More
    HomeArticleവയലാർ രാമവർമ്മ ഓർമ്മയായിട്ട് അൻപതു വർഷങ്ങൾ!!!

    വയലാർ രാമവർമ്മ ഓർമ്മയായിട്ട് അൻപതു വർഷങ്ങൾ!!!

    Published on

    • നെല്ലൻ ജോയി ::::

    കാവ്യാശ്വപ്പുറത്തു കാലവും പ്രപഞ്ചവും കടന്നു അക്ഷരങ്ങൾകൊണ്ട് അശ്വമേധം നടത്തിയ വിഖ്യാത കവി.

    ജാതി-മത വർണ്ണ-വർഗ്ഗ മേലാളമനോഭാവങ്ങളുടെ കോട്ട കൊത്തളങ്ങളെ കിടുകിടാ വിറപ്പിച്ച ഗർജ്ജനങ്ങൾ പിറന്നത് വിപ്ലവത്തിന്റെ ഈറ്റില്ലമായ വയലാറിൽ തന്നെയെന്നത് യാദൃശ്ശികമല്ല!

    വിപ്ലവഖ്യാതി നേടിയ വയലാറിലുള്ളത് ദേശ-ഭാഷാ മതിൽകെട്ടിനപ്പുറം വിശ്വമാനവികതയുടെ ചക്രവിതാനത്തിലേക്ക് വെറ്റില താമ്പാളത്തിൽ അക്ഷരങ്ങൾ കൂട്ടി മുറുക്കി തുപ്പി ചക്രവാളം ചുവപ്പിച്ച ദേശത്തിന്റെ പേരുള്ള ഒരു കവിയും, നീതിക്കു വേണ്ടി പോരാടിയ വിപ്ലവകാരികളും.

    വയലാർ രാമവർമ്മ വിട പറഞ്ഞിട്ട് 2025 ഒക്ടോബർ 27ന് അമ്പതാണ്ട് തികയുന്നു!!

    അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ നിരന്തരം കലഹിച്ച വയലാർ ഈശ്വരനെന്ന് കേട്ടാൽ ചിരിക്കാൻ തോന്നിപ്പോകുമെന്നും, മനുഷ്യൻ മനുഷ്യൻ ഞാൻ എന്നിൽ നിന്നാരഭിച്ചു ഈ പ്രപഞ്ചത്തിലെ സർവ്വവമെന്നും, ചക്രവാളത്തിൻ മതിൽക്കെട്ടിന്മേൽ കയ്യും കുത്തി നിന്നു ഞാൻ പ്രപഞ്ചത്തിന്റെ ഭ്രമണം നിയന്ത്രിക്കുമെന്നും പ്രഖ്യാപിച്ച് ഇല്ലെനിക്ക് മരണമെന്നും പ്രവചിച്ചു വച്ചു.

    തനിക്ക് ചുറ്റുമുള്ള സമൂഹത്തിലെ അനീതിയും, ദാരിദ്ര്യവും, ചൂഷണവും, അസ്സമത്വവും വയലാർ രാമവർമയിൽ വിപ്ലവചിന്തകളും, സമത്വ ദർശനവും, മനുഷ്യ സ്നേഹവും, ശാസ്ത്ര ബോധവും, വ്യവസ്ഥിതിയോടുള്ള എതിർപ്പും ആഴത്തിൽ രൂപപ്പെടുത്തി.

    കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്കു നേരെ വയലാറിൽ നടന്ന ചരിത്രപ്രസിദ്ധമായ വെടിവെപ്പ് വയലാർ രാമവർമ്മയെ വല്ലാതെ ഉലച്ചു.

    വയലാർ രാമവർമ്മയെ ഓർക്കുമ്പോൾ കവിതയാണോ ചലച്ചിത്ര ഗാനങ്ങളാണോ ആദ്യം മനസ്സിൽ വരിക എന്നത് അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഇന്നും തർക്കവിഷയമാണ്.

    ആയിഷ, കൊന്തയും പൂണൂലും, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു, അശ്വമേധം, മാനിഷാദ, പശയുള്ള വരമ്പ്, കുചേലൻ കുഞ്ഞൻനായർ തുടങ്ങി അനേകം കവിതകൾ ഓർമ്മയിലെത്തുമ്പോൾ കൂടെ ആയിരക്കണക്കിന് സിനിമാ ഗാനങ്ങൾ സർഗ്ഗ സംഗീതമൊഴുക്കും.

    സർഗ്ഗസംഗീതം എന്ന കവിതാ സമാഹാരം കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയപ്പോൾ അതിൽ ഉണ്ടായിരുന്ന രാവണപുത്രി, ആത്മാവിൽ ഒരുചിത, തീർത്ഥാടനം, സർഗ്ഗസംഗീതം തുടങ്ങിയവ ലോകം ഏറ്റു പാടിയ കവിതകളായി.

    കാവ്യ ചക്രവാളം കീഴടക്കാൻ പിടിച്ചുകെട്ടാനും മാർഗംമുടക്കാനും വെല്ലുവിളിച്ചു കൊണ്ട് അശ്വരഥങ്ങളുമായി അക്ഷരലോകത്ത് വിപ്ലവ ഗാനങ്ങൾ മുഴക്കി വയലാർ കുതിച്ചു പാഞ്ഞു.

    “നോവുമാത്മാവിനെ സ്നേഹിച്ചിടാത്ത” ഏതൊരു തത്വശാസ്ത്രങ്ങളെയും താൻ സ്നേഹിക്കയില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഒപ്പം ശാസ്ത്രത്തിലും, മനുഷ്യശക്തിയിലുള്ള അചഞ്ചലമായ വിശ്വാസം വയലാർ എന്നും ഉയർത്തിപ്പിടിച്ചു.

    ‘കൂടെപ്പിറപ്പ്’ എന്ന ചിത്രത്തിൽ പാട്ടുകൾ എഴുതിയാണ് വയലാർ രാമവർമ്മ മലയാളസിനിമാഗാന ചരിത്രത്തിലേക്ക് കടന്നുവരുന്നത്.

    1962 ൽ ഭാര്യ’ എന്ന ചിത്രത്തിലെ പെരിയാറേ, ഓമനക്കൈയിൽ, പഞ്ചാരപാലുമിഠായി, മനസ്സമ്മതം തന്നാട്ടെ തുടങ്ങി എല്ലാ ഗാനങ്ങളും ഏറെ പ്രശസ്തി നേടി.

    ഈ ചിത്രത്തിന് സംഗീതം നിർവഹിച്ച ജി.ദേവരാജൻ മാഷുമായി വയലാർ ചേർന്നപ്പോൾ മലയാള സിനിമാസംഗീത ചരിത്രത്തിലെ എക്കാലത്തെയും വലിയ സംഗീത സൃഷ്ടികൾ പിറക്കുകയും, ആയിരക്കണക്കിന് പാട്ടുകളിലൂടെ വയലാർ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഗാനരചയിതാവായി മാറുകയും ചെയ്തു.

    വയലാർ ഗാനങ്ങളുടെ പ്രധാന സവിശേഷത അതിന്റെ ആശയ/വിഷയ/ ഭാവനാ വൈവിധ്യം തന്നെയായിരുന്നു.

    വിവിധ വികാര തലങ്ങളുടെ സമ്മേളനവും, കാൽപ്പനിക സൗന്ദര്യവും, വിശ്വമാനവ ദാർശനിക സിദ്ധാന്താധിഷ്ഠിത ആശയ സമ്പുഷ്ടതയും, പ്രണയവും, വിരഹവും, കാമവും, കൗമാരവും, വിശ്വാസവും, മാനുഷിക നൈമിഷികതയും, ഗ്രാമ മനോഹാരിതയും, ചരിത്രം പുരാണം, രാഷ്ട്രീയബോധം, ശാസ്താഭിമുഖ്യം, സമഭാവന, മനുഷ്യന്റെ സർഗ്ഗശേഷിയിലുള്ള അപാരമായ വിശ്വാസം എന്നിവയെല്ലാം വയലാർ ഗാനങ്ങളിൽ നമുക്ക് കണ്ടെത്താം.

    എന്നാൽ ഇതിനെല്ലാത്തിനുമുപരിയായി താൻ ഉയർത്തിപ്പിടിച്ച മാനവ സ്നേഹം വയലാറിന്റെ പാട്ടുകളെ ജീവിതഗന്ധികളാക്കി മാറ്റുകയും, കോടിക്കണക്കിന് ആരാധകരെ സൃഷ്ടിക്കുകയും, മലയാള ഗാനരചനാരംഗത്തെ ചക്രവർത്തിയായി വയലാറിനെ മാറ്റിത്തീർക്കുകയും ചെയ്തു.

    അച്ഛനും ബാപ്പയും എന്ന സിനിമയിലെ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു” എന്ന ഗാനത്തിലൂടെ. ഗാന രചനയ്ക്കുള്ള ദേശീയ അവാർഡ് മലയാളത്തിൽ വയലാർ എത്തിച്ചു. ഭാവഗായകൻ യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും ഈ ഗാനം വഴി നേടാൻ കഴിഞ്ഞു.

    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെയ്ക്കുന്നവെന്ന വയലാറിന്റെ വരികൾ സമകാല സാമൂഹിക രാഷ്ട്രീയ അവസ്ഥയിൽ വളരെ പ്രസക്തമാണ്.

    കാലം വിടർത്തും വസന്ത വനങ്ങളിൽ മതങ്ങളാണ് മാളങ്ങൾ ഉണ്ടാക്കുന്നതെന്നും, നാളെയിലേയ്ക്ക് വിഷവാതകമൂതാൻ ജീവിത പുറ്റുകളിൽ മുട്ടകൾ ഇടുന്നത് പുരോഹിതരാണെന്നും ആ മനുഷ്യ സ്നേഹി പറഞ്ഞത് ഓർക്കുക.

    എനിക്ക് മരണമില്ല എന്ന കവിതയിൽ ഇല്ലെനിക്ക് ഒരിക്കലും മരണമെന്നും, തുറുങ്കുകൾക്കുള്ളിൽ തന്നെ അടക്കാൻ ആവില്ലെന്നും കൊടിയിൽ പ്രയത്നത്തിൻ മുദ്രയും, കണ്ണിൽ പൂത്തുവിടരും സ്വപ്നങ്ങളും, കരളിൽ സംഗീതവുമായി
    സഞ്ചരിക്കുകയാണ് ഞാനേവം സയൻസിന്റെ കഞ്ജുകമണിഞ്ഞുകൊണ്ടീ യുഗങ്ങളിലൂടെ യെന്നും പറഞ്ഞു കൊണ്ടു താൻ ആരാണെന്നും, തന്റെ കാവ്യ ലക്ഷ്യമെന്താണെന്നും വയലാർ വ്യക്തമാക്കുന്നു.

    തന്റെ കാവ്യ കുളമ്പടികൾ കേൾക്കുമ്പോൾ ചക്രവാളങ്ങൾ നടുങ്ങുമെന്നും, നീരവ നീലാകാശ മണ്ഡലങ്ങളിൽ താരകങ്ങളെ കൊണ്ട് നർത്തനം ചെയ്യിപ്പിക്കുമെന്നും പറയുന്ന കവി പ്രപഞ്ചത്തെ പോലും നിയന്ത്രിക്കുന്ന മാറ്റമില്ലാത്ത മാറ്റമെന്ന സത്യത്തെയാണ് ഉദ്ബോധിപ്പിച്ചത്.

    ഒരിക്കൽ നിന്നടുത്ത് ഞാൻ എത്തുമെന്ന് എഴുതിയത് പ്രവചനമാണ്. ഈ പ്രപഞ്ചത്തെ മനുഷ്യൻ ശാസ്ത്രം കൊണ്ട് കീഴടക്കുമെന്ന കവിയുടെ ആത്മവിശ്വാസമാണ്.

    ‘പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ’ എന്ന ഗാനത്തിൽ മത വിശ്വാസങ്ങളെയും യാഥാസ്തിക പ്രവാചകരെയും കവി ചോദ്യം ചെയ്യുകയാണ്.

    പല്ലനയാറിൻ തീരത്തും ബലി കുടിരങ്ങളിലും കവിയുണർത്തിയ വിപ്ലവ ചേതന അനേകർക്ക് പ്രചോദനമായപ്പോൾ മലയാളനാട്ടിൽ മാറ്റത്തിന്റെ “മാറ്റുവിൻ ചട്ടങ്ങളുടെ” മാറ്റൊലിയായി.

    മനുഷ്യഗേഹമായ നിത്യഹരിതയായ ഈ ഭൂമിയെ അളവില്ലാതെ സ്നേഹിക്കുകയും, കാമുക ഹൃദയങ്ങളുള്ള ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി കവി ആഗ്രഹിക്കുകയും ചെയ്തു.

    നമ്മളും നമ്മുടെ മലയാളവും.

    അനശ്വര കവി വയലാറിന്റെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്‌ജലികൾ

    നെല്ലൻ ജോയി

    Latest articles

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു....

    കൂകി പായുന്ന ”കൂ…ഹൂ” നാടകം മാർച്ച് 28 ന് കല്യാണിൽ, 29 ന് വാഷിയിൽ

    ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച "കൂ ഹൂ" എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം...

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...

    നിരന്തര പീഡനം, അദൃശ്യ സമ്മർദം; മുംബൈയിൽ മലയാളി യുവാവിന്റെ മരണത്തിൽ ഉയരുന്നത് ആപ്പ് വായ്പാ ഭീഷണി

    മുംബൈയിൽ ദിവയിൽ താമസിക്കുന്ന മലയാളി യുവാവാണ് നിരന്തര പീഡനത്തിനൊടുവിൽ മാനസിക സമ്മർദ്ദത്തിൽ ജീവനൊടുക്കിയത്. 35 വയസ്സായിരുന്നു. ഇന്ന് രാവിലെ 8.30...
    spot_img

    More like this

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു....

    കൂകി പായുന്ന ”കൂ…ഹൂ” നാടകം മാർച്ച് 28 ന് കല്യാണിൽ, 29 ന് വാഷിയിൽ

    ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച "കൂ ഹൂ" എന്ന അരുൺ ലാലിൻ്റെ നാടകത്തിൻ്റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം...

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...