HomeArticleഗുരുവായൂർ നടയിൽ

ഗുരുവായൂർ നടയിൽ

Published on

വേനൽ ചിതറിക്കിടക്കുന്ന ക്ഷേത്രാങ്കണത്തിൽ മനസ്സിൻ്റെ ഉഷ്ണം ശമിപ്പിക്കാൻ എത്തിയ ഭക്തർ പ്രാർത്ഥനാ നിരതരായി കൈകൂപ്പി നിൽക്കുന്നു. പുലരാൻ ഇനിയും നേരമേറെയുണ്ട്. ഉഷപൂജ തൊഴുവാൻ എത്തിയവർ പുറത്തെ വരികളിൽ പാതിയടഞ്ഞ കണ്ണുകളുമായി ഘടികാരസൂചിയുടെ ചലനം കാതോർത്ത് നിൽക്കുന്നു. ആളൊഴിഞ്ഞ കുളക്കടവിൽ ഞാൻ കണ്ണനെ കാത്ത് നിന്നു.

ഇന്നെന്താ പെട്ടെന്നൊരു വരവ്? എന്തെങ്കിലും അസ്വസ്ഥതകൾ? പുറകിൽ നിന്നും കണ്ണൻ്റെ കാൽത്തള നാദത്തിനൊപ്പം ഉയർന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

ഹാ, ഇതുവരെ ഇല്ലാത്ത ഒരു അസ്വസ്ഥത എന്നെ അലട്ടുന്നു. ഞാൻ പരാജയപ്പെടുകയാണോ എന്നൊരു തോന്നൽ, ഞാൻ പറഞ്ഞു.

കണ്ണൻ ചിരിച്ചു. ഇത് മനുഷ്യരുടെ ഒരു സ്വഭാവമല്ലേ, ഏത് പ്രശ്നങ്ങൾ വന്നാലും അത് മുന്നത്തെ പ്രശ്നത്തേക്കാൾ വലുതായി തോന്നും . പിന്നെ, പരാജയം, ഞാനും എത്ര തവണ എത്ര സ്ഥലങ്ങളിൽ പരാജയപ്പെട്ടിരിക്കുന്നു.

എന്നാലും കാരണമറിയാത്ത വല്ലാത്ത ഒരു സങ്കടം, ഞാൻ വിതുമ്പിയപ്പോൾ കണ്ണൻ തൻ്റെ ചേല കൊണ്ട് എൻ്റെ കണ്ണീരൊപ്പി. പിന്നെ ചെവിയിൽ പറഞ്ഞു. “ചെറിയ തോൽവികൾ വലിയ വിജയത്തിലേക്കുള്ള മുൾവഴികളാണ്. നിന്നെ തോൽക്കാൻ ഞാൻ അനുവദിക്കുമോ?”

കണ്ണൻ്റെ ആ മന്ത്രം എന്നിൽ ആശ്വാസത്തിൻ്റെ കുളിർ കാറ്റായി. എന്നാലും കണ്ണാ, പ്രതീക്ഷിക്കുന്ന സന്തോഷങ്ങൾ എല്ലാം അവസാന നിമിഷം തട്ടിയകലുന്ന പോലെ . ഞാൻ പറഞ്ഞു.

നോക്ക്, ഞാൻ ജനിച്ചപ്പോൾ അമ്മ ദേവകി എത്രമാത്രം സന്തോഷിച്ചു കാണും. എന്നെ ഒന്ന് എടുത്ത് താലോലിക്കും മുമ്പ് എനിക്കവിടെ നിന്ന് അമ്മയുടെ കണ്ണെത്താത്ത ദൂരത്തേക്ക് പോകേണ്ടി വന്നില്ലേ. ആ അമ്മയുടേയും സന്തോഷം അധികം നീണ്ടുനിന്നില്ലല്ലോ. പക്ഷെ ആ ദുഃഖങ്ങൾ വലിയ സന്തോഷങ്ങൾക്കായിരുന്നില്ലേ. അതുപോലെ നിനക്കും നിന്നെ പോലുള്ള മറ്റു ഭക്തർക്കും ഉണ്ടാവുന്ന ദുഃഖങ്ങൾ വലിയ സന്തോഷങ്ങൾക്കാണെന്ന് കരുതി ആശ്വസിക്കുക.

എന്താണ് ദുഃഖങ്ങൾക്ക് കാരണം ? ഞാൻ ചോദിച്ചു.

വിശ്വാസം കുറയുമ്പോഴാണ് ദുഃഖങ്ങൾ ഉണ്ടാവുന്നത്. ദുഃഖം, സുഖം ഈ രണ്ടവസ്ഥകളും നമ്മുടെ മനസ്സിൽ തന്നെയാണ് . വിശ്വാസം കുറയുമ്പോൾ ദുഃഖം മുകളിലേക്ക് തികട്ടി വരുന്നു. ഞാനാണ് ഏറ്റവും സുഖമനുഭവിക്കുന്നവൻ എന്ന വിശ്വാസം മനസ്സിലുണ്ടായാൽ ദുഃഖത്തിന് മനസ്സിൽ സ്ഥാനമുണ്ടാകില്ല.
ഗുരുവായൂർ ക്ഷേത്രകുളക്കടവിലെ തേർ ചക്രങ്ങൾ ഉരുളാത്ത അമ്പും വില്ലും ആരവങ്ങളുമില്ലാത്ത എൻ്റെ മനസ്സിൻ്റെ യുദ്ധഭൂവിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി കണ്ണൻ തൻ്റെ രണ്ടാം ഗീതോപദേശം നൽകി.

ജീവിതത്തിൽ ഭക്തിയും കരുണയും സ്നേഹവും മനസ്സിൽ ഉള്ളവർ കൂടുതൽ വിഷമതകൾ അനുഭവിക്കുന്നതെന്താണ്? ഞാൻ ചോദിച്ചു.

നോക്ക്, യുദ്ധഭൂവിൽ തൻ്റെ ബന്ധുക്കളേയും ഗുരു ജനങ്ങളേയും കണ്ട് തളർന്ന് പോയത് പാർത്ഥനാണ്, ദുര്യോധനനല്ല. കാരണം നീ പറഞ്ഞ ഈ വികാരങ്ങളൊക്കെ ഉള്ള ആളായിരുന്നു അർജുനൻ. പക്ഷെ അന്തിമ വിജയം ഭക്തി, സ്നേഹം, വിശ്വാസം, ദയ ഇതിനൊക്കെ തന്നെ ആയിരിക്കും.

കണ്ണൻ്റെ ഓരോ വാക്കിലും എന്നിലെ അസ്വസ്ഥതകൾ മഞ്ഞുതുള്ളി പോലെ ഉരുകി ഇല്ലാതാവുന്നത് ഞാനറിഞ്ഞു.

മനുഷ്യർ എന്താണ് നഷ്ടപ്പെട്ടതിനെ കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നത്?

എന്താണ് നഷ്ടം ? നമ്മൾ ഒന്നിനെ കാംക്ഷിക്കുന്നു, അത് കിട്ടാതാകുമ്പോൾ നഷ്ടബോധം തോന്നുന്നു. അതല്ലേ സത്യം. നമ്മളിൽ വന്നു ചേരേണ്ടത് മാത്രമേ നമ്മളിലേക്ക് വരൂ. അത് കൊണ്ട് അത് നഷ്ടമല്ല, നിയോഗമാണ് എന്ന് കരുതിയാൽ ഒരു വിഷമവും തോന്നില്ല. ഭഗവാൻ പറഞ്ഞു.

ഇതൊക്കെ കേട്ട് ആശ്വസിക്കുന്ന ഞാൻ കുറച്ച് കഴിഞ്ഞ് വീണ്ടും അസ്വസ്ഥനാകുന്നത് എന്താണ്? ഞാൻ ചോദിച്ചു.

അതാണ് ഞാൻ പറഞ്ഞത് നേരത്തെ, ചിന്തകൾ വിശ്വാസത്തിന് മേൽ വിജയം നേടുമ്പോഴാണ് മനസ്സ് വീണ്ടും അസ്വസ്ഥമാകുന്നത്. അത് കൊണ്ട് വിശ്വാസത്തെ കീഴടക്കാൻ ചിന്തകളെ അനുവദിക്കാതിരിക്കുക. കണ്ണൻ്റെ സാന്ത്വനം.

ഞാനൊന്ന് ചോദിക്കട്ടെ, അമ്മയും അച്ഛനും അടുത്തില്ലാഞ്ഞിട്ടും കണ്ണൻ അമ്പാടിയിൽ എങ്ങനെയാണ് ഇത്ര സന്തോഷത്തോടെ കഴിഞ്ഞത് ?

ആര് പറഞ്ഞു എന്നിൽ വിഷമങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ? ഞാൻ ദു:ഖിച്ചിരുന്നാൽ അമ്പാടി മൊത്തം ദുഃഖിതരാവും എന്നെനിക്ക് അറിയാമായിരുന്നു. നമ്മുടെ ദുഃഖങ്ങളും വിഷമതകളും മറ്റുള്ളവരുടെ സന്തോഷത്തിന് മേൽ കരിനിഴൽ വീഴ്ത്തരുത്. സന്തോഷിക്കുന്നവനൊപ്പം സന്തോഷിക്കാനും ദു:ഖിക്കുന്നവർക്കൊപ്പം ദു:ഖിക്കാനും കഴിയുമ്പോഴാണ് ഒരാൾ യഥാർത്ഥ മനുഷ്യനാകുന്നത്. കണ്ണൻ പറഞ്ഞു.

നേരം പുലരാറായി, നട തുറക്കും മുമ്പ് കണ്ണന് ശ്രീകോവിലിൽ എത്തണ്ടേ? ഞാൻ എന്ത് ചെയ്യണം കണ്ണാ?

നീ ശാന്തനായി തിരിച്ചു പോകുക, ഞാൻ പറഞ്ഞതൊക്കെയും എപ്പോഴും ഓർത്തു വയ്ക്കുക. ഞാൻ കൂടെയുണ്ട്. ഇത്രയും പറഞ്ഞ് തിരകളിളകുന്ന കുളത്തിൻ്റെ ആഴങ്ങളിലേക്ക് കണ്ണൻ മുങ്ങാംകുഴിയിട്ടു. ഗോപികമാരും ഗോപബാലകരുമില്ലാത്ത കണ്ണൻ്റെ നീരാട്ടിനൊപ്പം ചുറ്റമ്പലത്തിൽ ഉയരുന്ന ശംഖുനാദം.

നിലാവ് വീണ നിശയുടെ അവസാന യാമത്തിൽ ഒഴുകിയെത്തുന്ന കണ്ണൻ്റെ വേണു നാദത്തിനൊപ്പം ഭാരം കുറഞ്ഞ് ഒരു തൂവൽ പോലെ എൻ്റെ മനസ്സ്.. ചുടു മണ്ണിൽ വീണ് ബാഷ്പമാകുന്ന കണ്ണീർമുത്തുകൾ…

  • രാജൻ കിണറ്റിങ്കര

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...

‘മാത്രിക’: മുംബൈ റാംപിൽ അമ്മമാരുടെ ആത്മാഭിമാനത്തിന് പുതിയ വേദി; താരസാന്നിധ്യമായി ഈഷ ഡിയോളും ഹേമ മാലിനിയും

മുംബൈ: ഫാഷന്റെ തിളക്കത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവും കോർത്തിണക്കി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക – Celebrating Queens...
spot_img

More like this

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...