2026 ജനുവരി 4ന് മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി നടത്തുന്ന പഠനോത്സവത്തിൽ 244 കുട്ടികളും സമാന്തര പരീക്ഷയിൽ 18 കുട്ടികളും പങ്കെടുക്കുന്നു.
മലയാളം മിഷൻ പാഠ്യപദ്ധതികളായ കണിക്കൊന്ന (രണ്ട് വർഷം), സൂര്യകാന്തി (രണ്ട് വർഷം), ആമ്പൽ (മൂന്ന് വർഷം) പഠനം പൂർത്തിയാക്കിയാണ് 244 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.
ഭാഷാ കൈകാര്യം ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി ക്ലാസുകളിലേക്ക് പ്രവേശനം ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന സമാന്തര പരീക്ഷയിൽ 18 കുട്ടികളും പങ്കെടുക്കുന്നു .
പാൽഘർ-നല്ലസോപാര മേഖലയിലെയും വസായ് -മീര മേഖലയിലെയും കുട്ടികൾ പങ്കെടുക്കുന്നത് കാശി മീരയിലെ മുംബൈ മലയാളി സമാജം ഹൈസ്കൂളിലും, ദഹിസർ-ബാന്ദ്ര, പവായ്-സാക്കിനാക്ക, കൊളാബ-മാൻഖുർദ്, താന മേഖലകളിലെ കുട്ടികൾ പങ്കെടുക്കുന്നത് ചെമ്പൂർ ശ്രീനാരായണ മന്ദിര സമിതി ഹൈസ്കൂളിലും, മഹാഡ്-കാമോഠേ മേഖലയിലെ കുട്ടികൾ സി.കെ. ടി കോളേജ് ന്യൂ പനവേൽ വെസ്റ്റിലും, ഖാർഘർ -ഐരോളി മേഖലയിലെ കുട്ടികൾ കോപ്പർഖൈർണെ ന്യൂ മുംബൈ കൾച്ചറൽ സെന്റർ ഹാളിലും, മുംബ്ര-കല്യാൺ, കല്യാൺ-ബദ്‌ലാപൂർ മേഖലയിലെ കുട്ടികൾ കല്യാൺ മോഡൽ സ്കൂളിലും, നാസിക് മേഖലയിലെ കുട്ടികൾ നാസിക് കേരള സേവാ സമിതിയിലും, കൊങ്കൺ മേഖലയിലെ കുട്ടികൾ പെൻ വാചാനാലയ, രത്‌നഗിരി കേരള സമാജം എന്നിവിടങ്ങളിലും നടക്കുന്ന പഠനോത്സവത്തിലും സമാന്തര പരീക്ഷയിലും പങ്കെടുക്കും.
മുംബൈ ചാപ്റ്ററിന്റെ പഠനോത്സവവും സമാന്തര പരീക്ഷയും നടക്കുന്ന ഏഴ് പരീക്ഷ കേന്ദ്രങ്ങളിലും മേഖലകൾ നിർദ്ദേശിച്ച അധ്യാപകർ ഇൻവിജിലേറ്റർമാരായും ചാപ്റ്റർ നോമിനേറ്റ് ചെയ്ത ആർ. പിമാർ സൂപ്പർവൈസർമാരായും അതാത് പരീക്ഷാ കേന്ദ്രങ്ങളുടെ പരിധിയിൽ വരുന്ന കൺവീർമാരുടെയും മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കൃത്യതയോടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായി ചാപ്റ്റർ കൺവീനർ ജീവരാജനും സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്തും പറഞ്ഞു.
പഠനോത്സവത്തിലും സമാന്തര പരീക്ഷയിലും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അവരെ അതിനായി തയ്യാറാക്കിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും എല്ലാ ഭാഷാ സ്നേഹികൾക്കും പ്രവർത്തകർക്കും ചാപ്റ്റർ പ്രസിഡന്റ് ആർഡി ഹരികുമാറും ചെയർമാൻ വേണുഗോപാലും അഭിനന്ദനങ്ങൾ അറിയിച്ചു.
