മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസനുമായി മൂന്ന് പതിറ്റാണ്ടോളം നീണ്ട ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്ന് മുംബൈയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ രത്‌നകുമാർ രാമൻ പറയുന്നു. എം.എൽ.എയും നടനുമായ മുകേഷാണ് ശ്രീനിവാസനെ ആദ്യമായി പരിചയപ്പെടുത്തിയത്. അന്നുതൊട്ടു തുടങ്ങിയ സൗഹൃദം ഇന്നുവരെ നിലനിർത്താനായെന്നും അദ്ദേഹം ഓർക്കുന്നു.
ഏറ്റവും ഒടുവിൽ ആറുമാസം മുൻപാണ് കൊച്ചിയിലെ വീട്ടിൽ പോയി ശ്രീനിവാസനെ കണ്ടത്. തുടർന്ന് ഫോൺ വഴിയായിരുന്നു ആരോഗ്യവിവരങ്ങൾ തിരക്കിയിരുന്നത്. കഴിഞ്ഞ വാരം ഡയാലിസിസ് നടക്കുന്നതിനാൽ ഭാര്യ വിമലയെ വിളിച്ചാണ് വിവരം അറിഞ്ഞതെന്ന് രത്‌നകുമാർ പറഞ്ഞു.

മുംബൈയിലെത്തുമ്പോഴെല്ലാം ശ്രീനിവാസൻ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും, താൻ നാട്ടിലെത്തുമ്പോൾ കൊച്ചിയിലെ വീട്ടിലെത്തി സൗഹൃദം പങ്കിടാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാലോകത്തിനു പോലെ തന്നെ വ്യക്തിപരമായും ഇത് തനിക്കൊരു തീരാനഷ്ടമാണെന്നും രത്‌നകുമാർ കൂട്ടിച്ചേർത്തു.
മുംബൈയിൽ നടന്ന മകന്റെ വിവാഹ സൽക്കാരച്ചടങ്ങിൽ അറിയിപ്പില്ലാത്ത സർപ്രൈസ് സന്ദർശനത്തിലൂടെ ശ്രീനിവാസൻ സന്തോഷം പങ്കിട്ട നിമിഷം ഇന്നും മനസ്സിലുണ്ടെന്ന് രത്‌നകുമാർ പറയുന്നു. അന്ന് അന്ധേരിയിലെ ഒരു ഹോട്ടലിൽ താമസിച്ചായിരുന്നു അദ്ദേഹം ചടങ്ങിനെത്തിയത്.
ഹോട്ടൽ വാടക നൽകാൻ പോലും സമ്മതിക്കാതെ, “അതൊരു കടമായി കൈയ്യിലിരിക്കട്ടെ” എന്ന് സ്നേഹപൂർവ്വം പറഞ്ഞ് ശ്രീനിവാസൻ നിരസിച്ചുവെന്ന് രത്‌നകുമാർ ഓർക്കുന്നു.
“വീട്ടാൻ കഴിയാത്ത കടമായി മധുരിക്കുന്ന ഓർമ്മകളുടെയും സൗഹൃദത്തിന്റെയും സമ്പത്ത് ബാക്കി വച്ചാണ് ശ്രീനി മടങ്ങിയത്” — അദ്ദേഹം വികാരാധീനനായി പറഞ്ഞു.
