പവായ് കേരള സമാജം അവതരിപ്പിക്കുന്ന താരക രാത്രിയോടനുബന്ധിച്ച് സാരഥി തീയേറ്റേഴ്‌സിന്റെ കുട്ടിച്ചാത്തൻ അരങ്ങേറും. ഇതിനകം നിരവധി സ്റ്റേജുകളിൽ വിജയകരമായി അവതരിപ്പിച്ച നാടകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഐ ഐ ടി മെയിൻ ഗേറ്റിന് എതിർവശത്തുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ ഇന്ന് 27 ഡിസംബർ വൈകീട്ട് 5.30ന് ആരംഭിക്കുന്ന ക്രിസ്മസ് നവ വത്സര ആഘോഷ പരിപാടികളുടെ ഭാഗമായാണ് നാടകം അരങ്ങേറുന്നത്. ജൈജു ജോൺ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ആഘോഷ പരിപാടികൾക്ക് തിളക്കമേകും.
മുംബൈ നാടക വേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാരും അണി നിരക്കുന്ന കുട്ടിച്ചാത്തൻ സാരഥിയുടെ പന്ത്രണ്ടാമത്തെ നാടകമാണ്.
ബീനാ മേനോൻ, ദിവ്യ സന്തോഷ്, സംഗീത പ്രമോദ്, സരിത മധു, ആതിര പ്രകാശ് നായർ, മാസ്റ്റർ ആരവ് പ്രമോദ്, അനന്തകൃഷ്ണൻനായർ, മിഥുൻനമ്പ്യാർ, രാജേഷ്‌കുമാർ രാജു, വേണുഗോപാൽ, ബാബു അഴകേശൻ, മനോജ് രമേശ്, ശശിധരൻ തിരുവത്ര, ബൈജു സാൽവിൻ, ജയരാജ് എന്നിവർക്ക് പുറമെ സന്തോഷ് സാരഥി കുട്ടിച്ചാത്തനായും വേഷമിടുന്നു.
കാലിക പ്രസക്തമായ പ്രമേയമാണ് കുട്ടിച്ചാത്തൻ പകർന്നാടുന്നത് . നാടകത്തിന്റെ രചന ജയൻ തിരുമനയുടേതാണ്. സംവിധാനം ജയൻ തിരുമനയും കോട്ടയം ഷാജിയും ചേർന്നാണ് നിർവഹിച്ചത്.
