താനെ വെസ്റ്റിലെ കാപൂർഭാവഡിയിലെ ചേരിപ്രദേശത്തെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക്
പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഹിൽ ഗാർഡൻ അയ്യപ്പ ഭക്തസംഘം വീണ്ടും മാതൃകയായി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ്സൗജന്യമായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്ത് സംഘടനയുടെ സഹായഹസ്തം.
സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂളിൽ ജൂനിയർ കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള 165 വിദ്യാർത്ഥികൾക്ക് സഹായം ലഭിച്ചു. സമൂഹത്തിലെ പിന്നോക്ക മേഖലകളിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വിതരണം ജനശ്രദ്ധ പിടിച്ചുപറ്റി
HGABS പ്രവർത്തകർ ഓരോ ക്ലാസിലെയും ആവശ്യങ്ങൾക്കനുസരിച്ചാണ് കുട്ടികൾക്ക് ഏറ്റവും ആവശ്യമായ പുസ്തകങ്ങൾ, പേനകൾ, പേൻസിലുകൾ, സ്കെയിലുകൾ, ബാഗുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയ കിറ്റുകൾ തയ്യാറാക്കിയത്. ചടങ്ങിൽ സ്ഥാപനത്തിലെ അധ്യാപകരും, രക്ഷിതാക്കളും, ഭക്തസംഘം അംഗങ്ങളും പങ്കെടുത്തു.
പഠന സാമഗ്രികളുടെ ക്ഷാമം മൂലം നിരവധി കുട്ടികൾ പഠനത്തിൽ പിന്നിലാകുന്ന സാഹചര്യത്തിൽ, കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വർഷങ്ങളായി നടത്തുന്ന സേവനം സമൂഹത്തിന് നന്മയുടെ സന്ദേശം പകർന്നാടുന്നു.