മുംബൈ പൾസ് – 1; ആഘോഷങ്ങളുടെ നഗരം

ജ്യോതിർമയി ശങ്കരൻ അറിയപ്പെടുന്ന ഓൺലൈൻ എഴുത്തുകാരിയും കോളമിസ്റ്റുമാണ്. ആനുകാലികങ്ങളിലും ലേഖനങ്ങളും കവിതകളും എഴുതിവരുന്നു. ഛന്ദോ‍ബദ്ധമായ കവിതകളും പുതുകവിതകളും ഇഷ്ടപ്പെടുന്ന എഴുത്തുകാരി മുംബൈയിലെ ടാബ്ലോയിഡ് പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പക്തിയാണ് മുംബൈ പൾസ്.

0

പുറത്തെ റോഡിൽ നിന്നും കൊട്ടും വാദ്യവും പടക്കവും കേൾക്കുന്നുണ്ട്.  പ്രതിഷ്ഠയ്ക്കായി ഗണപതി വിഗ്രഹം ആദരപൂർവ്വം കൊണ്ടു വരികയാണെന്നു മനസ്സിലായി. വിനായക ചതുർത്ഥി ഇങ്ങെത്താറായല്ലോ? വർഷപ്പിറപ്പിന്റെ സന്തോഷമോ കർക്കിടകത്തെ പിന്തള്ളിയതിന്റെ സന്തോഷമോ അധികമെന്നു പറയാനാവില്ല. ഇനി നമുക്കു ശുഭാപ്തി വിശ്വാസങ്ങൾക്കു വീണ്ടും തുടക്കം കുറിയ്ക്കാം. പക്ഷേ ഇത്ര വേഗം ഒരു വർഷം കടന്ന് പോയെന്നു തോന്നിയതേയില്ല. വിനായകചതുർത്ഥി ഈയിടെ കഴിഞ്ഞതേയുള്ളൂവെന്ന തോന്നൽ. ഇതോടെ മഹാരാഷ്ട്രയിൽ ആഘോഷങ്ങൾക്കു നാന്ദി കുറിയ്ക്കുകയായി. വിനായക ചതുർത്ഥിയും ജന്മാഷ്ടമിയും… നഗരത്തെ ഏറ്റവുമധികം ഇളക്കി മറിയ്ക്കുന്ന രണ്ടു ആഘോഷങ്ങളാണിവ രണ്ടും. കുറച്ച് കാലമെങ്കിലും ഈ നഗരത്തിൽ താമസിച്ചവർക്കു മറക്കാനാകാത്ത സമയമാണിത്. ഭക്തിയും യുവത്വത്തിന്റെ പ്രസരിപ്പും ഒന്നിച്ചു ചേർന്ന് നഗരത്തെ വർണ്ണാഭമാക്കുന്ന നാളുകൾ മുംബൈറ്റിയുടെ മനസ്സിലും പുതുപ്രതീക്ഷകളുയർത്തുന്നു.

ആലോചിച്ചു നോക്കിയിട്ടുണ്ടോ ഇവിടെ ഈ വിധ ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലത്തെ അവസ്ഥ ? ഇവിടത്തെ ജീവിതം വളരെയേറെ തിരക്കാർന്നതും ജനങ്ങൾ ഉയരങ്ങളിലേയ്ക്കു മാത്രം കണ്ണും നട്ടിരിയ്ക്കുന്നവരുമാണ്. സാധാരണ ദിവസങ്ങളുടെ തിരക്കിന്നിടയിൽ ജീവിയ്ക്കാൻ പോലും മറക്കുന്ന അവസ്ഥയിലാണവരെന്നും പറയാം. ആ ജീവിതത്തിലേയ്ക്കൊരിത്തിരി സന്തോഷം കടന്നെത്തുന്ന ദിവസങ്ങളാണ് ഗണപതി ഫെസ്റ്റിവൽ, ജന്മാഷ്ടമി എന്നിവ. ഭക്തിയുടെ പരിവേഷത്തോടൊപ്പം സാധാരണ ജീവിതത്തിലും അൽ‌പ്പം ലാഘവത്വം കടന്നു വരുന്നതിനാൽ മുംബൈറ്റി ശരിയ്ക്കും ഉത്സാഹവാനായിത്തീരുന്നു.

നിങ്ങളുടെ ഏരിയയിലെ മിത്രമണ്ഡലങ്ങളെ ശ്രദ്ധിച്ചു നോക്കാറുണ്ടോ? കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ അവയിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? വർഷങ്ങൾക്കു മുൻപു അതിലുണ്ടായിരുന്ന ഏറ്റവുംപ്രായം കുറഞ്ഞ അംഗമായിരിയ്ക്കാം ഇന്നു ടീം ലീഡർ. മുതിർന്നവർ ജോലിയായും മറ്റു ജീവിതപ്രാരാബ്ധങ്ങളാലും  വിട്ടുപോകുമ്പോൾ സ്വാഭാവികമായും താഴെയുള്ളവർ ആ ഉത്തരവാദിത്വം ഭക്തിപുരസ്സരം ഏറ്റുവാങ്ങുന്നു. ഇത്തരം പ്രവൃത്തികൾ പിൽക്കാലത്ത് സാമൂഹിക ജീവിതത്തിൽ അവർക്കെത്രമാത്രം ഗുണപ്രദമായി തീരുമെന്നറിയാമോ ?. കൂട്ടായ്മയുടെ വിജയത്തിന്നായി നിസ്വാർത്ഥമായി പരിശ്രമിയ്ക്കാനുള്ള വ്യഗ്രത ഇതിലൂടെ അവരിൽ ഉണരുകയാണു ചെയ്യുന്നത്. ഒരു പക്ഷേ ഇത്തരം സംരംഭങ്ങളിൽ മുഴുകിയിട്ടുള്ളവർക്ക് അറിയാവുന്നതായിരിയ്ക്കും. ഇത്തരം ഓരോ ആഘോഷത്തിന്റെയും  വിജയത്തിന്റെ പിന്നിലെ അർപ്പണബോധത്തിന്റെ കഥകൾ.  എന്തായാലും മഴ കൊണ്ടു നനഞ്ഞും അസുഖങ്ങളുടെ ആക്രമണത്തിൽ പരാതി പറയുകയും ചെയ്യുന്ന  നഗരവാസികൾക്ക് ഇനിയൊന്നാഹ്ലാദിയ്ക്കാം, എല്ലാ ദുരിതങ്ങളും നീക്കാൻ പ്രിയപ്പെട്ട ദേവനായ വിഘ്നരാജനിങ്ങെത്തിയെന്നോർത്ത്. ഗണപതി ബപ്പാ മോര്യാ……മംഗൾ മൂർത്തി മോര്യാ…..അന്തരീക്ഷത്തിൽ ഗോവിന്ദ ആലാ..രേ…അലയടിച്ചുയരുകകൂടിയാകുമ്പോൾ ഹരം കൂടും. ചന്നം പിന്നം പെയ്യുന്ന മഴയിൽ എത്തുന്ന ഗോപാലന്മാർ ശരിയ്ക്കും മുംബൈയുടെ ഓരോ മുക്കിനേയും മൂലയേയും ഇളക്കി മറിയ്ക്കും. നിറങ്ങളുടെ പ്രപഞ്ചം തീർക്കും.

ഇന്ത്യയുടെ സ്വന്തം എൽവിസ് പ്രിസ് ലി

ബോളിവൂഡിലെ പ്രതിഭയും ഒരു കാലത്ത് ഹിന്ദി സിനിമാപ്രേമികളുടെ ഹരവുമായിരുന്നു ഷമ്മി കപൂർ. ഒരു പക്ഷേ ഹിന്ദി സിനിമാരംഗത്തു വൈവിദ്ധ്യമാർന്ന പ്രത്യേകതകൾ വരുത്തിക്കൊണ്ട് സാധാരണക്കാരനെ ഹഠാദാകർഷിയ്ക്കാൻ ഷമ്മി കപൂർ സിനിമകൾ ഒരു കാരണമായില്ലെന്നും പറയാനാവില്ല. ഇന്ത്യുയുടെ സ്വന്തം എൽവിസ് പ്രിസ് ലി  എന്നറിയപ്പെട്ടിരുന്ന ഷമ്മി കപൂർ തന്റെ പ്രത്യേകതയാർന്ന താളച്ചുവടുകളാൽ പാട്ടുകൾക്കൊത്തു അഭിനയിച്ചപ്പോൾ ഇന്ത്യൻ സിനിമാരംഗത്തു ഒരു പുതിയ യുഗം കുറിയ്ക്കപ്പെടുകയായിരുന്നു.

ഷംഷേർ രാജ് എന്ന ഈ നടൻ നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകളിൽ തിളങ്ങിയിട്ടുണ്ട്. ഇദ്ദെഹത്തിന്റെ  പ്രസിദ്ധമായ ‘യാഹൂ‘ എന്ന ഗാനം തന്റെ യാഹൂ.കോം എന്ന  വെബ് സൈറ്റിനു ഒരു പ്രചോദനമായിരുന്നെന്ന കാര്യം അതിന്റെ സ്ഥാപകനായ ജെറി യങ്ങ്  തന്നെ അംഗീകരിച്ചതാണ്. മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് ഉപയോക്താവ് എന്ന അപൂർവ്വ ബഹുമതിയും ഷമ്മി കപൂറിന്റേതായിരുന്നു. അങ്ങിനെ നോക്കുമ്പോൾ ഒരു നടൻ എന്ന നിലയിൽ നാം അദ്ദേഹത്തിനു കൊടുത്ത അംഗീകാരം പോലെ തന്നെ ഇന്ത്യൻ ഇന്റർനെറ്റ് ഗുരു എന്ന നിലയിലും നമുക്കദ്ദേഹത്തെ വരും കാലങ്ങളിലും അനുസ്മരിയ്ക്കാം. ടെക്നോളജിയെ തുടക്കത്തിൽ തന്നെ സ്വായത്തമാക്കാനും  ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ ഉപയോക്താവും  വെബ്സൈറ്റ് ഓണറും ആയി മാറാനും കഴിഞ്ഞ ഈ മുംബൈ നിവാസി നമ്മെയും അഭിമാനഭരിതരാക്കുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here