ബോംബൈ കേരളീയ സമാജം ഹാളിൽ ഹൃദയസ്പർശിയായ ഓർമ്മകളുടെയും നിറഞ്ഞ പങ്കാളിത്തത്തിന്റെയും സാന്നിധ്യത്തിൽ സപ്ലൈ എക്കൗണ്ട്സ് മീറ്റ് 2025 സംഘടിപ്പിച്ചു. ഒരിക്കൽ ഒരു ഓഫീസ് മുറിയിൽ ദിവസങ്ങൾ പങ്കുവെച്ച മലയാളികളടക്കമുള്ള സഹപ്രവർത്തകർ വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിച്ചു, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമാക്കി.
ടി.വി. രാജീവന്റെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ടി.ആർ. ജനാർദ്ദനൻ കൂട്ടായ്മയുടെ ലക്ഷ്യവും പരിപാടികളുടെ ലഘു വിവരണവും അവതരിപ്പിച്ചു.

നരസിംഹ സർക്കാർ കാലത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളോടെ അടച്ചുപൂട്ടപ്പെട്ട മുംബൈയിലെ ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്കൗണ്ട്സ് – സപ്ലൈ ഓഫീസ്, ഇന്ന് ഓർമ്മകളുടെ ജീവിക്കുന്ന വേദിയായി.

സാധന പാർക്കറും രാജു തുലാൽ വാറും അവതരിപ്പിച്ച സൂഫി-കവ്വാലി ഗാനങ്ങൾ സംഗമത്തിന് ആത്മാർത്ഥത പകർന്നു. പ്രായം മറന്ന് അംഗങ്ങൾ പാട്ടിനൊപ്പം ചുവടുവെക്കുകയും ആഘോഷത്തിന്റെ ഭാഗമാവുകയും ചെയ്തു.
92-ാം വയസ്സിലും ഉത്സാഹം നിറഞ്ഞ വിനോദ് ദോഷി, എൻ.കെ. നായർ എന്നിവരടക്കം ഏഴ് സൂപ്പർ സീനിയർമാരെ ആദരിച്ചു. സ്മാരക സ്നേഹോപഹാരങ്ങൾ നൽകി അവരുടെ ദീർഘകാല സേവനം അനുസ്മരിച്ചു.
“വീണ്ടും കാണാം” എന്ന പ്രതീക്ഷയോടെ, ഹൃദയം നിറഞ്ഞ ഓർമ്മകൾക്കൊപ്പം മുൻ സഹപ്രവർത്തകർ സംഗമവേദി വിട്ടു.

