മുംബൈ ബാന്ദ്രയിലെ ഗരീബ് നഗർ ചേരി ഒഴിപ്പിക്കൽ നടപടികൾ സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധക്കാർ നടത്തിയ കല്ലേറിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റെന്ന പരാതിയും ഉയരുന്നുണ്ട്. ബോംബെ ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന വൻ ചേരി പൊളിക്കൽ നടപടിക്കിടെയാണ് സ്ഥിതി അക്രമാസക്തമായത്.
ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗരീബ് നഗർ ചേരിപ്രദേശത്ത് പശ്ചിമ റെയിൽവേ നടത്തുന്ന വൻതോതിലുള്ള ഒഴിപ്പിക്കൽ നടപടികൾക്കിടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.
പ്രദേശവാസികൾ കല്ലേറ് നടത്തിയതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. കല്ലേറുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ബോംബെ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് 500-ഓളം അനധികൃത കുടിലുകൾ പൊളിച്ചുമാറ്റുന്നതിനായി ചൊവ്വാഴ്ച മുതൽ ഗരീബ് നഗറിൽ വിപുലമായ നടപടി ആരംഭിച്ചത്. 5,200 ചതുരശ്ര മീറ്റർ റെയിൽവേ ഭൂമി കൈയേറ്റത്തിൽ നിന്ന് ഒഴിപ്പിക്കുകയാണ് ലക്ഷ്യം.
പൊളിക്കൽ നടപടികൾക്കായി ആയിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സിറ്റി പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഗവൺമെന്റ് റെയിൽവേ പോലീസ് എന്നീ വിഭാഗങ്ങളും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
അതേസമയം, അനധികൃതമായി നിർമിച്ച മൂന്ന് നിലകളുള്ള പഴയ ഗരീബ് നഗർ സുന്നി മസ്ജിദ് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്. പൊളിക്കുന്നതിന് മുൻപ് സാധനങ്ങൾ മാറ്റാൻ മതിയായ സമയം നൽകിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
പോലീസ് നടപടിയുടെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, ഒഴിപ്പിക്കൽ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS
