മുംബൈയിൽ നിന്ന് ലഖ്‌നൗവിലേക്ക് യാത്ര ചെയ്തിരുന്ന പുഷ്പക് എക്‌സ്‌പ്രസിലെ യാത്രക്കാർക്കാണ് അപകടമുണ്ടായത്.
ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. സംഭവ സ്ഥലത്ത് 8 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 11 ആയി ഉയർന്നു.
മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത് . തീവണ്ടിയിൽ തീപിടിത്തമുണ്ടാകുമെന്ന് ഭയന്ന് യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി കോച്ചിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഈ സമയം
സമാന്തര ട്രാക്കിലൂടെ പാഞ്ഞു വന്ന ബാംഗ്ലൂർ എക്‌സ്പ്രസ് യാത്രക്കാരുടെ മുകളിലൂടെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
യാത്ര ചെയ്തിരുന്ന കോച്ചിൽ തീപ്പൊരിയും പുകയും കണ്ടതിനെ തുടർന്ന് ഭയന്നതോടെയാണ് യാത്രക്കാർ
എമർജൻസി ചെയിൻ വലിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . ട്രെയിൻ നിർത്തിയതിന് പിന്നാലെ ഇവരെല്ലാം ചാടി ഇറങ്ങി രക്ഷപെടാൻ ശ്രമിക്കവെയാണ് അടുത്ത ട്രാക്കിലൂടെ പാഞ്ഞു വന്ന ട്രെയിൻ യാത്രക്കാരുടെ മുകളിലൂടെ കടന്നു പോയത്. പരിഭ്രാന്തിയിൽ ഉണ്ടായ ജാഗ്രത കുറവാണ് മരണ കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു . പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.