ഇറ്റാനഗർ: ഹിമാലയൻ യൂണിവേഴ്‌സിറ്റിയുടെ എട്ടാമത് ബിരുദദാന സമ്മേളനം ഇറ്റാനഗറിലെ സർവകലാശാല ക്യാമ്പസിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. അരുണാചൽ പ്രദേശ് ഗവർണറും സർവകലാശാലയുടെ വിസിറ്ററുമായ ലെഫ്റ്റനന്റ് ജനറൽ കൈവല്യ ത്രിവിക്രം പർനായക് (റിട്ട.) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഗവർണറെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. അക്കാദമിക് പ്രൊസഷനോടെ ആരംഭിച്ച ചടങ്ങിൽ ദേശീയഗാനം, ദീപപ്രജ്വലനം, പ്രാർത്ഥന എന്നിവ നടന്നു. തുടർന്ന് ഗവർണർ കോൺവൊക്കേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കോൺവൊക്കേഷൻ ഒരു ഔപചാരിക ചടങ്ങല്ലെന്നും അധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും വിജയാഘോഷമാണെന്നും ഉത്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. 2013-ൽ ഇറ്റാനഗറിൽ ആരംഭിച്ച ഹിമാലയൻ യൂണിവേഴ്‌സിറ്റി ഇന്ന് ഗവേഷണത്തിന്റെയും നവോത്ഥാനത്തിന്റെയും കേന്ദ്രമായി വളർന്നതായും ഗവർണർ വ്യക്തമാക്കി.

ഡോക്ടറൽ മുതൽ പ്രൊഫഷണൽ കോഴ്‌സുകൾ വരെ നടത്തുന്ന സർവകലാശാലയ്ക്ക് യു.ജി.സി ഉൾപ്പെടെയുള്ള നിയമാനുസൃത അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, 3,200-ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നതായും ഗവർണർ ചൂണ്ടിക്കാട്ടി.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ സ്വാഗത പ്രസംഗവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. അക്കാദമിക് മികവ്, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്ര വികസനം എന്നിവയിൽ സർവകലാശാല കൈവരിച്ച മുന്നേറ്റങ്ങൾ ഡോ. പ്രകാശ് ദിവാകരൻ വിശദീകരിച്ചു.
ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് വൈസ് ചാൻസലർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ വിഭാഗങ്ങളിലെ മേധാവികൾ ബിരുദങ്ങൾ വിതരണം ചെയ്തു. അക്കാദമിക് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഗവർണർ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.
രാജീവ് ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എസ്. കെ. നായക് കോൺവൊക്കേഷൻ പ്രഭാഷണം നടത്തി. വിജ്ഞാനാന്വേഷണം മൂല്യബോധത്തോടെയും സാമൂഹിക ഉത്തരവാദിത്തത്തോടെയും മുന്നോട്ട് കൊണ്ടുപോകണമെന്ന് ബിരുദധാരികളെ ഉപദേശിച്ചു.
ചടങ്ങിൽ സർവകലാശാല ചെയർമാൻ അഡ്വ. ഹേമന്ത് ഗോയൽ, ജോയിന്റ് രജിസ്ട്രാർ ദിലീപ് ജെയ്ൻ, ഡെപ്യൂട്ടി രജിസ്ട്രാർ കിഡോ ബാഗ്ര, അസിസ്റ്റന്റ് രജിസ്ട്രാർ പരാബ് മോഹൻ സിംഗ് എന്നിവർ പങ്കെടുത്തു. എൻ.സി.സി ഒന്നാം അരുണാചൽ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ സമുദ്ര വിജയ് ശർമയുടെ സാന്നിധ്യവും ചടങ്ങിന് കൂടുതൽ ഗൗരവം നൽകി.
ഗവർണർ കോൺവൊക്കേഷൻ ഔദ്യോഗികമായി സമാപിപ്പിച്ചു. സർവകലാശാല രജിസ്ട്രാർ വിജയ് ത്രിപാഠി നന്ദിപ്രസ്താവം നടത്തി. ദേശീയഗാനത്തോടെയും ഫോട്ടോ സെഷനോടെയും ചടങ്ങ് അവസാനിച്ചു.
