കേരളത്തിലെ മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ ലോണാവാലയിൽ നിന്നും കണ്ടെത്തി. ആർ പി എഫ് ഇൻസ്‌പെക്ടർ സഞ്ജയ് സിംഗിന്റെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈ – എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടികളെ ലോണാവാല സ്റേഷനിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് കേരള പൊലീസ് റെയിൽവെ പൊലീസിന് കൈമാറിയ വിവരങ്ങളാണ് ഫലം കണ്ടത്.
കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് രാവിലെ പൂനെയിൽ എത്തും. നിലവിൽ പൂനെ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലാണ് കുട്ടികൾ. എട്ട് മണിക്ക് മുംബൈയിൽ എത്തുന്ന കേരള പൊലീസ് പുണെയിലെത്തി കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. താനൂർ എസ്.ഐയും രണ്ട് പൊലീസുകാരുമാണ് വിമാന മാർഗ്ഗം മുംബൈയിലെത്തുന്നത്.
മുംബൈ പോലീസിനോടൊപ്പം നഗരത്തിലെ മലയാളി സന്നദ്ധ പ്രവർത്തകരും മുംബൈയുടെ വിവിധ ഭാഗങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ചെന്നൈ – എഗ്മോർ എക്സ്പ്രസിൽ കുട്ടികളെ ലോണാവാലയിൽ കണ്ടെത്തിയത്.
കേരള പോലീസിന്റെ സമർഥമായ ഇടപെടലാണ് പെട്ടെന്ന് ഫലം കണ്ടത്. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നായിരുന്നു അന്വേഷണം നടന്നത്. കേരള പോലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്നായിരുന്നു റെയിൽവെ പൊലീസ് തിരച്ചിൽ നടത്തിയത്. ലോണാവാലയിൽ നിന്ന് റെയിൽവെ പോലീസ് ഇവരെ വെളുപ്പിന് തന്നെ പൂനെ ആർ പി എഫ് കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ഇന്നലെ രാത്രിയും പകലുമായി നടന്ന തിരച്ചിലിനൊടുവിൽ പെൺകുട്ടികളെ സുരക്ഷിതരായി കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമാണ് .
കഴിഞ്ഞ രാത്രി ഏറെ വൈകിയാണ് ഇവർ മുംബൈയിലെ സി എസ് ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെല്ലാം ഉണ്ടായിരുന്നത്. ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു സ്ത്രീകൾ സഞ്ചരിക്കുന്ന നഗരത്തിൽ ഇവരുടെ നീക്കങ്ങൾ സംശയത്തിന് ഇട നൽകി കാണില്ല. പതിനൊന്നര മണിക്കാണ് കുട്ടികൾ സി എസ് ടിയിൽ നിന്ന് ട്രെയിനിൽ കയറി യാത്ര ചെയ്യുന്നത്. ആദ്യം പൻവേൽ ഭാഗത്തേക്ക് യാത്ര ചെയ്യുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. റഹിം നൽകിയ വിവരങ്ങളും ഇവർ നാട്ടിലേക്ക് മടങ്ങാനായി പൻവേൽ സ്റ്റേഷനിലേക്ക് പോയെന്നായിരുന്നു. ഇത് പ്രകാരം പോലീസ് സംഘവും നിരവധി മലയാളി സന്നദ്ധ പ്രവർത്തകരും സ്റ്റേഷനിൽ കാത്ത് നിന്നിരുന്നു.
എന്നാൽ പിന്നീടാണ് സമാന്തരമായ പാതയിലൂടെ പെൺകുട്ടികൾ താനെ, ഡോംബിവ്‌ലി, കല്യാൺ, അംബർനാഥ് തുടങ്ങിയ സ്റ്റേഷനുകൾ താണ്ടി യാത്ര ചെയ്യുന്ന വിവരങ്ങൾ ലഭിക്കുന്നത്. ഇത് പ്രകാരമാണ് അന്വേഷണം ഈ മേഖലയിലേക്ക് നീണ്ടത് തുടർന്നാണ് ലോണാവാലയിൽ നിന്ന് പെൺകുട്ടികളെ കസ്റ്റഡിയിൽ എടുക്കുന്നത്.
രാത്രി ഒന്നരക്ക് ശേഷമാണ് ട്രെയിൻ ലോണാവാലയിൽ എത്തിയത് . റെയിൽവെ പൊലീസ് ഇവരെ കണ്ടെത്തുമ്പോൾ തുടക്കത്തിൽ നിസ്സഹകരണമായിരുന്നുവെങ്കിലും പിന്നീട് ഇവർ പോലീസിനൊപ്പം പൂനെയിലേക്ക് യാത്ര ചെയ്യാൻ സമ്മതിച്ചു. കുട്ടികൾ ഈ ട്രെയിനിൽ ഉണ്ടെന്ന വിവരം കേരള പൊലീസാണ് റെയിൽവെ പൊലീസിന് കൈമാറിയത് .
എങ്ങിനെയാണ് ഇവർ മുംബൈ പോലുള്ള നഗരത്തിൽ ഒറ്റയ്ക്ക് എത്തിയതെന്ന കാര്യങ്ങൾ വിശദമായി ചോദിച്ചറിയേണതുണ്ട്. സംഭവത്തിൽ റഹിമിന്റെ റോൾ എന്താണെന്നും ഇനിയും വ്യക്തമല്ല. നിലവിൽ ആർ പി എഫിനോട് വിവരങ്ങൾ പങ്ക് വയ്ക്കുവാൻ പെൺകുട്ടികൾക്ക് ഭാഷ തടസ്സമാണ്. അത് കൊണ്ട് തന്നെ കേരള പോലീസ് സ്ഥലത്തെത്തിയാൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞേക്കും.

