കല്യാൺ ലോക്‌സഭ മണ്ഡലത്തിലെ ശിവസേന (ഏക്‌നാഥ് ഷിൻഡെ വിഭാഗം) ക്രിസ്ത്യൻ വിംഗിന്റെ അധ്യക്ഷനായ പോളി ജേക്കബ്, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇതുവഴി രാജ്യത്ത് തെറ്റായ സന്ദേശം പടരുന്നതായി പോളി ജേക്കബ് വ്യക്തമാക്കി.
കന്യാസ്ത്രീകൾക്കെതിരായ മതപരിവർത്തന ആരോപണം അപലപനീയമാണെന്നും പോളി ജേക്കബ് വിമർശിച്ചു. സമാധാനപരമായ സേവനത്തിലൂടെ ദരിദ്രരെ സഹായിക്കുന്നവരാണ് കന്യാസ്ത്രീകൾ എന്നും, അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനക്ക് അനുസൃതമാണെന്നും ജേക്കബ് ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഭവത്തിൽ ഇടപെടണമെന്നും സുതാര്യമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും, കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്നും പോളി ജേക്കബ് ആവശ്യപ്പെട്ടു. മതപരവും, സാമൂഹികമായി വിദ്വേഷം ഉണർത്തുന്നതുമായ നടപടികൾ ദേശീയ ഐക്യത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
