ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇന്റർനെറ്റിൽ നോക്കി വരയുടെ സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ശിവ കുമാർ മേനോൻ ഇന്നത്തെ തലമുറക്ക് ഒരു വഴി കാട്ടിയാണ്. ഫേസ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ് എഴുപതു പിന്നിട്ട ഈ മുംബൈ മലയാളി.
ഒരു നേരമ്പോക്കിനായി മാത്രം വല്ലപ്പോഴും കോറിയിടാറുള്ള വരകൾക്ക് പൂർണത വേണമെന്ന് തോന്നി തുടങ്ങിയത് ജോലിയിൽ നിന്നും വിരമിച്ചപ്പോഴാണ് . അങ്ങിനെയാണ് ഇന്റർനെറ്റിൽ തിരച്ചിൽ തുടങ്ങിയത്. എന്തായാലും ശ്രമം പാഴായില്ല. വരയുടെ പുത്തൻ മേഖലകളും സാങ്കേതിക പരിജ്ഞാനവും വിരൽ തുമ്പിലൂടെ ഒഴുകിയെത്തിയപ്പോൾ എഴുപതാം വയസ്സിലും ഒരു കുട്ടിയുടെ കൌതുകത്തോടെ എല്ലാം പഠിച്ചെടുത്തു.
പിന്നെ പെൻസിലും കടലാസുമായി വരയുടെ ലോകത്ത് ഊളമിട്ടു നടന്നു. അമിതാബ് ബച്ചനും ദേവാനന്ദും യേശുദാസും ഇന്ദിരാ ഗാന്ധിയും നരേന്ദ്ര മോദിയും വരെ മേനോൻ തന്റെ കരവിരുതിലൂടെ കടലാസിലോതുക്കി
സംഗതി കൊള്ളാമെന്നു തോന്നിയപ്പോഴാണ് ഫേസ് ബുക്കിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. കടലാസ്സിൽ മാത്രം ഒതുങ്ങിയിരുന്ന വരകൾ ഒന്നൊന്നായി ഡിജിറ്റലൈസ് ചെയ്തു അപ്‌ലോഡ് ചെയ്തതപ്പോഴേക്കും ലൈക്കുകളുടെയും കമ്മന്റുകളുടെയും പ്രവാഹമായി. അമ്പട ഞാനേ എന്ന് അറിയാതെ മനസ്സിൽ പറഞ്ഞു കൊണ്ട് പിന്നെ ജോലി ചെയ്യുന്നത് പോലെ പടം വരച്ച് തുടങ്ങി. മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കിയത് എണ്‍പതിലധികം ചിത്രങ്ങലായിരുന്നു.
താനെ കലാഭവന്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന ശിവകുമാര്‍ മേനോന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായിരുന്നു ലോകത്തിലെ പ്രശസ്തരായ വ്യക്തികളെ പെന്‍സില്‍ സ്‌കെച്ചില്‍ രൂപപ്പെടുത്തിയ ചിത്രപ്രദര്‍ശനം
പാലക്കാട് നല്ലേപ്പള്ളി വാരിയത്ത് കുടുംബാംഗമാണ് ശിവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശിവകുമാര്‍ മേനോന്‍ മുംബൈയിൽ ഐരോളിയിൽ താമസിക്കുന്നു. പാർലെ ജി കമ്പനിയിൽ ജോലി തുടങ്ങിയ ശിവകുമാർ ഡാറ്റമാറ്റിക്സ് എന്ന കമ്പനിയിൽ കൊമ്മേഴ്സ്യാൽ മാനേജർ ആയി വിരമിച്ച ശേഷമാണ് വരയിൽ സജീവമായത്.