മുംബെയിൽ എത്തിയ മഹാബലി മലയാളം മിഷൻ്റെ പ്രവേശനോത്സവത്തിൽ വൈൽഡ് കാർഡ് എൻട്രിയുമായി കയറിക്കൂടിയത് ഇവിടുത്തെ ആജീവനാന്ത അതിഥികളായ ചിലർക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും നീരസം പുറത്ത് കാട്ടാതെ പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മുട്ടിക്ക് കൊടുക്കുന്ന പോലെ പുറകിൽ ഒരു സീറ്റ് മഹാബലിക്കും കൊടുത്തു.
മഹാബലിയെ വേദിയിലിരുത്തി മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തിയതും പാതാളത്തിൽ പോയ മഹാബലി തിരുവോണം നാളിൽ മലയാളികളെ കാണാൻ വരുന്നതുമെല്ലാം സംഭവം നേരിൽ കണ്ട വ്യക്തിയെപ്പോലെ നീട്ടിപ്പരത്തി പ്രസംഗിക്കുകയാണ് അധ്യക്ഷൻ.
കുട്ടികളുടെ പാട്ടും നൃത്തവും കാണാൻ വന്ന മഹാബലി കോട്ട് വായിട്ട് ഓവറാക്കല്ലേ എന്ന് പ്രാസംഗികന് ഒരു ഹിൻ്റ് കൊടുത്തു. പരിപാടി നിയന്ത്രിച്ചിരുന്ന ആൾ കൈയിലൊരു ചിട്ടുമായി പ്രാസംഗികൻ്റെ അടുത്ത് ചെന്ന് ചെവിയിലെന്തോ സ്വകാര്യമായി പറഞ്ഞു. ആ പറഞ്ഞത് ഉറക്കെ വിളിച്ച് പറഞ്ഞ് അദ്ദേഹം അത് സദസ്സിനോട് പരസ്യമാക്കി. എന്നിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നീട് മഹാബലിയെ രണ്ട് വാക്ക് സംസാരിക്കാൻ ക്ഷണിച്ചു.
മഹാബലി സീറ്റിൽ നിന്ന് എണീറ്റ് മൈക്കിനടുത്തേക്ക് നടന്നു., സദസ്സ് എണീറ്റ് മുൻ ചക്രവർത്തിക്ക് ആദരവർപ്പിച്ചു. മഹാബലി പ്രസംഗം തുടങ്ങി,
‘എൻ്റെ പ്രിയപ്പെട്ട പ്രവാസി പ്രജകളെ, ഇന്നിവിടെ യാദൃശ്ചികമായി വരാനും ഈ കുട്ടികളുടെ സന്തോഷത്തിൽ പങ്കെടുക്കാനും കഴിഞ്ഞതിൽ വലിയ ചാരിതാർത്ഥ്യമുണ്ട്, നിങ്ങളുടെ മുന്നിൽ നമ്രസിരസ്സോടെ നിൽക്കുന്നു എന്നൊന്നും ഞാൻ പറയില്ല, കാരണം ഒരിക്കൽ തലകുനിച്ച് കൊടുത്തതിൻ്റെ തിക്ത ഫലം അനുഭവിച്ച ആളാണ് ഞാൻ.
മുംബൈയിലെ ഓണാഘോഷങ്ങളിൽ വേഷം കെട്ടുന്ന സ്ഥിരം മാവേലിയെ മാത്രം കണ്ടിട്ടുള്ള കുട്ടികൾ ഒറിജിനൽ മാവേലിയുടെ രൂപം കണ്ട് കണ്ണിമ വെട്ടാതെ നോക്കി നിന്നു. ആഗസ്റ്റ് മുതൽ അടുത്ത ജനവരിവരെയുള്ള മുംബൈയിലെ ഓണാഘോഷങ്ങളിൽ മാവേലി വേഷം കെട്ടി ചക്രവർത്തി ഭാവത്തിൽ നടന്നവർ സദസ്സിലിരുന്ന് അടുത്ത ചെയറിലുള്ള ആളോട് “എൻ്റത്ര പോരാ ല്ലേ ” എന്ന് ചോദിച്ച് ഷർട്ടിനുള്ളിലൂടെ കൈയിട്ട് തൻ്റെ വയറിൻ്റെ ആകാരം സ്വയം ആസ്വദിച്ചു സംപ്രീതനായി.
കേരളത്തിൽ എത്തും മുന്നെ മുംബൈയിൽ ഓണം എത്തുമെന്ന് കേട്ടിരുന്നെങ്കിലും ഇവിടെ വന്നപ്പോൾ എനിക്കത് ബോധ്യമായി, മഹാബലി പ്രസംഗം തുടർന്നു. വാട്സ്ആപ്പിൽ ഇപ്പോഴേ ഓണാശംസകൾ നേരുന്ന ചിലരേയും ഞാൻ മുംബൈയിൽ കണ്ടു. ഞാൻ കേരളത്തിലാണ് ഫ്ലൈറ്റ് ഇറങ്ങിയതെങ്കിലും അവിടെയാരും എന്നെ പ്രതീക്ഷിച്ചിരിക്കുന്നത് ഞാൻ കണ്ടില്ല. അവിടെ മെസ്സി വരാത്ത ചർച്ചകളാണ് എല്ലായിടത്തും കാണാനുള്ളത്.
എനിക്കാരാണീ മെസ്സി എന്ന് മനസ്സിലായില്ല, അതിനാൽ മെസ്സി എന്നെഴുതിയ ഒരു വലിയ ഫ്ലക്സിന് ചുവട്ടിൽ നിന്ന് മേൽപോട്ട് നോക്കി അതിലെഴുതിയത് വായിക്കുമ്പോഴാണ് നാലഞ്ച് തെരുവു പട്ടികൾ ഇതൊക്കെ ഞങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ് ഇവിടെ നിനക്കെന്ത് കാര്യം എന്ന ധാർഷ്ട്യത്തോടെ എന്നെ ഓടിച്ചു വിട്ടത്. എന്നെ രക്ഷിക്കാൻ ഒരാളും വന്നില്ല, എവിടെ നിന്നോ എത്തിയ 2-3 ടിവിക്കാർ എന്നെ പട്ടികൾ ഓടിക്കുന്നത് ഷൂട്ട് ചെയ്ത് ടി.വി യിൽ ലൈവ് കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴും ചക്രവർത്തിയാണ് എനിക്ക് പട്ടിയുടെ കടി കൊള്ളാതെ നോക്കണം എന്നൊന്നും അവർക്ക് തോന്നിയില്ല – കടി കൊള്ളുന്ന സീൻ കാണിച്ചാലേ വ്യൂവർഷിപ്പ് കൂടുകയുള്ളുവത്രെ.
എന്തായാലും മുംബൈ പോലുള്ള മഹാനഗരത്തിൽ മലയാളം മറക്കാത്ത ഈ കുരുന്നുകളോട് എനിക്ക് സ്നേഹവും ബഹുമാനവുമാണ്. ഇവർക്ക് വഴികാട്ടികളാവുന്ന എല്ലാവർക്കും നൻമകൾ നേരുന്നു. ഞാൻ ഈ കുട്ടികളോ ടൊത്ത് ഇന്നത്തെ എൻ്റെ ദിനം ചെലവിടുകയാണ് – അതിൽപ്പരം ഒരു തിരുവോണം എനിക്കില്ല – നന്ദി, നമസ്കാരം
ഇത്രയും പറഞ്ഞ് മഹാബലി മൈക്കിന് മുന്നിൽ നിന്ന് മാറിയതും അതുവരെ ആ ചുറ്റുവട്ടത്തൊന്നും കണ്ടിട്ടില്ലാത്ത കുറെ ആളുകൾ സെൽഫിയെടുക്കാൻ വേദിയിലേക്ക് ഇരച്ചു കയറി. തൻ്റെ കാൽക്കുട കൊണ്ട് മുഖം മറച്ച് സെൽഫിയിൽ നിന്ന് രക്ഷപ്പെട്ട മഹാബലി കുട്ടികളുടെ നടുവിൽ ഒരു സാധാരണക്കാരനായി ഇരുന്നു. പരിപാടികൾ തുടങ്ങും മുന്നേ ഭക്ഷണത്തിനുള്ള ക്യൂ പുറത്തെ റോഡിലെത്തിയിരുന്നു.
രാജൻ കിണറ്റിങ്കര

