായി ഉയർന്നു താഴുന്ന ചെണ്ടക്കോലുകളിൻ തായമ്പകയുടെ അക്ഷരവെളിച്ചങ്ങൾ അലകൾ തീർക്കുന്നു.
രാത്രി പൂജ കഴിഞ്ഞ് അവിലും മലരും വാങ്ങാൻ അമ്പലമുറ്റത്ത് ചില കുട്ടികൾ കാത്ത് നിൽക്കുന്നു. ഇലക്കുമ്പിളിലും താലത്തിലും മരത്തിൻ്റെ മരികയിലും ദേവിക്ക് പൂജക്കായി സമർപ്പിക്കുന്ന അവിലും മലരും ശർക്കരയും. 8 മണി ആകുമ്പോഴേക്കും പാതിരയാകുന്ന ഗ്രാമത്തിൽ പലരും പൂജ കഴിഞ്ഞ് അവ വാങാൻ കാത്തു നിൽക്കാറില്ല. എന്നാലും പൂജാരി അവയെല്ലാം ശ്രീകോവിലിൽ നിന്ന് പുറത്തെടുത്തു വയ്ക്കും – അവസാനം ആളില്ലാത്ത ഇലക്കുമ്പിൾ എടുത്ത് അമ്പലമുറ്റത്തെ കരിങ്കൽ പാകിയ പ്രദക്ഷിണ വഴിയിൽ മലർന്ന് കിടന്ന് നീലാകാശത്തിലെ നക്ഷത്രങ്ങളെ എണ്ണി മോഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമില്ലാത്ത ഒരു രാത്രിയുടെ നനുത്ത തണുപ്പിലേക്ക് ഊളിയിട്ട് ….അങ്ങനെ, അങ്ങനെ..
അത്താഴ പൂജയുടെ ശംഖുമുഴങ്ങുമ്പോൾ മലമക്കാവിലെ വീടുകളിൽ മണ്ണെണ്ണ വിളക്കുകൾ ഓരോന്നായി അണയും. അരിച്ചു വരുന്ന കാറ്റിൽ പാടത്തിനക്കരെ പൂലേരിയിൽ നിന്നോ ചമ്മിണിക്കാവിൽ നിന്നോ ഒഴുകിയെത്തുന്ന ദേവീ സ്തുതികൾ . അമ്പലപരിസരത്തെ വീടുകളിൽ ഉമ്മറത്തെ വെളിച്ചം അണഞ്ഞിട്ടില്ല. ഭഗവാൻ ഉറങ്ങും മുമ്പേ ഭക്തരറുങ്ങില്ല.
നിദ്ര വഴിമാറിയ ആകുലതകളും തെരുവുനായ്ക്കളും ഇല്ലാത്ത ചരൽ പതിഞ്ഞ വഴിയിലൂടെ രാത്രി ഏകനായ് വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോൾ ഭയമോ അസ്വസ്ഥതയോ ഉണ്ടായിരുന്നില്ല.
രാത്രി എട്ട് മണിക്ക് വിളക്കണയുന്ന ഗ്രാമവീഥികളിൽ ഏകനായി നിർഭയനായി നടന്ന ബാല്യത്തിൽ നിന്ന് ഒരിക്കലും വിളക്കണയാത്ത നഗരവഴികളിലെ ആൾക്കൂട്ടങ്ങളിൽ ഞാൻ ദിക്കറിയാതുഴലുമ്പോൾ മലമക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ ഗോപുര നട അടഞ്ഞിരുന്നു.
രാജൻ കിണറ്റിങ്കര
