മുംബൈ: മഹാരാഷ്ട്രയിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി ആരോപിച്ച് കോൺഗ്രസ്. വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക് പിന്നാലെ 2 കോടിയിലേറെ വോട്ടർമാരുടെ പേരുകൾ പുതിയ കരട് പട്ടികയിൽ ഇല്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ ഓരോ പൗരനും വോട്ടർപട്ടികയിൽ തങ്ങളുടെ പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു.
മുൻ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നവരിൽ ഏകദേശം 21 ശതമാനം പേരുടെ, അതായത് 2.06 കോടിയോളം വോട്ടർമാരുടെ, പേരുകൾ പുതിയ കരട് പട്ടികയിൽ ഇല്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ‘ആബ്സന്റ്’, ‘പെർമനന്റ്ലി ഷിഫ്റ്റഡ്’ തുടങ്ങിയ കാരണങ്ങൾ രേഖപ്പെടുത്തിയാണ് പലരുടെയും പേരുകൾ ഒഴിവാക്കിയതെന്നും ആരോപണമുണ്ട്. നേരത്തെ വോട്ട് ചെയ്തിട്ടുള്ളവർ ഉൾപ്പെടെ എല്ലാവരും പുതിയ പട്ടികയിൽ തങ്ങളുടെ പേര് ഉണ്ടെന്ന് സ്വയം പരിശോധിച്ച് ഉറപ്പാക്കണമെന്നും ജോജോ തോമസ് അഭ്യർഥിച്ചു.
അതേസമയം, നവി മുംബൈയിലെ ഖാർഘറിൽ ഒരു സ്വകാര്യ ഫോട്ടോകോപ്പി സ്ഥാപനത്തിൽ നിന്ന് 3,400-ഓളം ഔദ്യോഗിക വോട്ടർ എന്യൂമറേഷൻ ഫോമുകൾ കണ്ടെത്തിയെന്ന റിപ്പോർട്ടും കോൺഗ്രസ് ഗൗരവമായി ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി.എൽ.ഒമാരെ സസ്പെൻഡ് ചെയ്ത നടപടിയും ചൂണ്ടിക്കാട്ടിയ ജോജോ തോമസ്, വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന ഔദ്യോഗിക രേഖകൾ എങ്ങനെ സ്വകാര്യ സ്ഥാപനത്തിൽ എത്തിയെന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്ന് പറഞ്ഞു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർണ സുതാര്യത ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസ് ശക്തമായി ഇടപെടുമെന്നും ജോജോ തോമസ് കൂട്ടിച്ചേർത്തു.
വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനുള്ള ഫോം 6, വിവരങ്ങൾ തിരുത്തുന്നതിനുള്ള ഫോം 8, ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനുള്ള ഫോം 7 എന്നിവയ്ക്കായി സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അപാകതകൾ ഒഴിവാക്കാൻ വോട്ടർപട്ടികയിൽ സ്വന്തം പേര്, വിവരങ്ങൾ എന്നിവ എല്ലാവരും സമയബന്ധിതമായി പരിശോധിച്ച് ഉറപ്പാക്കണം. പേര് ഇല്ലാത്തവരും വിവരങ്ങളിൽ തിരുത്തൽ ആവശ്യമുള്ളവരും അനുവദിച്ച സമയപരിധിക്കുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജോജോ തോമസ് അഭ്യർഥിച്ചു.
ബന്ധപ്പെടാൻ: 8369349828 / 8779449828
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
