- രാജൻ കിണറ്റിങ്കര :::::
അവതാരക : ശബരിമലയിലെ സ്വർണ്ണപ്പാളികൾ ചെമ്പുപാളികളായതിനെ കുറിച്ചാണ് ഇന്ന് ചർച്ച, ഭരണപക്ഷത്തു നിന്നും ശ്രീ ……. നമ്മോടൊപ്പമുണ്ട്, ഇവരെ കൂടാതെ കോൺഗ്രസ് പ്രതിനിധിയായി ശ്രീ…….. ഉം ഹിന്ദു ഐക്യവേദി പ്രതിനിധിയായി ശ്രീ ………ഉം നമ്മോടൊപ്പം ചേരുന്നു.
ആദ്യം ഭരണപക്ഷ പ്രതിനിധിയോട് : എന്താണ് ശബരിമല പോലെ പാവനമായ ഒരു ക്ഷേത്രത്തിൽ നിന്നും ഈ സ്വർണ്ണം നഷ്ടപ്പെട്ടതിനെ കുറിച്ച് പറയാനുള്ളത്
പ്രതിനിധി : ആദ്യം നിങ്ങളെന്നെ പറയാൻ സമ്മതിക്കൂ, ഞാൻ പറയട്ടെ
അവതാരക : ഞാനെവിടെ സമ്മതിക്കാതിരുന്നത്, ആദ്യ ചോദ്യം താങ്കളോടായിരുന്നല്ലോ
പ്രതിനിധി: അതാണ് ഞാൻ പറഞ്ഞു വരുന്നത്, സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ടു എന്ന് പറയുന്നു, നിങ്ങൾക്കറിയോ, പാലിയേക്കരയിലെ ടോൾ പിരിവ് കോടതി നിർത്തിവച്ചു.
അവതാരക : ഇനിനിടയിൽ പാലിയേക്കര എവിടെ നിന്ന് വന്നു, വിഷയത്തിലൂന്നി സംസാരിക്കൂ
പ്രതിനിധി: നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാനല്ല ഞാനിവിടെ വന്നിരിക്കുന്നത്
അവതാരക : ശരി, താങ്കൾ പറയൂ
പ്രതിനിധി: അന്ന് ഉമ്മൻ ചാണ്ടി ഭരിക്കുന്ന സമയത്ത്, ഇവിടെ റോഡിൽ കുഴികളുണ്ടായിരുന്നില്ലേ
അവതാരക : താങ്കൾ വിഷയത്തിലേക്ക് വരൂ,
പ്രതിനിധി: അതിലേക്കാണ് ഞാൻ വരുന്നത്, ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം പോയി എന്നാണല്ലോ പറയുന്നത്, മോഷണം എന്നാലെന്താണ്?
അവതാരക : മോഷണം എന്നാൽ കക്കൽ വേറെന്താണ്
പ്രതിനിധി: ഇതാണ് താങ്കൾ ശരിക്കു പഠിക്കാതെയാണ് എന്നെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. മോഷണം എന്നാൽ ക്ഷണം മോക്ഷം എന്നാണ്, അത് ലോപിച്ച് മോഷണമായതാണ്
അവതാരക : വാക്കുകൾക്ക് പുതിയ അർത്ഥം മെനയാനല്ല, സ്വർണ്ണപ്പാളി കാണാതായതിനെ കുറിച്ച് ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയായാണ് താങ്കളെ വിളിച്ചത്
പ്രതിനിധി: അതിലേക്കാണ് ഞാൻ വരുന്നത്, ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല
അവതാരക: എങ്കിൽ ഒളിക്കാതെ പറയൂ
പ്രതിനിധി : ഞങ്ങൾ അയ്യപ്പ സംഗമം നടത്തി, വിശ്വാസികൾക്ക് വേണ്ടി
അവതാരക : താങ്കളോട് എൻ്റെ സ്പഷ്ടമായ ചോദ്യം ഇതാണ്, ശബരിമലയിലെ സ്വർണ്ണപ്പാളി ചെമ്പായതെങ്ങനെ?
പ്രതിനിധി: താങ്കൾ എനിക്ക് സംസാരിക്കാൻ അവസരം തരൂ, അവസരം തരാൻ പറ്റില്ലെങ്കിൽ പിന്നെ എന്നെ എന്തിനാണ് വിളിച്ചത്
അവതാരക : താങ്കൾക്ക് മാത്രമാണല്ലോ അവസരം തന്നത്, എന്നിട്ടും താങ്കൾ ഉരുണ്ടു കളിക്കുകയാണ്. 30 കിലോ സ്വർണ്ണം കൊണ്ട് വിജയ് മല്യ ദ്വാരപാലക ശിൽപ്പവും ശ്രീകോവിലിന് മുന്നിലും മോടിപിടിപ്പിച്ചു എന്ന് പറയുന്നു. ആ സ്വർണ്ണമെവിടെ?
പ്രതിനിധി: 1998 ൽ മല്യ ഇത് ചെയ്തു എന്ന് പറയുന്ന സമയത്ത് ഒരു പവൻ സ്വർണ്ണത്തിന് 3200 രൂപയാണ്. അപ്പോൾ ആ വില വച്ച് 30 കിലോ സ്വർണ്ണത്തിന് ഒരു കോടി 20 ലക്ഷത്തോളം വരും.
അവതാരക : അന്നത്തെ വില കണക്കാക്കാനല്ല ഞാൻ നിങ്ങളോട് സംസാരിക്കുന്നത്
പ്രതിനിധി: പറയട്ടെ, ഇന്ന് ആ വില വരാൻ അതായത് ഒരു കോടി 20 ലക്ഷത്തിന് വെറും 136 പവൻ മതി. . കോടതിയോ വിജിലൻസോ ആരാണെങ്കിലും പരിശോധിക്കട്ടെ. ഇപ്പോൾ അവിടെ 136 പവനിൽ കൂടുതൽ സ്വർണ്ണം ഉണ്ടെങ്കിൽ സ്വർണ്ണം നഷ്ടപ്പെടുകയല്ല, കൂടുകയാണ് ചെയ്തത് എന്നല്ലേ സത്യം. ഇനിയെങ്കിലും സത്യം മനസ്സിലാക്കി നിങ്ങൾ ചർച്ചകൾ നടത്തൂ.
അവതാരക : ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ല, അത് മല്യ നൽകിയതിനേക്കാൾ കൂടുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ചർച്ച ഇവിടെ അവസാനിക്കുകയാണ്, എല്ലാവർക്കും നന്ദി !!
- രാജൻ കിണറ്റിങ്കര
