മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകനും മുഖപത്രം “കേരളം വളരുന്നു”വിന്‍റെ സര്‍ക്കുലേഷന്‍ മാനേജരുമായിരുന്ന കെ.ഒ.സേവ്യറിന്റെ അകാല നിര്യാണത്തില്‍ മലയാളഭാഷാ പ്രചാരണ സംഘം, പശ്ചിമ മേഖല അനുശോചിച്ചു. ജൂണ്‍ 6 ന് വൈകുന്നേരം 5.30 ന് ബോറിവലി വെസ്റ്റില്‍ വി.കെ.കൃഷ്ണമേനോന്‍ അക്കാദമിയിലായിരുന്നു അനുശോചന യോഗം സംഘടിപ്പിച്ചത്. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ സ്ഥാപകാംഗമായിരുന്ന സേവ്യര്‍ ജൂണ്‍ 21 നാണ് ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സയില്‍ മരണമടഞ്ഞത്.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെയും മലയാളം മിഷന്റെയും വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു സെവ്യറെന്നും അദ്ദേഹത്തിന്‍റെ വിയോഗം മലയാളി സാംസ്കാരിക ലോകത്തിന് തീരാനഷ്ടമാണെന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചവര്‍ പറഞ്ഞു. “കേരളം വളരുന്നു” പ്രചരിപ്പിക്കാനും മലയാളോത്സവത്തിന് സംഭാവന പിരിക്കാനും അദ്ദേഹം നടത്തിയിരുന്ന ശ്രമങ്ങളെയും അനുസ്മരിച്ചു. നോര്‍ക്ക അംഗത്വവും പ്രവാസി പെന്‍ഷനും പ്രചരിപ്പിക്കാന്‍ അദ്ദേഹം നടത്തിയിരുന്ന ശ്രമങ്ങളും പ്രസ്താവയോഗ്യമാണ്. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹത്തിന് തൊഴിലിടത്തിലെ സഹപ്രവര്‍ത്തകരോട് ഉണ്ടായിരുന്ന ആത്മബന്ധം സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
ചന്ദ്രകല സേവ്യര്‍, രഞ്ജന സിങ്ങ്, രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), റീന സന്തോഷ് (പ്രസിഡന്റ്, മലയാള ഭാഷാ പ്രചാരണ സംഘം), രാജന്‍ നായര്‍ (ജനറല്‍ സെക്രട്ടറി, മലയാള ഭാഷാ പ്രചാരണ സംഘം), ഗീത ബാലകൃഷ്ണന്‍ (പ്രസിഡന്റ്, മലയാള ഭാഷാ പ്രചാരണ സംഘം, പശ്ചിമ മേഖല) സി.എന്‍. ബാലകൃഷ്ണന്‍ (വിദഗ്ധസമിതി കണ്‍വീനര്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), കെ കെ.പ്രകാശന്‍ (മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം), ഗിരിജാവല്ലഭന്‍ (പത്രാധിപര്‍, കേരളം വളരുന്നു), നളിനി പിള്ളൈ (ജോയിന്റ് സെക്രട്ടറി, ബോറിവലി മലയാളി സമാജം) തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

