മുംബൈയിൽ അത്തം മുതൽ ആരംഭിച്ച ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊട്ടിക്കലാശം കുറിക്കുകയായിരുന്നു താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ. പുരുഷന്മാരുടെയും വനിതകളുടെയും സജീവ പങ്കാളിത്തം കൊണ്ട് തിളങ്ങിയ ഓണാഘോഷ പരിപാടിയിൽ വൈവിധ്യമാർന്ന നൃത്തച്ചുവടുകളുമായാണ് ഇവരെല്ലാം വേദിയെ ത്രസിപ്പിച്ചത്
ഋതു പാർക്ക് നക്ഷത്ര ഹാളിൽ നടന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്‍റ് എം.ആർ. സുധാകരൻ,സെക്രട്ടറി പി.കെ. രമേശൻ, ട്രെഷറർ ബി. പ്രസാദ് എന്നിവർ മറ്റു കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
തുടർന്ന് ശാലിനി പ്രസാദിന്‍റെ സംവിധാനത്തിൽ വനിതാ വിഭാഗത്തിലെ കലാകാരികളായ ശാലിനി പ്രസാദ്, രജനി ബാലകൃഷ്ണൻ, വനജ ശ്രീകുമാർ, സ്വപ്ന രാമചന്ദ്രൻ, സ്മിത മേനോൻ ,മീര ജിനചന്ദ്രൻ, രമ്യ രവികുമാർ, ലത സുരേഷ്, ശ്രുതി ജിഷ്ണു, ജയ വിജയകുമാർ എന്നിവർ തിരുവാതിരക്കളിയും നാടൻ നൃത്തങ്ങളും അവതരിപ്പിച്ചു. ബീന ഉണ്ണികൃഷ്‌ണൻ നൃത്തകലാകാരികൾക്കുള്ള ചമയം ഒരുക്കി.
കെ. എം. സുരേഷിന്‍റെ സംവിധാനത്തിൽ സുരേഷ്, ബാലകൃഷ്ണൻ, മോഹൻ മേനോൻ, പ്രസാദ്, രമേശൻ, രാമചന്ദ്രൻ, എന്നിവർ അവതരിപ്പിച്ച വൈവിധ്യം നിറഞ്ഞ സിനിമാറ്റിക് ഡാൻസ് ശ്രദ്ധേയമായിരുന്നു. ശശികുമാർ മേനോനാണ് മഹാബലിയായി വേഷമിട്ടത്.
സിദ്ധിജ, രാധാകൃഷ്ണൻ, അമ്പാട്ട് നാരായണൻ, രമേശ്, അനില, സുരേഷ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
കെ. എം. സുരേഷും സംഘവും നിർമ്മിച്ച പൂക്കളം മനോഹരമായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഉച്ചക്ക് ശേഷം 2.30ന് ആഘോഷപരിപാടികൾ സമാപിച്ചു.
ഓൾ താനെ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ശശികുമാർ നായർ, താനെ എം.എൽ. എ. സഞ്ചയ് കേൽക്കർ, കോർപറേറ്റർ മിലിൻഡ് പാട്ടങ്കർ എന്നിവർ അതിഥികളായി പങ്കെടുത്തു. ഭരതൻ മേനോൻ, ഉണ്ണികൃഷ്ണൻ, അജിത്, നാരായണൻകുട്ടി നമ്പ്യാർ,രവികുമാർ, ജിനചന്ദ്രൻ, അനൂപ്, പ്രകാശ് നായർ, ദാമോദരൻ എന്നിവർ നേതൃത്വം നൽകി. ഇടശ്ശേരി രാമചന്ദ്രൻ പരിപാടികൾ നിയന്ത്രിച്ചു.