More
    HomeArticle80 കളിലെ ബോംബെ യാത്ര (Rajan Kinattinkara)

    80 കളിലെ ബോംബെ യാത്ര (Rajan Kinattinkara)

    Published on

    അന്ന് മുംബൈയല്ല ബോംബെയാണ്. നാട്ടിൽ നിന്ന് ജയന്തിജനത എന്ന ഒരൊറ്റ വണ്ടിയേ ബോംബെയിലേക്കുള്ളു. 81 Dn മറാത്തികൾക്ക് പോലും സുപരിചിതമായ ട്രെയിൻ നമ്പർ. ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക എന്നത് 25 കോടിയുടെ ഓണ ബമ്പറിന് തുല്യമാണ്. ട്രെയിനിൽ പാൻട്രി സൗകര്യങ്ങളൊന്നുമില്ല, ഫാൻ പോലും കറങ്ങിയെങ്കിലായി .

    ട്രെയിനിൽ കയറി ബാഗുകൾ യഥാസ്ഥാനത്ത് വച്ച് ചങ്ങല കൊണ്ടു ബന്ധിക്കും, പിന്നെ 3-4 തവണ വലിച്ച് ബലം പരിശോധിക്കും. ബാഗിൽ കീറ തോർത്തും അണ്ടർവെയറും മാത്രമേ ഉള്ളുവെങ്കിലും ചങ്ങലക്കിടൽ ഒരാചാരമാണ് .

    ബാഗിനെ ബന്ധനസ്ഥനാക്കിയാൽ അടുത്ത ചടങ്ങ് പാൻ്റ്സ് ഊരി ബാഗിലുള്ള ലുങ്കി എടുത്ത് ഉടുക്കലാണ്. അന്ന് പാൻ്റ്സ് ഇട്ട് ടോയ്ലറ്റിൽ പോകാനുള്ള വിദ്യ കണ്ടുപിടിച്ചിട്ടില്ലാത്തതിനാലാണ് മുണ്ട് ഉടുക്കൽ മസ്റ്റ് ആയത്. ലുങ്കി ഉടുത്താൽ പിന്നെ മലയാളിയായി, ജയന്തിജനത കൊച്ചു കേരളവുമായി .

    പ്ലാറ്റ് ഫോമിൽ യാത്രയാക്കാൻ 10 -20 പേരെങ്കിലും കാണും. അവരാണ് പെട്ടിയും ബാഗും സീറ്റ് വരെ എത്തിച്ച് തരുക.

    അത് കഴിഞ്ഞുള്ള പ്രധാന ചടങ്ങാണ് ഷൂസ് ഊരി ഒരു കവറിലിട്ട് നാട്ടിലെ അങ്ങാടിയിൽ നിന്ന് വാങ്ങിയ പുത്തൻ സ്ലിപ്പർ ധരിക്കുക എന്നത് . മൊബൈൽ ഇല്ലാത്ത കാലമായതിനാൽ പുറത്തേക്ക് നോക്കി ഇരിക്കുക എന്നതാണ് ഏക വിനോദം. ചിലരൊക്കെ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് അന്നത്തെ പത്രം വാങ്ങി കരുതിയിട്ടുണ്ടാകും സമയം കൊല്ലാൻ. ഇന്നും ചിലർ പത്രം കരുതാറുണ്ട്, പാൻട്രിയിൽ നിന്ന് കിട്ടുന്ന ചിക്കൻ കറിയിലെ എല്ലിൻ കഷണം ഇടാൻ.

    അന്ന് ജയന്തിജനത 3 – 4 സംസ്ഥാനങ്ങളിലെ പ്രകൃതി ഭംഗികൾ യാത്രക്കാർക്ക് പകർന്നു നൽകിയാണ് പ്രയാണം തുടരുക. ആന്ധ്രയിലെ സൂര്യകാന്തി പാടങ്ങളും കർണ്ണാടകയിലെ മുന്തിരി തോപ്പുകളും മഹാരാഷ്ട്രയിലെ മാന്തോപ്പുകളും വഴഞ്ഞു മാറ്റി ജയന്തിജനത ചൂളം വിളിച്ചു കൊണ്ടോടും . തല ഉയർത്തി നിൽക്കുന്ന കരിമ്പനക്കാടുകൾ ചുറ്റി തരിശു ഭൂമികൾ താണ്ടി, 36 മണിക്കൂർ അത് ഏതൊക്കെയോ പാളങ്ങളെ ചവിട്ടിമെതിച്ചു, കൊണ്ട് തൻ്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരും.

    ബോംബൈയിലേക്കുള്ള യാത്രയാണെങ്കിലും തിരിച്ച് നാട്ടിലേക്കുള്ള യാത്രയാണെങ്കിലും ഒരുക്കങ്ങൾ ഒരാഴ്ച മുന്നേ തുടങ്ങും. അമ്മയുടെ മുഖം പെയ്യാൻ വെമ്പി നിൽക്കും. “ഇന്നന്നെ പോണോ നിനക്ക് ?” പെട്ടിയെടുത്ത് പടിയിറങ്ങും വരെ പിന്തുടരുന്ന ചോദ്യം.

    പ്ലാറ്റ് ഫോമിൽ യാത്രയാക്കാൻ 10 -20 പേരെങ്കിലും കാണും. അവരാണ് പെട്ടിയും ബാഗും സീറ്റ് വരെ എത്തിച്ച് തരുക. വണ്ടി സ്റ്റേഷൻ വിടുമ്പോൾ സ്ലീപ്പർ കോച്ചിൻ്റെ ജനാലയിലൂടെ പ്ലാറ്റ്‌ഫോം കഴിയും വരെ കൈവീശി യാത്ര പറഞ്ഞ കാലത്തിനോളം ഒരു ബന്ധങ്ങളും ഒരു സൗഹൃദങ്ങളും ഇവിടെ പിറന്നിട്ടില്ല, ഇനി പിറക്കുകയുമില്ല.

    കണ്ണുകൾ പ്ലാറ്റ്‌ഫോമിൽ പരതുകയാണ്, ഒരു പരിചിത മുഖമെങ്കിലും കണ്ടെങ്കിലെന്നാശിച്ച്, സ്നേഹ ബന്ധങ്ങളുടെ പഴയ അകച്ചൂട് മറക്കാത്ത കൈകൾ കൊണ്ട് “പോയി വരട്ടെ” എന്നൊന്ന് യാത്ര പറയാൻ

    ബോംബെയിലെത്തിയാൽ പ്ലാറ്റ്‌ഫോമിൽ സ്വീകരിക്കാനും കാണും ചുരുങ്ങിയത് 10 പേരെങ്കിലും. ബോംബെയിലെത്തിയാൽ വേഷം മാറ്റും മുന്നെ ചെയ്യുന്ന പണി നാട്ടിൽ നിന്ന് വാങ്ങി പെട്ടിയിൽ ഭദ്രമായി വച്ച ഇൻലൻ്റിൽ വീട്ടിലേക്ക് എത്തിയവിവരം അറിയിക്കലാണ്. സുഖമായി എത്തി, ഇവിടെ എല്ലാവർക്കും സുഖം, അവിടേയും അങ്ങിനെ തന്നെ എന്ന് വിശ്വസിക്കുന്നു എന്ന ഇൻലൻ്റിന് സുപരിചിതമായ കാലത്തിൻ്റെ അതിരുകളോളം എഴുതി മറഞ്ഞ ആദ്യാക്ഷരങ്ങൾ.

    അത് എഴുതി വഴിവക്കിൽ വായും തുറന്നിരിക്കുന്ന സ്നേഹത്തിൻ്റെ, കരുതലിൻ്റെ ചുവന്ന പെട്ടിയിൽ നിക്ഷേപിച്ച് കഴിഞ്ഞാൽ പിന്നെ കുളി. വണ്ടിയിലെ ചങ്ങലക്കിടുന്ന പെട്ടി പോലെ കത്ത് വീണില്ലേ എന്ന് ഉറപ്പാക്കാൻ പെട്ടി പിടിച്ച് നാല് പ്രാവശ്യം കുലുക്കും. എന്നിട്ടും തൃപ്തി വരാതെ കൈ അകത്തേക്കിട്ട് നോക്കും. അത് കഴിഞ്ഞ് വന്നാൽ പിന്നെ നാട്ടിൽ നിന്ന് ആളുകൾ അവരുടെ സ്വന്തക്കാർക്ക് കൊടുത്തയച്ച സാധനങ്ങൾ അവരുടെ വീടുകളിൽ എത്തിക്കലാണ്. വേണമെങ്കിൽ ഇവിടെ വന്ന് വാങ്ങി കൊണ്ടോയിക്കോട്ടെ എന്ന് മനസ്സിൽ പോലും കരുതാൻ കാലം ശീലിച്ചിട്ടില്ലായിരുന്നു.

    1980 കളിൽ നിന്ന് കാലം 2000 ത്തിൻ്റെ ആദ്യ പാദത്തിൽ എത്തി നിൽക്കുമ്പോൾ നമുക്ക് വണ്ടികൾ പലതുണ്ട് നാട്ടിലേക്കും തിരിച്ച് മുംബൈയിലേക്കും . 36 മണിക്കൂർ യാത്ര 20 ഉം 24 ഉം ആയി ചുരുങ്ങിയിരിക്കുന്നു. ടിക്കറ്റുകൾ വിരൽതുമ്പിൽ ലഭ്യമാണ്. ഭക്ഷണം വണ്ടികൾക്കുള്ളിൽ ലഭ്യമാണ്. എങ്കിലും കണ്ണുകൾ പ്ലാറ്റ്‌ഫോമിൽ പരതുകയാണ്, ഒരു പരിചിത മുഖമെങ്കിലും കണ്ടെങ്കിലെന്നാശിച്ച്, ഒന്നിനുമല്ല, സ്നേഹ ബന്ധങ്ങളുടെ പഴയ അകച്ചൂട് മറക്കാത്ത കൈകൾ കൊണ്ട് “പോയി വരട്ടെ” എന്നൊന്ന് യാത്ര പറയാൻ . പ്ലാറ്റ് ഫോമിൽ വീണ് ചിതറിയ അനാഥമായ ഒരശ്രുകണത്തിന് അന്തിക്കൂട്ടാവാൻ.

    • രാജൻ കിണറ്റിങ്കര

    Latest articles

    ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ

    തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ...

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...
    spot_img

    More like this

    ഡോ. അനുപമ ജനാർദ്ദനന് തമിഴ്‌നാട് സ്റ്റേറ്റ് ഒഫ്താൽമിക് അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ

    തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ...

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...