നവി മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ ആഭിമുഖ്യത്തിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രനെ അനുസ്മരിച്ച് “സുമാഞ്ജലി” എന്ന പരിപാടി 2026 മെയ് 31-ന് ഞായറാഴ്ച വൈകിട്ട് നെരൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ എൻജിനിയേഴ്സ് ഇന്ത്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
സുമയുടെ ബാല്യം മുതൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് സുമയ്ക്ക് സമർപ്പിച്ച അനുസ്മരണാഞ്ജലിയും അരങ്ങേറി.
സുമയുടെ പ്രധാന പ്രവർത്തന മേഖലയായ അക്ഷരശ്ലോക രംഗത്തെ പ്രമുഖരായ ഡോ. സുരേന്ദ്രൻ, ഷീല എസ്. മേനോൻ, അജിത എന്നിവർ ശ്ലോകാർപ്പണം നടത്തി. സുമയുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുടെ സമഗ്ര ചിത്രം അവതരിപ്പിച്ച് അനിൽ പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് കുടുംബസുഹൃത്തും മുതിർന്ന സാംസ്കാരിക പ്രവർത്തകയുമായ രുഗ്മണി സാഗർ ചർച്ചയ്ക്ക് തുടക്കമിട്ടു.
അനുസ്മരണ സമ്മേളനത്തിൽ നിഷ ഗിൽബർട്ട്, ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ, ജി. വിശ്വനാഥൻ, കണക്കൂർ ആർ. സുരേഷ് കുമാർ, എം.ജി. അരുൺ, ജയപ്രകാശ് പി.ഡി., വിനയൻ കളത്തൂർ, റീന സന്തോഷ്, സണ്ണി മാത്യു, പി.ആർ. സഞ്ജയ്, സുമേഷ് പി.എസ്., ശ്രീകുമാർ മാവേലിക്കര, സജീവൻ, നിഷ പ്രകാശ്, സുരേഷ് തുളസി, അജിത്ത് ശങ്കരൻ, കെ.കെ. മോഹൻദാസ്, പ്രകാശ് കാട്ടാക്കട, രമണിയമ്മ, ഷൈജ ബിജു, ഷാബു ഭാർഗവൻ തുടങ്ങിയവർ സംസാരിച്ചു.
സുമ ഇടപെട്ട ഓരോ മേഖലകളിലും അവർ കാഴ്ചവെച്ച ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നേരനുഭവങ്ങളാണ് പ്രഭാഷകർ പങ്കുവെച്ചത്. അവരുടെ സൗഹൃദവും നേതൃത്വവും സമൂഹത്തിന് നൽകിയ പ്രചോദനവുമാണ് പലരും അനുസ്മരിച്ചത്.
കെ.ജി. രാജൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, ജീവൻ രാജ്, സന്ദീപ് വർമ്മ, മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, തുളസി മണിയാർ, ലിനോദ് വർഗീസ് എന്നിവരടക്കം കലാ-സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിരവധി പ്രവർത്തകരും സുമയുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിപാടിയിൽ പങ്കെടുത്തു.
സംഗീത രാജീവും ശ്യാംലാലും ശ്ലോകാഞ്ജലി അർപ്പിച്ചു. സുമയുടെ സ്മരണ നിലനിർത്തുന്ന സമൂഹോപകാരപ്രദമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും, മുംബൈയിലെ കുട്ടികൾക്ക് ഓൺലൈൻ അക്ഷരശ്ലോക പഠനസൗകര്യം ഒരുക്കണമെന്നുമുള്ള നിർദേശങ്ങൾ പങ്കെടുത്തവരിൽ നിന്ന് ഉയർന്നു.
സംഘം സെക്രട്ടറി ജയ നാരായണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മിനി അനിൽപ്രകാശ് സുമസ്മരണ നടത്തി. ട്രഷറർ ബാബു പി.എം. നന്ദി രേഖപ്പെടുത്തി. രമ എസ്. നാഥ് (മലയാളോത്സവം കൺവീനർ) ചടങ്ങുകൾ നിയന്ത്രിച്ചു.
സുമയുടെ പ്രസന്നമായ ഓർമ്മകളും സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക പ്രവർത്തനങ്ങളുടെ ഊർജവും സമൂഹമനസ്സുകളിൽ എന്നും നിലനിൽക്കുമെന്ന വികാരഭരിതമായ ഓർമ്മപ്പെടുത്തലായി ‘സുമാഞ്ജലി’ മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 30 SATURDAY 4.30 P.M. | KAIRALI NEWS
