- രാജൻ കിണറ്റിങ്കര :::::
ശബരിമലയിലെ സ്വർണ്ണപ്പാളികളും വാതിലും അതിനെ തുടർന്നു നടക്കുന്ന കോലാഹലങ്ങൾക്കും ഇടയിലാണ് ഞാൻ കണ്ണനെ കാണാൻ പതിവുപോലെ രാവ് മയങ്ങുന്ന നേരത്ത് ക്ഷേത്ര സന്നിധിയിൽ എത്തിയത്.
കണ്ണനെ കണ്ടതും ഞാൻ പറഞ്ഞു, ഇനി ഇങ്ങനെ രാത്രി ഇറങ്ങി നടക്കണ്ടാട്ടോ, വാതിൽ, പീഠം ഇതിലൊക്കെ ഒരു കണ്ണ് ഉണ്ടായിക്കോട്ടെ.
ഹേയ്, ഇവിടെ എൻ്റെ കണ്ണെന്തിനാ, 24 മണിക്കൂറും ഭക്തജനങ്ങളുടെ കണ്ണില്ലേ, കണ്ണൻ ചോദിച്ചു.
ഭക്തജനങ്ങൾ ഇല്ലാഞ്ഞിട്ടാണോ ശബരിമലയിൽ എന്തൊക്കെയോ കേൾക്കുന്നത്. ഞാൻ മറു ചോദ്യമിട്ടു.
അവിടെ ഭക്തർ ഇല്ലാത്ത മാസങ്ങളും ഇല്ലേ, വാതിലല്ല, ക്ഷേത്രം തന്നെ എടുത്തു കൊണ്ടുപോയി ചെന്നൈയിലും ബാംഗ്ലൂരും കറക്കി കൊണ്ടുവരാനുള്ള സമയമുണ്ടല്ലോ, കണ്ണൻ എല്ലാം ഗ്രഹിച്ചിരിക്കുന്നു.
അതല്ല, ഈ സ്വർണ്ണമൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യേണ്ടതാണോ? ഞാൻ ചോദിച്ചു.
ഇനിയിപ്പോൾ മല്യ സ്ഥലത്തില്ലാത്തോണ്ട് സ്വർണ്ണം പൂശിയതിന് തെളിവില്ലാന്ന് പറയോ!!!
ഇവിടെ എന്താണ് ശരിക്കും കൈകാര്യം ചെയ്യപ്പെടുന്നത്, ഭഗവാൻ ചോദിച്ചു. അകത്ത് കിടക്കേണ്ട കുറ്റവാളികൾ പുറത്ത്, കാട്ടിൽ നടക്കേണ്ട വന്യമൃഗങ്ങൾ നാട്ടിൽ, കാവൽ കിടക്കേണ്ട നായ്ക്കൾ ആക്രമികൾ, പുസ്തകം പിടിക്കേണ്ട കൈകളിൽ കൊടി. പിന്നെയാണോ ഒരു സ്വർണ്ണപ്പാളി .
ഭഗവാൻ്റെ നീരസവും നിരാശയും വാക്കുകളിൽ വ്യക്തമായിരുന്നു
അതല്ല, കിലോക്കണക്കിന് സ്വർണ്ണം ഭഗവാന് നൽകിയിട്ടും മല്യക്ക് എങ്ങനെ രാജ്യം വിടേണ്ടി വന്നു. ഞാൻ ചോദിച്ചു.
ഭഗവാന് വില കൂടിയ വസ്തുക്കളും പണവും നൽകിയതുകൊണ്ട് കർമ്മദോഷങ്ങൾക്ക് പരിഹാരമാകുന്നില്ല, കർമ്മ പാപങ്ങളിൽ നിന്ന് സാക്ഷാൽ ഭഗവാൻ പോലും മുക്തനല്ല. കണ്ണൻ അരുളിച്ചെയ്തു.
ഇനിയിപ്പോൾ മല്യ സ്ഥലത്തില്ലാത്തോണ്ട് സ്വർണ്ണം പൂശിയതിന് തെളിവില്ലാന്ന് പറയോ? ഞാൻ ചോദിച്ചു.
അതല്ലേ പറയുന്നത് എത്ര വിദഗ്ധമായി ചെയ്ത കുറ്റകൃത്യത്തിലും കുറ്റവാളി അറിയാത്ത ഒരു തരി തെളിവ് ബാക്കി വച്ചിട്ടുണ്ടാകും. ഭഗവാൻ പറഞ്ഞു.
ഫ്രീയായി അനുഗ്രഹം കിട്ടും എന്ന് പറഞ്ഞാൽ മലയാളി മുൻപിൻ നോക്കാതെ അവിടെ കമിഴ്ന്നടിച്ച് വീഴില്ലേ.!!!!
രണ്ട് ഗ്രാമിൻ്റെ മോതിരം ഇട്ട് പുറത്ത് നടക്കാൻ തന്നെ പേടിയുള്ള കാലത്ത് ഈ സ്വർണ്ണം പൂശിയ വാതിലൊക്കെ പൊക്കി നാട് മൊത്തം കറങ്ങാ, വീടുകളിൽ പോയി ദർശനം നൽകാ, ഇതൊക്കെ എങ്ങനെ?
രണ്ട് ഗ്രാമിൻ്റെ മോതിരം നീ അധ്വാനിച്ച് കഷ്ടപ്പെട്ട് വാങ്ങിയത് കൊണ്ടാണ് നഷ്ടപ്പെടുമോ എന്ന പേടി. ഞാനീ നിൻ്റെ മുന്നിൽ ഇരിക്കുന്ന ഭണ്ഡാരം എടുത്ത് നിൻ്റെ തലയിൽ വച്ച് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞാൽ നിനക്ക് വല്ല പേടിയും തോന്നുമോ? നഷ്ടപ്പെട്ടാലും ഭഗവാൻ്റെയല്ലേ എന്നല്ലേ ചിന്തിക്കൂ. ഭഗവാൻ പറഞ്ഞു.
പല VIPകളും ഈ വാതിൽ പൂജയിൽ പങ്കെടുത്ത് അനുഗ്രഹം വാങ്ങിയിട്ടുണ്ടത്രെ, ഞാൻ പറഞ്ഞു. ഭഗവാൻ്റെ ശ്രീകോവിലിലെ , പ്രത്യേകിച്ച് ബ്രഹ്മചര്യവും പരിശുദ്ധിയും ആചരിക്കുന്ന ശബരിമല അയ്യപ്പൻ്റെ, ഒന്നും അങ്ങനെ വിടുകളിൽ കയറ്റിയിറക്കാൻ പറ്റില്ല എന്നാലോചിക്കാനുള്ള ബുദ്ധി ഇവർക്കില്ലേ. ഞാൻ ചോദിച്ചു.
ഫ്രീയായി അനുഗ്രഹം കിട്ടും എന്ന് പറഞ്ഞാൽ മലയാളി മുൻപിൻ നോക്കാതെ അവിടെ കമിഴ്ന്നടിച്ച് വീഴില്ലേ. VIP എന്നാൽ Very lgnorant People എന്ന് പറയുന്നത് അതല്ലേ . ഭഗവാൻ ഒരു തമാശ പറഞ്ഞു.
അത് പോട്ടെ. സന്ദർഭവശാൽ ശബരിമലയിലെ കാര്യം പറഞ്ഞുന്നെ ഉള്ളു , ഞാൻ കണ്ണനെ കാണാനാ വന്നത്.
എന്നെ കണ്ടില്ലേ, പണ്ട് സുദാമയും സങ്കടം ബോധിക്കാൻ വന്ന് ഒന്നും മിണ്ടാതെ തിരിച്ചു പോയിട്ടുണ്ട്. ഭഗവാൻ പറഞ്ഞു.
സുദാമയ്ക്ക് പഴയ ക്ലാസ് മേറ്റ് എന്ന പരിഗണന കിട്ടുമല്ലോ, ഞാനാ വകുപ്പിലൊന്നും പെടില്ലല്ലോ, ഞാൻ പറഞ്ഞു. എന്താണാവോ ഇവിടെ വന്നാൽ പറയാൻ വന്ന സങ്കടമൊക്കെ മറക്കും, മറ്റു പലതുമാണ് ചോദിക്കുക,
അന് മനുഷ്യ സ്വഭാവമാണ്, എളുപ്പമുള്ള ചോദ്യങ്ങളുടെ ഉത്തരം മനസ്സിലുണ്ടെങ്കിലും അതെഴുതാതെ ഉത്തരമറിയാത്ത ചോദ്യങ്ങൾ ആലോചിച്ച് സമയം പാഴാക്കുന്ന കുട്ടിയെ പോലെയാണ് മനുഷ്യ മനസ്സ്. നടന്നു പോകുന്ന ഒരാൾ പെട്ടെന്ന് അടി തെറ്റി താഴെ വീണു, ഒരു പരിക്കും പറ്റാതെ നടന്നു പോയി, ഭഗവാൻ കാത്തു എന്ന് ചിന്തിച്ചാൽ മനസ്സ് ശാന്തമായി, അതല്ല, ഞാനിപ്പോൾ എങ്ങനെ വീണു, ആരെങ്കിലും മനപൂർവ്വം വീഴ്ത്തിയതാണോ എന്നാലോചിക്കുമ്പോൾ മനസ്സ് അസ്വസ്ഥമാകും. ഭഗവാൻ ഒരു തത്വജ്ഞാനം പറഞ്ഞ് ഒരു പുഞ്ചിരിയോടെ ശ്രീകോവിൽ വാതിലിന് മുന്നിൽ അപ്രത്യക്ഷനായി.
അമ്പലപ്രാവുകൾ ചിറകടിച്ച് പറക്കുന്ന നടപ്പന്തലിനു കീഴെ നിലാവു വീണു കിടക്കുന്ന നടവഴിയിൽ ഞാൻ മാത്രമായി, ഒരു വേണുഗാനം കാറ്റിലൊഴുകിയെത്തി, എല്ലാ അശാന്തികളും അകറ്റുന്ന കണ്ണൻ്റെ അധരഗീതം…
രാജൻ കിണറ്റിങ്കര
