മുംബൈയിലെ നാടകസ്മരണകളുമായി പ്രേംകുമാർ

0

നാല് പതിറ്റാണ്ട് നീണ്ട നഗരത്തിലെ തന്റെ നാടകാനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് മുംബൈയിലെ അറിയപ്പെടുന്ന ഗായകനും നാടക പ്രവർത്തകനും ചലച്ചിത്ര നടനുമായ പ്രേംകുമാർ. ഓർമ്മളിലൂടെ എന്ന ശീർഷകത്തിൽ തന്റെ ഫേസ്ബുക്ക് ടൈംലൈനിൽ പങ്കു വച്ച അനുഭവ കഥകൾ നഗരത്തിലെ ഒരു കാലഘട്ടത്തിന്റെ കലാപ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളായാണ് അനുഭവപ്പെടുന്നത്. അലങ്കാരികതയെ കൂട്ട് പിടിക്കാതെ ചമയങ്ങളില്ലാതെ ലളിതമായ വരികളിലൂടെ എഴുതിയ കുറിപ്പ് ഈ കാലഘട്ടത്തിൽ സജീവമായിരുന്ന നാടക കലാകാരന്മാർക്ക് മുംബൈ നാടകവേദിയുടെ വസന്തകാലത്തിന്റെ ഫ്ലാഷ് ബാക്കിലൂടെ കടന്നു പോകാം

ഓർമ്മകളിലൂടെ… (ഭാഗം 1)

നാല്പത്തിരണ്ട് വർഷങ്ങൾക്കു മുൻപ് അതായത് 1978 ജൂൺ 27 ആം തീയതി ആണ് ഞാൻ മുംബൈയിൽ ആദ്യമായി കാലു കുത്തുന്നത്. വന്ന കാലം തൊട്ടുതന്നെ പരിചയപ്പെട്ട കുറെ കൂട്ടുകാർ മുഖേന മുംബൈയിലെ കലാരംഗത്ത് പ്രവർത്തിക്കുവാൻ എനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. അതിനുമുൻപ് അഞ്ച് വർഷങ്ങളോളം നാട്ടിൽ (പയ്യന്നൂരിലും ആലുവയിലും) കലാ രംഗവുമായി ബന്ധപ്പെട്ട് നൃത്ത നാടക സംഘങ്ങളിലും, ഗാനമേള ഗ്രൂപ്പുകളിലും, പ്രൊഫഷണൽ നാടക സംഘങ്ങളിലും പ്രവർത്തിച്ചിരുന്നു. നാട്ടിലെ കലാരംഗത്ത് ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ മുംബൈയിലെ കലാ രംഗവുമായി ബന്ധപ്പെടാൻ വളരെ പെട്ടെന്ന് സാധിച്ചു. മൺമറഞ്ഞുപോയ കുറേ നല്ല സുഹൃത്തുക്കളെ ഈ അവസരത്തിൽ ഹൃദയപൂർവ്വം സ്മരിക്കുന്നു. കൂടാതെ ഇപ്പോഴും സഹായിച്ചും പ്രോത്സാഹിപ്പിച്ചും കൊണ്ടിരിക്കുന്ന മുംബൈയിലെ പ്രഗത്ഭരായ പല സീനിയേഴ്സ് കലാകാരന്മാരെയും.

ഒരു കലാകാരന് “സുഖ-ദുഃഖ സമ്മിശ്രം ആയിരിക്കും കലാരംഗത്തെ അനുഭവങ്ങൾ” എന്ന് എല്ലാവർക്കുമറിയാം. പക്ഷേ മനസ്സിൽ ആദ്യം തികട്ടി വരുന്നത്, ഒരുപക്ഷെ, തിക്താനുഭവങ്ങൾ ആയിരിക്കും. കാരണം ഇത്തരം അനുഭവങ്ങളാണ് നമുക്ക് പലർക്കും മുന്നോട്ടു പോകാനുള്ള ചവിട്ടുപടികളും ഉത്തേജനവും ആയി തീരുന്നത്.

മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ് നടന്ന ഒരു നാടക അനുഭവം ഇവിടെ നിങ്ങളോട് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുകയാണ്. അനുഭവങ്ങൾ പങ്കു വെക്കുമ്പോൾ “അനുഭവങ്ങൾക്കാണ്” പ്രസക്തി. നാടക സംഘടനയ്ക്കോ നടീനടൻമാർക്കോ മറ്റ് സാങ്കേതിക പ്രവർത്തകർക്കോ അല്ല. അതുകൊണ്ട് ആരുടെയും പേരുകൾ ഇവിടെ ഉദ്ധരിക്കുന്നില്ല അത് ശരിയുമല്ല.

കേരളത്തിൽ അങ്ങോളമിങ്ങോളം വളരെ വിജയകരമായി അരങ്ങേറിക്കൊണ്ടിരുന്ന ഒരു നാടകം മുംബൈയിലെ ഒരു പ്രശസ്ത നാടക സംഘടന ഇവിടുത്തെ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് മുംബയിൽ അവതരിപ്പിക്കാൻ
തീരുമാനിച്ചു. രണ്ടു മൂന്നു മാസത്തോളം നാടകത്തിന്റെ റിഹേഴ്സലുകളും നടത്തി. ഈ നടക സംഘത്തിന് വേണ്ടി മുൻപ് കുറേ നാടകങ്ങൾക്ക് സംഗീതം ഒരുക്കിയ വ്യക്തി എന്ന നിലയ്ക്ക്, സംഗീതം ചെയ്യുവാൻ അതിന്റെ ഡയറക്ടർ എന്നെത്തന്നെ ഏൽപ്പിച്ചു. മ്യൂസിക് റിഹേഴ്സലുകൾ കുറെ നടത്തി. അങ്ങനെ നാടകം അവതരിപ്പിക്കാനുള്ള തീയ്യതിയും അടുത്തുവന്നു. നാടകം അവതരിപ്പിക്കാനുള്ള തീയ്യതിക്കു തൊട്ടുമുൻപുള്ള ദിവസം ഫൈനൽ റിഹേഴ്സൽ ഫിക്സ് ചെയ്തു. ഫൈനൽ റിഹേഴ്സൽ നടത്താനിരുന്ന ദിവസം രാവിലെ എനിക്ക് 104 ഡിഗ്രി പനി. ഫാമിലി ഡോക്ടറെ കാണിച്ചപ്പോൾ മരുന്നു കഴിച്ച് ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞു. പക്ഷേ വീട്ടിൽ ഒതുങ്ങി ഇരിക്കാൻ എനിക്ക് മനസ്സുവന്നില്ല. വൈകുന്നേരം റിഹേഴ്സലിന് പോകണം. അതും ഫൈനൽ റിഹേഴ്സൽ. ഒഴിവാക്കാൻ പറ്റില്ല. പിറ്റേ ദിവസം നാടകം അരങ്ങേറേണ്ടതാണ്. മ്യൂസിക് ലൈവ് ആണ്. വൈകുന്നേരം മഫ്ളരും കഴുത്തിൽ ചുറ്റി ഒരു മങ്കി ക്യാപ്പും തലയിൽ വെച്ച് സംഗീതോപകരണങ്ങളുമായി വീട്ടിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തുള്ള റിഹേഴ്സൽ ക്യാമ്പിലേക്കു പുറപ്പെട്ടു.

ക്യാമ്പിൽ എത്തിയപ്പോൾ പുറത്ത് ആരെയും കാണാനില്ല. സാധാരണ റിഹേഴ്സൽ ദിവസങ്ങളിൽ സിഗരറ്റും പുകച്ച് വരാന്തയിൽ ആരെങ്കിലുമൊക്കെ കാണുമായിരുന്നു. മനസ്സിൽ സംശയമായി… “നാളത്തെ നാടകം ക്യാൻസൽ ചെയ്തോ? ” ഏതായാലും പനിയും പിടിച്ച് ബുദ്ധിമുട്ടി വന്നതല്ലേ, കുറച്ചു നേരം കാത്തിരിക്കാം. ആരെങ്കിലും വരാതിരിക്കില്ല. റിഹേഴ്സൽ സമയത്തിന് പതിനഞ്ചു മിനിറ്റ് നേരത്തെ ഞാൻ എത്തിയിരുന്നു.

വരാന്തയിൽ സംഗീതോപകരണങ്ങളുമായി ഞാൻ കാത്തിരുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത്… എല്ലാ ദിവസവും റിഹേഴ്സൽ ചെയ്യുന്ന റൂം അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്, എന്ന്. മുൻപൊരിക്കലും ആ മുറി പൂട്ടിയതായി ഞാൻ കണ്ടിട്ടില്ല. വാതിൽ എപ്പോഴും തുറന്നാണ് ഇരുന്നിരുന്നത്. ഇപ്പോൾ ജനൽ പോലും അടച്ചിരിക്കുന്നു. റൂമിനകത്ത് നിന്ന് ചില ശബ്ദങ്ങൾ കേട്ടുതുടങ്ങി. ശ്രദ്ധിച്ച് ശ്രവിച്ചപ്പോൾ മനസ്സിലായി, നാടകത്തിലെ ഡയലോഗുകളാണ് റൂമിൽ നിന്ന് കേൾക്കുന്നത് എന്ന്. ഞാൻ മനസ്സിൽ അനുമാനിച്ചു, “ഇന്ന് ഫൈനൽ റിഹേഴ്സൽ അല്ലേ, അതുകൊണ്ട് വളരെ ചിട്ടയോടും അടക്കത്തോടും കൂടി റിഹേർസൽ നടത്തുകയായിരിക്കും”, എന്ന്.

മെല്ലെ ജനൽ പാളി മാറ്റി ഞാൻ അകത്തേക്ക് നോക്കി. ഞാനൊഴികെ മറ്റെല്ലാവരും അകത്തുണ്ട്. ഒന്ന് രണ്ട് നടന്മാർ എന്നെ കണ്ടു. റിഹേഴ്സൽ നിന്നു. ഞാൻ വിചാരിച്ചു, ആരെങ്കിലും വന്ന് വാതിൽ തുറക്കുമെന്ന്. പക്ഷെ വിചാരിച്ചതല്ലാതെ വാതിൽ ആരും തുറന്നില്ല, കുറച്ച് നേരത്തേക്ക്. അടക്കം പറച്ചിലുകൾ കേൾക്കാമായിരുന്നു.

ഒന്നും മനസ്സിലാകാതെ ഞാൻ വെളിയിൽ തന്നെ നിന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം നടീനടന്മാർ എല്ലാവരും വെളിയിലേക്ക് വന്നു എന്നോട് അകത്തേക്ക് വരുവാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് അറിഞ്ഞത്, അന്നത്തെ ദിവസം എല്ലാവരും ലീവ് എടുത്തു രാവിലെ തന്നെ റിഹേഴ്സൽ ആരംഭിച്ചിരുന്നു എന്ന്. കാരണം, തലേന്ന് ഈ നാടകത്തിന്റെ backround music score നാടക ഡയറക്ടർ നാട്ടിൽ നിന്നും വരുത്തിയിരുന്നു. രാവിലെ മുതൽ ആ സംഗീതം ഉപയോഗിച്ച് നടീനടന്മാർക്കും, ലൈറ്റ് ഓപ്പറേറ്റർക്കും വേണ്ടി സ്പെഷ്യൽ റിഹേഴ്സൽ വെച്ചതാണ്. അങ്ങനെ ഒരു തീരുമാനം എന്നെ അറിയിച്ചിരുന്നെങ്കിൽ പനിയും പിടിച്ച ഞാൻ വീട്ടിൽ വിശ്രമിച്ചേനെ. പക്ഷെ ഒന്നും ശരിയാകുന്നില്ല. അവസാന നിമിഷത്തിൽ ഇത്തരം കാര്യങ്ങൾ മാറ്റിയാൽ എങ്ങനെ ആ മാറ്റങ്ങൾ ഉൾക്കൊണ്ടു നാടകം നടത്താൻ പറ്റും? എല്ലാം പാളിപ്പോകും എന്ന് മനസ്സിലാക്കിയ സുഹൃത്തുക്കളായ നടീ നടന്മാർ എന്നെ നിർബന്ധിച്ചു. “നാളെ നമുക്ക് പ്രേംകുമാറിന്റ ലൈവ് മ്യൂസിക്കിൽ നാടകം ചെയ്താൽ മതി” എന്ന ഒരു തീരുമാനം ആയപ്പോൾ, ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല. ഫൈനൽ റിഹേഴ്സൽ കഴിഞ്ഞു പിറ്റേ ദിവസം ആ നാടകം അരങ്ങേറി. വളരെ വിജയകരമായി തന്നെ…

ഇങ്ങനെയും ഒരു കാലം മുംബൈ നാടക രംഗത്ത് ഉണ്ടായിരുന്നു…

(ഒരുപാട് ഒരുപാട് അനുഭവങ്ങൾ പങ്ക് വെയ്ക്കാനുണ്ട്. സമയം കിട്ടുമ്പോൾ മറക്കാനാവാത്ത മനോഹരങ്ങളായ പല അനുഭവങ്ങളും പങ്കിടാം.)

  • പ്രേംകുമാർ മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here