രാജ്യത്ത് ദേശവിരുദ്ധ ശക്തികൾ സന്യസ്ഥർക്ക് എതിരെയുള്ള അക്രമങ്ങൾ തുടരുകയാണെന്നും മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അത്യന്തം അപലപനീയമായ സംഭവമാണെന്നും കല്യാൺ ഡോമ്പിവിലി സിറ്റി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി നെല്ലൻ ജോയി പ്രതികരിച്ചു.
തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ചത്തീസ്ഗഡിലെ ദുർഗ് പോലീസാണ് സന്യാസിനികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൈസ്തവർക്കും, മിഷണറിമാർക്കും നേരെയുള്ള ശത്രുതാപരമായ പ്രവർത്തനങ്ങളുടെയും, അക്രമത്തിന്റെയും നേർക്കാഴ്ചയാണ് നിരപരാധികളായ സന്യസ്തർക്ക് നേരെയുള്ള ഈ നടപടി.
രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ, തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവർക്കെതിരെ ആക്രമണത്തിനായി ഉപയോഗിക്കുന്നത് തികച്ചും ഭരണഘടനയോടും നിയമ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനരഹിതമാക്കി വെച്ചിരിക്കുന്നത് ഇത്തരം അക്രമകാരികളെ സംരക്ഷിക്കാൻ വേണ്ടിയാണ് എന്ന് ചിന്തിക്കേണ്ടി വരും.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉപാധ്യക്ഷൻ ആയിരുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആണ് ഇന്ന് ഒരംഗം പോലുമില്ലാതെ പ്രവർത്തനരഹിതം ആയിരിക്കുന്നതും അഭിഭാഷകൻ കൂടിയായ നെല്ലൻ ജോയി ചൂണ്ടിക്കാട്ടി.
ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുവാനും, അതിൽ വിശ്വസിക്കുവാനും, ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് ഭാരതത്തിലെ ഓരോ പൗരനും അവകാശം നൽകുന്നുണ്ട്.
കത്തോലിക്കാ മിഷനറിമാർ മതപരിവർത്തനം നടത്തുന്നില്ല. മറിച്ചു പൊതുജന നന്മയെ ലക്ഷ്യമാക്കി ആരോഗ്യ, വിദ്യാഭ്യാസ, ആതുര ശുശ്രൂഷ, സാധുജന സേവനമേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുകയാണ് അവർ ചെയ്യുന്നത്.
കത്തോലിക്കാ മിഷനറിമാർ നമ്മുടെ രാജ്യത്തിനുവേണ്ടി ചെയ്ത നന്മനിറഞ്ഞ പ്രവർത്തികളെ തമസ്കരിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേവലം രണ്ട് ശതമാനം മാത്രമുള്ള ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ നമുക്കുതന്നെ അപമാനകരമാണ്. നെല്ലൻ പറഞ്ഞു.
