അതേയ്, ഇന്ന് പകൽ മുഴുവൻ ഞാൻ കണ്ണൻ്റെ നടയിൽ ഉണ്ടായിരുന്നു, ചിലതൊക്കെ ബോധിപ്പിക്കാനുണ്ട്, കണ്ണനെ രാത്രി ഒറ്റക്ക് കണ്ടപ്പോൾ പതിവുപോലെ ഞാൻ പരാതി കെട്ടഴിച്ചു.
നിനക്ക് ജീവിതകാലം മുഴുവൻ പരാതി മാത്രമേ ഉള്ളോ? ഭഗവാൻ ചോദിച്ചു.
അതല്ല വിവരം കൂടുമ്പോൾ സംശയങ്ങളും കൂടുമല്ലോ. ഞാൻ പറഞ്ഞു
ഇന്നെന്താണ് വിവരം കൂടിയത് ?
അതേയ്, മഹാഭാരതം വായിച്ച ഒരു സംശയമാണ്. ഞാൻ പറഞ്ഞു
മഹാഭാരതത്തെ ഒക്കെ സംശയിക്കാനുള്ള വിവരം വച്ചോ നിനക്ക് , ഭഗവാൻ ചോദിച്ചു
അതല്ല, അതിലെ പാഞ്ചാലി വസ്ത്രാക്ഷേപം ചെറുപ്പക്കാരായ വായനക്കാരെ കൂട്ടാനാണോന്ന് ഒരു വിപരീത ചിന്ത തോന്നി
സോഷ്യൽ മീഡിയ തുടങ്ങിയ ശേഷം ഈ വിപരീത ചിന്ത നിങ്ങൾക്കിത്തിരി കൂടുതലാ , ബുദ്ധിജീവി ആണെന്ന് സ്വയവും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ, ഭഗവാൻ ചിത്രം സിനിമയിൽ ശ്രീനിവാസൻ പറയുന്ന പോലെ ഒരു ഡയലോഗ് കാച്ചി.
അത് പോട്ടെ, കൂട്ടത്തിൽ പറഞ്ഞുന്നെ ഉള്ളു , ഞാൻ കാര്യങ്ങളെ ലഘുവാക്കാൻ ശ്രമിച്ചു
എന്താ പിന്നെ നിൻ്റെ പ്രശ്നം, ഭഗവാൻ ചോദിച്ചു.
അതേയ്, ഇവിടെ എന്തിനാ സീനിയർ സിറ്റിസൺ പറഞ്ഞ് ഒരു പ്രത്യേക ലൈൻ, ന്നല്ല തണ്ടും തടിയും ഉള്ളവരാ അറുപത് കഴിഞ്ഞവരുടെ ക്യൂവിൽ , ഞാൻ പറഞ്ഞു
നീയും ആ വരിയിൽ നിന്നല്ലേ എന്നെ കാണാൻ അകത്ത് കടന്നത്, മുഖം മറച്ച് നിന്നിട്ടും ഭഗവാൻ എന്നെ ശ്രദ്ധിച്ചിരിക്കുന്നു.
എനിക്ക് തണ്ടുമില്ല, തടിയുമില്ലല്ലോ, ഞാൻ പറഞ്ഞു
തടി ഇല്ല, പക്ഷെ കുറച്ച് തണ്ടില്ലേ എന്നെനിക്കൊരു സംശയം, ഭഗവാൻ പറഞ്ഞു
ഭഗവാന് എന്നും ചെറുപ്പമല്ലേ, വയസ്സായവരെ കാണാൻ അങ്ങോട്ട് പൊയ്ക്കുടെ, ഇവിടങ്ങനെ ലൈനിൽ നിർത്തണോ?
അതേയ് , എന്നെ കാണാൻ വരുമ്പോൾ മാത്രമാ അവർ പുറം ലോകം കാണുന്നത്, ഞാനതും നിർത്തണോ?
ഭഗവാൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി
പിന്നൊരു പരാതിയുണ്ട്, മൈക്കിലൂടെ എന്ത് വിളിച്ചു പറയുമ്പോഴും കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് ആദ്യം പറയേണ്ട കാര്യമില്ല.
അതിനെന്താ പ്രശ്നം? കണ്ണൻ ചോദിച്ചു
മൈക്കിൽ കൃഷ്ണാ ഗുരുവായൂരപ്പാ ന്ന് കേൾക്കുമ്പോൾ വരിയിൽ നിന്ന് മടുത്തവർ വിചാരിക്കാ പൂജ കഴിഞ്ഞ് നട തുറന്നു എന്നാ, പക്ഷെ പിന്നെ പറയാ, മഞ്ചേരിയിൽ നിന്ന് വന്ന കുഞ്ഞിമാളുവിനെ കാത്ത് കൊച്ചേട്ടൻ രാമകൃഷ്ണ ഹോട്ടലിൽ മസാല ദോശ ഓർഡർ ചെയ്ത് കാത്തിരിക്കുന്നു എന്നാ. ഞാൻ പറഞ്ഞു
അതേയ്, ഉത്സവം തുടങ്ങാറായി, ഇനി എനിക്ക് നിന്ന് തിരിയാൻ സമയണ്ടാവില്ല, ഭഗവാൻ പറഞ്ഞു
അതൊക്കെ ശരി, ഞാനിനി ഉത്സവം കഴിഞ്ഞേ കണ്ണനെ കാണാൻ വരു, ഞാൻ പറഞ്ഞു
നിൻ്റെ ഈ പറച്ചിൽ പുതുവർഷത്തിൽ ആളുകൾ നന്നാവാൻ എടുക്കുന്ന പ്രതിജ്ഞ പോലാണ്, ഇത്രയും പറഞ്ഞ് സന്ധ്യയുടെ നിഴൽ വീണ ക്ഷേത്രമുറ്റത്ത് എന്നെ തനിച്ചാക്കി കണ്ണൻ എങ്ങോ മറഞ്ഞു. ഓടക്കുഴലിലെ മധുര ഗീതത്തിൽ ക്ഷേത്രാങ്കണം ഗോകുലമായപ്പോൾ എൻ്റെ മുന്നിൽ ഒരു മയിൽപ്പീലി തണ്ട് കണ്ണൻ്റെ സാമീപ്യത്തിൻ്റെ ബാക്കി പത്രമായി കൽപ്പടികളിൽ ആരും സ്പർശിക്കാതെ ആകാശം നോക്കി കിടന്നു.
രാജൻ കിണറ്റിങ്കര – +91 73049 70326