പ്രവാസിയിൽ മലയാളം വളർത്തിയ ബന്ധങ്ങൾ

മലയാളത്തോടുള്ള സ്നേഹവും നാടിനോടുള്ള മമതയുമാണ് എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന്‌ ഉത്ഘോഷിച്ചു പുതുതലമുറയിലേക്കിറങ്ങി ചെല്ലാൻ ഓരോ മലയാളിയെയും പ്രേരിപ്പിക്കുന്നത് - മലയാളം മിഷൻ ടീച്ചർ ജയശ്രീ രാജേഷ് എഴുതുന്നു .

0

പണമല്ല പ്രധാനം , ബന്ധങ്ങളുടെ മൂല്യങ്ങൾ തരുന്ന സുരക്ഷിതത്വമാണ് മനുഷ്യരുടെ വില സമൂഹത്തിൽ നിശ്ചയിക്കപ്പെടുത്തുന്നത്. സ്വന്തം നാടും വീടും വിട്ട് പലരെയും അങ്ങകലേക്കു ചേക്കേറാൻ നിർബന്ധിതരാക്കുന്നത് ജീവിത സഹചര്യങ്ങളുടെ സമ്മർദ്ദം മാത്രം.അങ്ങനെ എഴുപതുകളിലും എണ്പതുകളിലും എന്തിനേറെ തൊണ്ണൂറുകളിലും പ്രവാസി എന്ന ലേബൽ ചാർത്തേണ്ടി വന്ന ഒരുപാട് മലയാളികൾ ഉണ്ട് ഇന്ന് ഈ മുംബൈ മഹാനഗരത്തിൽ.ഓർമകളിൽ നാടും വീടും ബന്ധങ്ങളും ഒരു വിങ്ങലായി നിൽക്കുന്നുവെങ്കിലും ഒരിക്കലും ഒരു മലയാളി ഗൃഹാതുരത്വതത്തിന്റെ ഓർമ്മകളിൽ മാത്രമായി ഒതുങ്ങിത്തീരുന്നില്ല എന്നതിന് ഉദാഹരണമാണ് ഇന്ന് കേരളം വിട്ട് മറ്റു പലയിടങ്ങളിലും സംഘടിപ്പിക്കപ്പെടുന്ന പല കലാ സാംസ്കാരിക സാഹിത്യ പരിപാടികളും. മലയാളം പറയാൻ മടിക്കുന്ന മലയാളത്തിന്റെ സ്വന്തം മണ്ണിൽ നിന്നൂറിവന്ന്‌ ചേക്കേറിയ മണ്ണിൽ വേരുറപ്പിക്കാൻ മലയാളത്തിന് കഴിയുന്നത് ബന്ധങ്ങൾ വളർത്തിയെടുക്കാൻ നമ്മൾ കോർത്ത കൈകളുടെ ബലം ഒന്നു കൊണ്ട് തന്നെയാണ്. ജനിച്ചയിടം പ്രിയമാർന്നതെങ്കിലും ജീവിക്കുന്നയിടം പ്രിയമോലുന്നതാക്കാൻ ഓരോ പ്രവാസി മലയാളിക്കും കഴിയുന്നു. അവർ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും അഭിമാനകരം എന്നു ഉറക്കെ വിളിച്ചോതിക്കൊണ്ടു തലയുയർത്തികൊണ്ടു നടക്കാൻ നമ്മൾ ഓരോ മലയാളിക്കും കഴിയുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.

മഹാനഗരത്തിൽ ശ്വാസം മുട്ടിക്കുന്ന തിരക്കുകൾ ക്കിടയിലൂടെ യാന്ത്രികമായ പകലുകളും രാത്രികളും പിന്നിട്ടിരുന്ന പരസ്പരം അറിയാത്ത മലയാളികളെ മലയാളം എന്ന വാക്ക് ഒന്നു കൊണ്ടു മാത്രം കൂട്ടി യോജിപ്പിക്കാൻ സാധിക്കുന്നു ഇന്ന്. യാത്രകൾക്കിടയിൽ മലയാളികളായ ആരെയെങ്കിലും അറിയാതെ കണ്ടുമുട്ടിയിരുന്നുവെങ്കിൽ മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചിരുന്ന ഒരു ചിന്താഗതിയിൽ നിന്നും ഇന്ന് പുറത്തിറങ്ങുമ്പോൾ എവിടെയെങ്കിലും അറിയുന്നതോ അറിയാത്തതോ ആയ ഒരു മലയാളി നിഴൽ എങ്കിലും ഉണ്ടോ എന്ന് അറിയാതെയെങ്കിലും ഓരോ കണ്ണുകളും തിരഞ്ഞു പോകുന്നു. നഗരത്തിനോടുള്ള അപരിചിതത്വം മാറ്റിയെടുക്കാനാകാതെ, അല്ലെങ്കിൽ മാറ്റിയെടുക്കാൻ കഴിയാതെ സ്വന്തം കുടുംബം, കുട്ടികൾ, വീട്‌ എന്നതിൽ മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന ഒരു പാട് വീട്ടമ്മമാർക്ക് ഇന്ന് ഈ മഹാനഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും സൗഹൃദങ്ങളുടെ വേരുകൾ പടർന്ന് കയറിയിട്ടുണ്ട് എന്നത് കേരള ഗവണ്മെന്റിന്റെ മലയാളം മിഷൻ സംരംഭത്തിന്റെ ഒരു നേട്ടം തന്നെയാണ്.മറ്റൊരാളുടെ സഹായമില്ലാതെ യാത്ര ചെയ്യാൻ മടിച്ചിരുന്ന പലർക്കും ഇന്ന് മഹാനഗരത്തിന്റെ ഓരോ കോണും മന:പാഠമായത് സൗഹൃദങ്ങളുടെ കണ്ണിയാൽ അവർ വിളക്കിചേർത്ത ബന്ധങ്ങളുടെ സുരക്ഷിത ബോധം ഒന്നുകൊണ്ട് മാത്രമാണ്. .മലയാളത്തോടുള്ള സ്നേഹവും നാടിനോടുള്ള മമതയും തന്നെയാണ് എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന്‌ ഉത്ഘോഷിച്ചു പുതുതലമുറയിലേക്കിറങ്ങി ചെല്ലാൻ ഓരോ മലയാളിയെയും പ്രേരിപ്പിച്ചത്. നേരായ പാതയിൽ തന്നെ നാമെന്നു വിളിച്ചോതുന്നതായിരുന്നു പ്രളയത്തിനു മുന്നിൽ പകച്ചു നിന്നു പോയ കേരളത്തിന് ഒരുമയോടെ സ്നേഹത്തോടെ ഒരു കൈ താങ്ങാകാൻ മുന്നിൽ തന്നെ നാം വളർത്തുന്ന നമ്മുടെ കുഞ്ഞുങ്ങൾ കൂടി ഉണ്ടായിരുന്നു എന്നത്.ബന്ധങ്ങൾ കൂട്ടുകുടുംബങ്ങളിൽ നിന്നു അണു കുടുംബങ്ങളിലേക്ക് മാറിയ ഇന്നത്തെ സാഹചര്യത്തിൽ , ചിന്തകൾ പോലും തന്നിലേക്ക് മാത്രമായി ചുരുങ്ങി പോകുന്ന അത്തരം ഒരു സമൂഹത്തിൽ, ബന്ധങ്ങൾ വളർത്തി വിളക്കി ചേർക്കുന്നതിൽ മലയാളികൾ ക്കുള്ള കഴിവ് എടുത്തു പറയേണ്ടതായുണ്ട്.അതിജീവനം മലയാളികൾക്കുള്ള ഒരു പ്രത്യേകത തന്നെ ആണ്. ഏതു പ്രതിസന്ധിയും ഒരുമിച്ചു കൈകോർത്ത് തരണം ചെയ്യാൻ അവർക്ക് കഴിയുന്നതും ബന്ധങ്ങളിലൂടെ ഊട്ടിയെടുത്ത അതിജീവന കലതന്നെ.ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ധം മൂലം ജോലി ക്കു പോകാൻ പ്രേരിതരാക്കപ്പെട്ട സ്ത്രീകളും മലയാളി സമൂഹത്തിൽ കുറവല്ല. വീടും കുടുംബവും ജോലിയും ഒരുപോലെ കൊണ്ടു നടക്കുന്ന അവർ കിട്ടുന്ന ഒരു ഒഴിവു ദിവസം മലയാളത്തിനായി മാറ്റി വെക്കുന്നതിൽ നമുക്ക് അഭിമാനിക്കാം.പുരുഷാധിപത്യം എന്നൊക്കെ അലമുറ കൂട്ടുന്ന സമൂഹത്തിൽ ഇന്ന് ഈ മഹാ നഗരത്തിൽ എന്നു വേണ്ട മലയാളം മിഷനുമായി ബന്ധപ്പെട്ട ലോകത്തിലെ എല്ലാ കോണിലും ഇതിനായി പ്രവർത്തിക്കുന്നത് 90% വീട്ടമ്മമാർ കൂടിയായ സ്ത്രീകൾ ആണെന്ന വസ്തുത പ്രശംസനീയം തന്നെ. അവർക്കിടയിൽ ജാതി മത വർണ്ണ വിവേചനമില്ല.അവരെ മുന്നോട്ടു നയിക്കാൻ വഴി കാട്ടുന്നതും കൂടെ നിൽക്കുന്നതും പുരുഷന്മാർ തന്നെ എന്നതിലും നമുക്കഭിമാനിക്കാം.ഒരു കാര്യം തറപ്പിച്ചുതന്നെ പറയാം , ഇന്ന് മലയാളത്തിലൂടെ പടർന്നു പന്തലിച്ചു നിൽക്കുന്ന ബന്ധങ്ങളുടെ മഹാവൃക്ഷത്തിന്റെ ഭൂരിഭാഗം വരുന്ന വേരുകൾക്കും ചില്ലകൾക്കുമൊന്നും ഒരു പ്രത്യേക രാഷ്ട്രീയ താത്പര്യം ഇല്ല എന്നതാണ്. എല്ലാ വ്യക്തിത്വങ്ങൾക്കും അവരുടേതായ രാഷ്ട്രീയം ഉണ്ടായിരിക്കും എന്നത് സത്യം തന്നെ , അതു ചിന്തകളുടെ രാഷ്ട്രീയം ആകാം, കുടുംബ രാഷ്ട്രീയം ആകാം, ബന്ധങ്ങളുടെ രാഷ്ട്രീയം ആകാം, അതൊന്നുമല്ലെങ്കിൽ രാഷ്ട്രീയത്തിന് വേണ്ടിയുള്ള വെറും രാഷ്ട്രീയമാകാം. അതെല്ലാം വ്യക്തിപരം മാത്രം. എന്തു തന്നെ ആയാലും ഇതൊന്നും തന്നെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കൈകോർത്തു മുന്നിട്ടിറങ്ങുന്ന നമ്മൾ പ്രവാസി മലയാളികൾക്കിടയിൽ യാതൊരു വിള്ളലും ഉണ്ടാക്കില്ല എന്നത് കാലം തെളിയിക്കും. ജാതി മത വർണ്ണ വിവേചനമില്ലാതെ, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പരസ്പരം താങ്ങായി നിന്ന് ഇനിയും നാം കൈകോർക്കും ഒന്നിച്ചു തന്നെ മുന്നോട്ട്……………..

  • ജയശ്രീ രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here