മുംബൈ: 2023-ൽ ഉർവശിക്കൊപ്പം മികച്ച നടിയായി പുരസ്കൃതയായ ബീന ആർ ചന്ദ്രൻ അഭിനയിക്കുന്ന ഒറ്റഞാവൽമരമെന്ന ഏകപാത്ര നാടകം നാളെ വൈകിട്ട് 6:59 ന് അരങ്ങേറും.
ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയ്ക്കും പുറത്തും നിരവധി അവതരണങ്ങൾ നടത്തി പ്രശസ്തമായ ഏകപാത്ര നാടകം നവി മുംബൈയിലെ നെരൂൾ സമാജത്തിലെ മൂന്നാം നിലയിലെ ഹാളിലാണ് അരങ്ങേറുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടി ബീന ആർ. ചന്ദ്രൻ ഇതാദ്യമായാണ് മുംബൈയിൽ നാടകവുമായി എത്തുന്നത്.
മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ച ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ വേഷത്തിനായിരുന്നു പുരസ്കാരം.
നാടകവേദികളിൽ സജീവമായ ബീന ആർ. ചന്ദ്രൻ, മാധവിക്കുട്ടിയുടെ കഥ ‘വേനലിന്റെ ഒഴിവ്’ അടിസ്ഥാനമാക്കി ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകമാക്കി അവതരിപ്പിച്ചത്
ആഗോളശ്രദ്ധ നേടി.
ബീന ആർ. ചന്ദ്രൻ വേദിയിലെത്തുന്ന ഈ നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്.
കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുൻപിലെത്തുന്നത്.
വിവിധ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ആർ. ചന്ദ്രൻ, കലാപാഠശാലയുടെ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അധ്യാപികയായ ബീന ആർ. ചന്ദ്രൻ പട്ടാമ്പി പരുതൂർ സ്വദേശിനിയാണ്.
നാടകാവതരണത്തിനെ തുടർന്ന് നടിയുമായി മുഖാമുഖവും അരങ്ങേറും.
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങിയ പാട്ടുകളുടെ രചയിതാവും നാടക പ്രവർത്തകനുമായ കെ വി വിജേഷിന് ഇപ്റ്റ കേരള മുംബൈ ഘടകം ശ്രദ്ധാഞ്ജലിയും അർപ്പിക്കും.
Venue : NBKS Complex, Nerul. Date 21 Feb 2026 Time : 6.59 p.m.
