ലോകത്ത് ഏറ്റവും കൂടുതൽ ഓണാഘോഷ പരിപാടികൾക്ക് വേദിയാകുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അത്തം മുതൽ തുടങ്ങുന്ന ആഘോഷ പരിപാടികൾ മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ്.
മറ്റൊരു ഓണക്കാലത്തെ വരവേൽക്കാനായി മഹാ നഗരം തയ്യാറെടുക്കുമ്പോൾ, ഇക്കുറി ഒരു ജനകീയ ഓണം സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ട് വച്ചത് മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനാണ്. ഈ ഉദ്യമത്തിന് തയ്യാറെടുക്കുകയാണ് മുംബൈയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതി.
മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനെ കൂടാതെ മറ്റു വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ പറഞ്ഞു.
നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത കലാപരിപാടികൾക്ക് പുറകെ മലയാളി സമാജങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൂക്കള മത്സരവും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകും. പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ രാജ് ഭവൻ നൽകുമെന്നാണ് ഗവർണർ അറിയിച്ചതെന്ന് ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് പറഞ്ഞു. ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ചടങ്ങിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുക്കും.
സാംസ്കാരിക ഐക്യം, സമൂഹ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് മുംബൈയിൽ ഒരു ജനകീയ ഓണാഘോഷത്തിനായി വേദിയൊരുങ്ങുന്നത്. മലയാളി സമൂഹങ്ങളെയും മറ്റ് സാംസ്കാരിക ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരിക, പ്രാദേശിക അതിരുകൾക്കപ്പുറം ഐക്യവും ജന്മനാടിന്റെ സംസ്കാരവും പൈതൃകവും ആഘോഷവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം എന്ന് സമതി ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു.
ജനകീയ ഓണാഘോഷത്തോട് അനുബന്ധിച്ചു മുംബൈയിലെ സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് പൂക്കള മത്സരത്തിലും, വിവിധ കലാ പരിപാടികളിലും പങ്കെടുക്കാൻ അവസരം ഒരുക്കുന്നു. പൂക്കള മത്സരം ഓഗസ്റ്റ് 30 ആം തീയതി വൈകുന്നേരം 4 മണി മുതൽ സമതി ആസ്ഥാനമായ ചെമ്പൂരിൽ ആരംഭിക്കും. ആദ്യം പേര് നൽകുന്ന 30 ടീമിനാണ് പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഓരോ പൂക്കളവും 5X 5 അടിയും, ഓരോ ടീമിൽ 8 അംഗങ്ങളും വീതം ഉണ്ടായിരിക്കണം. 31 ആം തീയതി വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. ആദ്യം പേര് തരുന്ന 15 ടീമിന് ആണ് കലാപരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. കലാപരിപാടികൾ 8 മുതൽ 9 പേര് അടങ്ങുന്ന ഗ്രൂപ്പ് ആയിരിക്കണം. ഓരോ മത്സരവും 8 മിനിറ്റിൽ കൂടാൻ പാടുള്ളതല്ല. മത്സരങ്ങൾ കേരള തനിമയുള്ളതാവണം. മത്സരാർത്ഥികൾക്ക് ഗ്രീൻ റൂം സംവിധാനം ഉണ്ടായിരിക്കുന്നതാണ് എന്ന് ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് അറിയിച്ചു.
പൂക്കള മത്സരത്തിലും കലാപരിപാടികളും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മത്സരാർത്ഥികളുടെ പേര്/മത്സര ഇനം / സംഘടന /വിലാസം എന്നീ വിവരങ്ങൾ mumbaisnms @gmail .com എന്ന ഇ മെയിൽ വിലാസത്തിൽ സമിതിയെ അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ( വിഷ്ണു 9867737713 / ജീവൻ 7558029758 )

