ന്യൂഡൽഹി: November 6
കായികരംഗത്തെ സാമൂഹികമാറ്റത്തിന്റെ ശക്തിയായി വളർത്തുന്ന ഇന്ത്യയിലെ സാമൂഹിക സംഘടനയായ Sports Mentoring Infusion (SMI) ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ സസ്റ്റൈനബിലിറ്റി അവാർഡ് 2025-ൽ ഗോൾഡ് വിഭാഗത്തിലെ പുരസ്കാരം നേടി.
സംഘടനയുടെ സ്ഥാപകനും ഡയറക്ടറുമായ ജെസ്സൻ ജോസ് പുരസ്‌കാരം ഏറ്റു വാങ്ങി.
“ഞങ്ങൾ കായിക പരിശീലനം നൽകുന്നത് കളിക്കാരെ മാത്രം വളർത്താനല്ല, അവരുടെ മനസ്സും മനോഭാവവും മാറ്റാൻ കൂടിയാണ്. കളിസ്ഥലത്ത് കൂട്ടുകാരെ ബഹുമാനിക്കാൻ പഠിക്കുന്ന കുട്ടികൾ, സമൂഹത്തെയും സ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കുന്നു.” കായികം വഴി കുറ്റമില്ലാ ഇന്ത്യയിലേക്ക് എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ ജെസ്സൻ പറഞ്ഞു.

മുംബൈയിൽ ചുവന്ന തെരുവുകൾ, ചേരികൾ, തെരുവോരങ്ങൾ, സർക്കാർ ഷെൽട്ടർ ഹോമുകൾ തുടങ്ങി വിപരീത സാഹചര്യങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്കാണ് കാൽപ്പന്തു കളിയിലും വ്യക്തിത്വ വികസനത്തിലും പ്രത്യേക പരിശീലനം നൽകി പുതുജീവിതം കെട്ടിപ്പടുക്കുന്നത്. മികച്ച കായികതാരങ്ങളെ വളർത്തുന്നതിനൊപ്പം, സ്വഭാവ രൂപീകരണത്തിലും മാനുഷിക മൂല്യങ്ങളിലുമുള്ള മാറ്റം ലക്ഷ്യമിട്ടാണ് സംഘടനയുടെ പ്രവർത്തനം.
“സ്ത്രീകളെ ബഹുമാനിക്കുന്ന തലമുറയെ വളർത്താൻ കഴിയുമ്പോൾ, കുറ്റമില്ലാ രാജ്യം സ്വാഭാവികമായി രൂപപ്പെടും,” ജെസ്സൻ ജോസ് പ്രത്യാശ പ്രകടിപ്പിച്ചു.
സമൂഹത്തിലെ പരിവർത്തനത്തിന്റെ മികച്ച മാതൃകയായാണ് SMIയുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെട്ടത്. പങ്കെടുത്തവരുടെ കരഘോഷത്തിൽ മുഴങ്ങി നിന്നത് പ്രതീക്ഷയും ഉത്തരവാദിത്തവും നിറഞ്ഞ ഒരു സന്ദേശമായിരുന്നു.
പുരസ്കാരം അഭിമാനമാണ്, പക്ഷേ യഥാർത്ഥ പ്രതിഫലം മാറ്റമാണ് — ഓരോ കളിക്കാരനെയും, ഓരോ ഹൃദയത്തെയും, ഓരോ കളിയെയും കൊണ്ട്. മലയാളിയായ ജെസ്സൻ ജോസ് അഭിമാനത്തോടെ പറഞ്ഞു.
മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഈ സ്പോർട്സ് എൻജിഒ വഴി, കളിയുടെ കരുത്തിൽ ജീവിതം മാറ്റുന്ന പാഠങ്ങൾ കുട്ടികളിലേക്ക് പകരുകയാണ് SMI.

