കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന് ചോരയും നീരും നൽകി പ്രകാശം ചൊരിയുകയും മതേതര ജനാതിപത്യ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഊർജം പകരുകയും ചെയ്ത നേതാവാണ് വി എസ് അച്യുതാനന്ദൻ.
സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും പ്രവാസികൾ മലയാളികളെ നെഞ്ചിലേറ്റിയ നേതാവാണ് വി എസ്. 1991ൽ ഉണ്ടായ കുവൈറ്റ് ഇറാക്ക് യുദ്ധത്തെ തുടർന്ന് നാട്ടിലെത്താൻ പാട് പെട്ട പ്രവാസി മലയാളികളെ നാടെത്തിക്കാൻ വേണ്ടി മുംബൈയിൽ രൂപം പൂണ്ട റിലീഫ് കമ്മിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ വേണ്ടി വി എസ് മഹാ നഗരത്തിലെത്തുകയുണ്ടായി.
വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിന് വേണ്ടിയുള്ള കേരള നോൺ റെസിഡന്റ് വെൽഫെയർ ബോർഡ് രൂപീകൃതമായത്.. ബോർഡ് നിലവിൽ വന്നതിന് ശേഷമാണ് പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിന് വേണ്ടിയുള്ള നോർക്കയും മലയാളം മിഷനും, പെൻഷൻ പദ്ധതിയും മറ്റും നിലവിൽ വരാൻ തുടങ്ങിയത്.
നവി മുംബൈയിലെ വാഷിയിൽ നിർമ്മിക്കപ്പെട്ട കേരള ഹൌസ് മുഖ്യമന്ത്രിയായ വി എസ് 2006 ഡിസംബർ 6 നാണ് ഉത്ഘാടനം ചെയ്തത്.
ചെമ്പൂർ ആദർശ് വിദ്യാലയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷ ഉത്ഘാടനം 2011 നവംബറിൽ വി എസ് ആണ് നിർവഹിച്ചത്. 2014 ൽ നടന്ന ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസായിയിൽ സി പി ഐ (എം) നടത്തിയ പൊതുയോഗം ഉത്ഘാടനം ചെയ്യാനും വി എസ് നഗരത്തിലെത്തുകയുണ്ടായി.
വി എസ്സുമായി ദീർഘകാലമായി ആത്മബന്ധമാണ് എനിക്കുള്ളത്. പലവട്ടം വിലെ പാർലെയിലുണ്ടായിരുന്ന എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. നാട്ടിലെ എന്റെ വീട്ടിലും വി എസ് രണ്ടു വട്ടം വന്നിട്ടുണ്ട്. എപ്പോൾ മുംബൈയിൽ വരുമ്പോഴും ഞാൻ കൂടെ വേണമെന്നത് വി എസ്സിന് നിർബന്ധമായിരുന്നു. പ്രിയ സഖാവിന് റെഡ് സല്യൂട്ട്
പി ആർ കൃഷ്ണൻ
വൈസ് പ്രസിഡന്റ്
സി ഐ ടി യു മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി
ഫോട്ടോ – പി ആർ കൃഷ്ണൻ, ഇ കെ നായനാർ, ടി കെ രാമകൃഷ്ണൻ, വി എസ് അച്യുതാനന്ദൻ
നവി മുംബൈ കേരള ഹൌസിലെത്തിയ വി എസ്സുമായി പത്രപ്രവർത്തകൻ സുരേഷ് വർമ്മ നടത്തിയ സംവാദത്തിൽ മുംബൈ മലയാളികളും, കേരള രാഷ്ട്രീയവുമെല്ലാം വിഷയമായിരുന്നു.

