More
    HomeArticleശ്രീമാനെ മറക്കാതിരിക്കാന്‍

    ശ്രീമാനെ മറക്കാതിരിക്കാന്‍

    Published on

    • പി.ആര്‍. കൃഷ്ണന്‍ :::::

    കെ. ശ്രീധരന്‍ എന്ന പേരില്‍ കഥകളും കവിതകളും എഴുതി തുടക്കം കുറിച്ച്, ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ തലയെടുപ്പുള്ള എഴുത്തുകാരനായും പത്രാധിപരായും ഉയരാന്‍ കഴിഞ്ഞ വ്യക്തിയാണ് മുംബൈക്കാരുടെ പ്രിയങ്കരനായ ശ്രീമാന്‍. ദീര്‍ഘകാലം ദേശാഭിമാനി ദിനപത്രത്തിന്റെ ബോംബെ ലേഖകന്‍ ആയിരുന്ന ശ്രീമാന്‍ ഈ നഗരത്തില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘അക്ഷരകേരളം’ വാരികയുടെ സ്ഥാപകനും എഡിറ്ററുമായിരുന്നു.

    കേവലം എഴുത്തു മാത്രമായിരുന്നില്ല ശ്രീമാന്റെ പ്രവര്‍ത്തനരംഗം. അമ്പതുകളുടെ ആദ്യപകുതി മുതല്‍ മരണമടഞ്ഞ 2016 ഏപ്രില്‍ 18 വരെ മുംബൈ മലയാളികളുടെ പൊതുവായ കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ, വിദ്യാഭ്യാസ, സംഘടനാ പ്രവര്‍ത്തനങ്ങളിലും ഇടതുപക്ഷ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലും നിറസാന്നിദ്ധ്യമായിരുന്നു ശ്രീമാന്‍ എന്ന കെ.എസ്. മേനോന്‍.

    കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് പഞ്ചായത്തില്‍പ്പെട്ട പെരുവനം ദേശത്തുനിന്ന് നിത്യവൃത്തിക്കുള്ള മാര്‍ഗങ്ങളന്വേഷിച്ച് 1953-ലാണ് അദ്ദേഹം മുംബൈയിലെത്തുന്നത്. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും ടൈപ്പിംഗും ഷോര്‍ട്ട്ഹാന്‍ഡും എന്ന അക്കാലത്തെ വിദഗ്ദ്ധ യോഗ്യതകളുമായിരുന്നു ബോംബെയിലേക്കുള്ള കരിവണ്ടി കയറുമ്പോള്‍ ശ്രീമാന്റെ കൈമുതല്‍. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നാട്ടിലെ വായനശാലാ പ്രസ്ഥാനവും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള അറിവും ആവേശവും യുവാവായ ശ്രീധരനെ അതിവേഗം മുംബൈയിലെ മലയാളി സമാജങ്ങളുമായി അടുപ്പിച്ചു. ഇടതുപക്ഷ ചിന്താഗതിക്കാരും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു അക്കാലത്തെ മലയാളി സംഘടനാ പ്രവര്‍ത്തകരില്‍ അധികവുമെന്നതായിരുന്നു പ്രത്യേകത. പിന്നെ വൈകിയില്ല. മലയാളിരംഗത്തെ മിടുക്കനായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി ശ്രീമാന്‍ മാറുന്ന കാഴ്ചയാണ് നഗരവാസികള്‍ കണ്ടത്. മാട്ടുംഗയിലെ മോഹന്‍ മാന്‍ഷനിലും തൃശൂര്‍ മെസ്സിലും കാമ ലൈബ്രറിയിലും തൊട്ടടുത്ത ലേബര്‍ ക്യാമ്പ് മലയാളി നിവാസികള്‍ക്കിടയിലും കോളിവാഡ പ്രദേശത്തെ മലയാളികള്‍ക്കിടയിലും ആയിട്ടായിരുന്നു പ്രവര്‍ത്തനത്തിന്റെ തുടക്കം. ഇത്തരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി മാട്ടുംഗ മലയാളി സമാജത്തിന്റെ സെക്രട്ടറിയായി ശ്രീമാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതായിരുന്നു സംഘടനാരംഗത്ത് അദ്ദേഹത്തിനു ലഭിച്ച ആദ്യപദവിയെന്നാണ് എന്റെ ഓര്‍മ.

    മുംബൈ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ ഒരു കാലഘട്ടമായിരുന്നു 1950-കളും 60-കളും. ദീര്‍ഘകാലം മാട്ടുംഗയിലെ ബോംബെ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് ആയിരുന്ന എ.പി. നാരായണന്‍, ലാല്‍ബാഗ് മലയാളി സമാജം പ്രസിഡന്റ് ആയിരുന്ന എം. പരമു, ഗിര്‍ഗാമിലെ ഗോപാല്‍ജി എന്ന എം.വി. ഗോപാലന്‍, അംബര്‍നാഥ് ബാലന്‍, വി.ജി. പത്മനാഭന്‍, ടി.ആര്‍. ബോലന്‍, ഇ.എസ്. ഗംഗാധരന്‍, ആര്‍.എസ്. നാമന്‍, എ.കെ. നായര്‍ എന്നിവരൊക്കെ ആയിരുന്നു അക്കാല നഗരത്തിലെ മലയാളിപ്രവര്‍ത്തകരില്‍ പ്രമുഖര്‍. അവരെല്ലാംതന്നെ കമ്മ്യൂണിസ്റ്റുകാരുമായിരുന്നു. ഈ സഖാക്കളെല്ലാമായി അഭേദ്യമായ ബന്ധമാണ് അക്കാലത്ത് മില്‍ തൊഴിലാളിയും ബോംബെ കേരളീയ തൊഴിലാളി സേവാസംഘത്തിന്റെ സെക്രട്ടറിയുമായിരുന്ന ഈ ലേഖകനും ശ്രീമാനും ഉണ്ടായിരുന്നത്.

    ശ്രീമാനടക്കമുള്ള അക്കാലത്തെ മലയാളി പ്രവര്‍ത്തകരുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 1960-ല്‍ ബോംബെയില്‍ കേരളീയ കേന്ദ്രസംഘടനയും (കെ.കെ.എസ്) കേരള പീപ്പിള്‍സ് എജ്യൂക്കേഷന്‍ സൊസൈറ്റിയും (കെ.പി.ഇ.എസ്) ചെമ്പൂരിലെ ആദര്‍ശ വിദ്യാലയവും രൂപീകൃതമാകുന്നത്. ഈ സംഘടനയുടെ രൂപീകരണത്തിലും ആദര്‍ശ വിദ്യാലയമെന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവിയിലും വലിയ പങ്കാണ് ശ്രീമാന്‍ വഹിച്ചിട്ടുള്ളത്. കേരളീയ കേന്ദ്രസംഘടനയുടെയും ആദര്‍ശ വിദ്യാലയത്തിന്റെ അസ്തിവാരമായ കെ.പി.ഇ.എസ്സിന്റെയും സെക്രട്ടറിയായും പ്രസിഡന്റായും ദീര്‍ഘകാലം ശ്രീമാന്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

    ഇത്തരത്തിലുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഭാഷയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രസിഡന്‍സികളെ പുനഃസംഘടിപ്പിക്കുന്നതിനു വേണ്ടി നടന്ന പ്രക്ഷോഭണങ്ങളിലും അതിന്റെ ഭാഗമായി ഐക്യകേരളത്തിനും സംയുക്ത മഹാരാഷ്ട്രയ്ക്കു വേണ്ടിയും നടന്ന സമരങ്ങളിലും സജീവമായിരുന്നു ശ്രീമാന്‍. അതുപോലെ പോര്‍ച്ചുഗലിന്റെ അധീനതയില്‍നിന്ന് ഗോവയെ മോചിപ്പിക്കുവാന്‍ വേണ്ടി നടന്ന സമരത്തിലും ഫ്രഞ്ച് സാമ്രാജ്യത്വത്തില്‍നിന്ന് പോണ്ടിച്ചേരിയെയും മാഹിയെയും മോചിപ്പിക്കുവാന്‍ വേണ്ടി നടന്ന സമരങ്ങളിലും 1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയ്‌ക്കെതിരെ നടന്ന സമരങ്ങളിലും ശ്രീമാന്‍ മുന്‍നിരയില്‍തന്നെ ഉണ്ടായിരുന്നുവെന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

    ഇത്തരത്തില്‍ വിവിധ പ്രശ്‌നങ്ങളുമായി മുംബൈയില്‍ നടന്നിട്ടുള്ള സമരങ്ങളില്‍ ശ്രീമാന്റെ പങ്കാളിത്തത്തെക്കുറിച്ച്, കേരളീയ കേന്ദ്രസംഘടന ശ്രീമാന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള ‘ശ്രീമാനവീയം’ എന്ന സ്മരണികയില്‍ ‘വീരഗാഥയിലെ രാജവീഥിയില്‍ ശ്രീമാന്‍’ എന്ന ശീര്‍ഷകത്തില്‍ ഈ ലേഖകന്റേതായുള്ള ലേഖനത്തില്‍ അദ്ദേഹത്തിന്റെ വിവിധ രംഗങ്ങളിലെ സംഭാവനകളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇതിനും പുറമെ ‘ശ്രീമാന്‍ ഒരു പാഠപുസ്തകം’ എന്ന ശീര്‍ഷകത്തില്‍ ഞാന്‍ എഴുതിയ മറ്റൊരു ലേഖനം തൃശൂരിലെ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള ‘ദൈവങ്ങള്‍ എന്താ രക്ഷിക്കാനെത്താത്തത്’ എന്ന എന്റെ പുസ്തകത്തില്‍ ഒരു അദ്ധ്യായമായും ഉണ്ട്.

    കാലത്തിന്റെ കാതിലേക്ക്, കാവവ്യഭാരതം, സര്‍ഗദര്‍ശനം എന്നിവയാണ് ശ്രീമാന്റെ കവിതാസമാഹാരങ്ങള്‍. നഗരായനം, നഗരവനസാഗരം, നഗരമേ നന്ദി എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ഇതിഹാസസമാനമായ ആത്മകഥകളാണെങ്കിലും മുംബൈയുടെ ഭൂമിശാസ്ത്രവും ചരിത്രവും ഈ നഗരത്തിലെ മലയാളികളുടെ കലാ, സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ചരിത്രരേഖകളും കൂടിയാണ്. ചരിത്രം വിളിച്ചോതുന്ന ആ പുസ്തകത്താളുകളില്‍ വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഇടപഴകുവാന്‍ കഴിഞ്ഞ ഒട്ടധികം സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നേതാക്കളുടെയും പേരുകളും ഉണ്ട്. അക്കൂട്ടത്തില്‍ പല ഭാഗങ്ങളിലായി ഈ ലേഖകന്റെ പേരും പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നു കൂടി പറയട്ടെ.

    ഇത്തരത്തില്‍ ബഹുമുഖ പ്രതിഭയായിരുന്ന ശ്രീമാന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനു വേണ്ടി ‘ശ്രീമാന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍’ എന്ന ഒരു സ്ഥാപനം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചെമ്പൂരില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഈ ലേഖകനാണ് ലഭിച്ചിട്ടുള്ളത്. മുംബൈവാസിയും സാഹിത്യകാരനുമായ കെ. രാജന്‍ എഴുതിയ ‘Resolute on the Path of Struggles: P R Krishnan’s Life in Maharashtra’ എന്ന പുസ്തകത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നു കൂടി സ്മരിക്കുവാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മംഗല്യ സദസ് 2026: ഡോംബിവലിയിൽ നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്നു

    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA)യുടെ ആഭിമുഖ്യത്തിൽ “മംഗല്യ സദസ്” 2026 ജൂൺ 21-ാം തീയതി (ഞായർ) രാവിലെ...

    കാലം തിരുത്തിയ വരികൾ — ‘കണ്ണട’യുടെ സിൽവർ ജൂബിലി

    25 വർഷങ്ങൾ പിന്നിട്ടും മലയാളി മനസുകളിൽ ഇന്നും താളമിടുന്ന കവിതയാണ് ‘കണ്ണട’. പ്രശസ്ത പ്രഭാഷകനും കവിയുമായ മുരുകൻ കാട്ടാക്കടയുടെ...

    വേൾഡ് മലയാളി ഫെഡറേഷൻ എം.പി.എൽ സീസൺ 1; ഡോംബിവിലി കേരളീയ സമാജം ചാമ്പ്യന്മാർ; നവകേരള ബ്ലാസ്റ്റേഴ്സ് റണ്ണറപ്പ്

    വേൾഡ് മലയാളി ഫെഡറേഷൻ (മഹാരാഷ്ട്ര) സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് സീസൺ 1 ആവേശകരമായ ഫൈനലോടെ പരിസമാപ്തിയായി. കരുത്തും ഏകോപനവും...

    മുംബൈ നാടകവേദിക്ക് നഷ്ടം: നടൻ രാമകൃഷ്ണ കൈമൾ വിട പറഞ്ഞു

    മുംബൈ നാടക രംഗത്തെ ശ്രദ്ധേയനായ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. നഗരത്തിലെ വിവിധ നാടകവേദികളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങൾക്ക്...
    spot_img

    More like this

    മംഗല്യ സദസ് 2026: ഡോംബിവലിയിൽ നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്നു

    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA)യുടെ ആഭിമുഖ്യത്തിൽ “മംഗല്യ സദസ്” 2026 ജൂൺ 21-ാം തീയതി (ഞായർ) രാവിലെ...

    കാലം തിരുത്തിയ വരികൾ — ‘കണ്ണട’യുടെ സിൽവർ ജൂബിലി

    25 വർഷങ്ങൾ പിന്നിട്ടും മലയാളി മനസുകളിൽ ഇന്നും താളമിടുന്ന കവിതയാണ് ‘കണ്ണട’. പ്രശസ്ത പ്രഭാഷകനും കവിയുമായ മുരുകൻ കാട്ടാക്കടയുടെ...

    വേൾഡ് മലയാളി ഫെഡറേഷൻ എം.പി.എൽ സീസൺ 1; ഡോംബിവിലി കേരളീയ സമാജം ചാമ്പ്യന്മാർ; നവകേരള ബ്ലാസ്റ്റേഴ്സ് റണ്ണറപ്പ്

    വേൾഡ് മലയാളി ഫെഡറേഷൻ (മഹാരാഷ്ട്ര) സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് സീസൺ 1 ആവേശകരമായ ഫൈനലോടെ പരിസമാപ്തിയായി. കരുത്തും ഏകോപനവും...