പുണെ ഹഡപ്സറിലാണ് സംഭവം . പ്രഭാത സവാരിക്ക് ഇറങ്ങിയ വയോധികൻ വഴിയിൽ പൊട്ടിക്കിടന്ന കേബിളിൽ കാൽ കുരുങ്ങിവീണ് ഇടതു കൈയ്യും വലതു കാലും ഒടിഞ്ഞു. ഹഡ്പ്സർ സഹ്യാദ്രി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടന്നു. നിസ്സാരമെന്ന് കരുതിയ വീഴ്ചയിൽ, നാലര ലക്ഷത്തോളം രൂപ ആശുപത്രിൽ ചിലവായി.
പൂണെയിലെ വഴിയോരങ്ങളിൽ കേബിൾ ഓപ്പറേറ്റർമാർ ഉപേക്ഷിച്ച ഉപയോഗ ശൂന്യമായ ഇത്തരം കേബിളുകൾ ധാരാളം വഴിയിൽ വീണു കിടക്കുന്നുണ്ടെന്നും അത് നീക്കം ചെയ്യാൻ അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആശുപത്രി സന്ദർശിച്ച ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്ബിന്റെ പൂണെ ചീഫ് കോർഡിനേറ്റർ രമേഷ് അമ്പലപ്പുഴ പറഞ്ഞു. പലവട്ടം പ്രാദേശിക നേതാക്കളോട് പരാതിപ്പെട്ടതായും രമേശ് ചൂണ്ടിക്കാട്ടി.
മക്കൾ വിദേശത്തായതിനാൽ, പരസഹായം കൂടാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത വയോധികന്, ഫെയ്മയുടെ കമ്മറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരായ വിജയ് കെ നായർ, കെ.പി. നായർ, സാബു, കാർത്തികേയ പണിക്കർ, ശിവരാജൻ, രാജൻ പിള്ള, വേണുക്കുട്ടൻ നായർ തുടങ്ങിയവർ വീട്ടിലും ആശുപത്രിയിലുമായി സന്ദർശിച്ചാണ് വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നത്.

