മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് 28 മുനിസിപ്പൽ കോർപ്പറേഷനുകളിലുമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് 50 ശതമാനത്തിന് താഴെ. കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും വോട്ടർമാരുടെ ആവേശം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതായാണ് വിലയിരുത്തൽ. വോട്ടെണ്ണൽ രാവിലെ ആരംഭിക്കും. അതെ സമയം മാർക്കർ പേന ഉപയോഗിച്ച മഷി ഉടൻ മായ്ക്കാനാകില്ലെന്ന് പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 46 മുതൽ 50 ശതമാനം രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ദിനേശ് വാഗ്മാരെ പറഞ്ഞു.
കൃത്യമായ കണക്കുകൾ പിന്നീട് പുറത്തുവിടുമെന്നും അറിയിച്ചു
വോട്ടെണ്ണൽ രാവിലെ 10 മണിക്ക് ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതിപക്ഷ ആരോപണങ്ങൾക്കിടെ, വോട്ടർമാരുടെ ചൂണ്ടുവിരലുകളിൽ പുരട്ടിയത് മാർക്കർ പേന ഉപയോഗിച്ച മായ്ക്കാൻ കഴിയാത്ത മഷിയാണെന്നും, ഉടൻ മായ്ക്കാൻ സാധിക്കില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
2017-ലെ തിരഞ്ഞെടുപ്പിൽ മുംബൈയിൽ 55.53 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ വീണ്ടും കുറഞ്ഞു.
74,400 കോടി രൂപയ്ക്ക് മേൽ വാർഷിക ബജറ്റുള്ള ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നാല് വർഷം വൈകി 9 വർഷത്തിന് ശേഷമാണ് നടന്നത്. 227 സീറ്റുകളിലേക്ക് 1,700 സ്ഥാനാർഥികൾ മത്സരിച്ചു. ബിജെപി–ഷിന്ദേ സഖ്യവും താക്കറെ സഹോദരങ്ങളും തമ്മിലുള്ള കടുത്ത പോരാട്ടം ശ്രദ്ധ നേടിയെങ്കിലും, അത് പോളിങിൽ പ്രതിഫലിച്ചില്ലെന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
