വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വസായ് ബി.കെ.എസ്. സ്കൂളിൽ സംഘടിപ്പിച്ച ‘അല്ലിയാമ്പൽ കടവ്’ സാഹിത്യ ശിൽപ്പശാല സമ്പുഷ്ടമായ സാഹിത്യചർച്ചകളും പ്രഭാഷണങ്ങളും കവിതാലാപനവും കൊണ്ട് ശ്രദ്ധേയമായി.
മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഗാനമാണ് ‘അല്ലിയാമ്പൽ കടവ്’. മറുനാടൻ മലയാളികളടക്കം നെഞ്ചേറ്റിയ ഈ ഗാനത്തെ ആസ്പദമാക്കി മറുനാട്ടിൽ ഇത്തരമൊരു സാഹിത്യപരിപാടി സംഘടിപ്പിച്ച പ്രതീക്ഷ ഫൗണ്ടേഷൻ അഭിനന്ദനം അർഹിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ വി.ആർ. സുധീഷ് പറഞ്ഞു.
എത്രകാലം കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന ഗാനങ്ങളാണ് വയലാർ രാമവർമ്മ മലയാളത്തിന് സമ്മാനിച്ചതെന്ന് ശിൽപ്പശാലയിൽ സംസാരിച്ച വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. ന്യൂജൻ ഗാനങ്ങൾ ദീർഘകാലം നിലനിൽക്കുന്നില്ലെന്ന വിമർശനം ഉണ്ടെങ്കിലും ഇന്നത്തെ ഗാനരചയിതാക്കളെ കുറ്റപ്പെടുത്താനാകില്ല. വയലാർ ജീവിച്ചിരുന്ന കാലഘട്ടവും അനുഭവപരിസരവും ഇന്നത്തെ തലമുറയ്ക്ക് ലഭ്യമല്ല. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ കാലഘട്ടത്തിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് രചനകൾ നടത്തുന്നത്. ഇന്നത്തെ തലമുറയിലും മികച്ച ഗാനരചയിതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ ഋഷിതുല്യനായ പ്രതിഭയായിരുന്നു പത്മരാജനെന്ന് ഡോ. സജിത് ഏവൂരേത്ത് പറഞ്ഞു. അകാലത്തിൽ വിടപറഞ്ഞെങ്കിലും ഒരു മനുഷ്യായുസ്സിൽ പൂർത്തിയാക്കേണ്ടതെല്ലാം എഴുതി തീർത്താണ് അദ്ദേഹം കടന്നുപോയത്. പത്മരാജന്റെ സിനിമയെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നതിൽ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത സൃഷ്ടികൾ വായിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ‘പത്മരാജൻ സിനിമയിലെ സംഗീതം’ എന്ന വിഷയത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സാഹിത്യകൃതികൾ സമ്പുഷ്ടമാകണമെങ്കിൽ വിശാലമായ വായന അനിവാര്യമാണെന്ന് സാഹിത്യനിരൂപകനും പ്രാസംഗികനുമായ ഡോ. രാജേന്ദ്രൻ എടത്തുംങ്കൽ പറഞ്ഞു. കഥയായാലും കവിതയായാലും വായനാശീലവും അനുഭവസമ്പത്തുമുള്ളവരിൽ നിന്നാണ് മികച്ച സൃഷ്ടികൾ ഉണ്ടാകുന്നത്. മറുനാട്ടിലുള്ള എഴുത്തുകാർ മികച്ച കൃതികൾ തെരഞ്ഞെടുത്ത് വായിക്കാൻ ശ്രദ്ധിക്കണമെന്നും അത് അവരുടെ രചനകൾക്ക് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ശിൽപ്പശാലയിൽ പി. ഭാസ്കരൻ നമ്പ്യാർ (‘അക്ഷരപ്പന്തങ്ങൾ’), ഇ. ഹരീന്ദ്രനാഥ് (‘ബൊക്ക തേടി’), ടി.ഡി. ബാബു (‘ആദ്യസമാഗമം’), മിനി തോമസ് (‘ആത്മമന്ത്രം’), അജിത് അനാരി (‘ഒറ്റപ്പെട്ടവൾ’), രാജേന്ദ്രൻ കുറ്റൂർ (‘പെങ്ങൾ’) എന്നിവർ കവിതകൾ അവതരിപ്പിച്ചു.
പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച പതിനഞ്ചാമത് സാഹിത്യ ശിൽപ്പശാലയായിരുന്നു ഞായറാഴ്ച നടന്നത്. ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തം കുമാർ സ്വാഗതവും കൺവീനർ രാജേന്ദ്രൻ കുറ്റൂർ നന്ദിയും പറഞ്ഞു. സി.പി. കൃഷ്ണകുമാർ അധ്യക്ഷനായി. കൺവീനർമാരായ മിനി തോമസ്, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
രാവിലെ 10ന് ആരംഭിച്ച ശിൽപ്പശാല വൈകിട്ട് ആറിന് സമാപിച്ചു. നാട്ടിൽനിന്ന് എത്തിയ സാഹിത്യകാരന്മാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ഭാരവാഹികൾ ഓണക്കോടി സമ്മാനിച്ചു.
