പഴയ തറവാടും അമ്പലക്കുളവും ഗ്രാമഭംഗിയുമൊക്കെ മലയാള സിനിമയിൽ അന്യം നിന്നു പോയെന്ന് ആരാണ് വിലപിച്ചത് ?
ബന്ധുക്കളും അവരുടെ ഇഴയടുപ്പങ്ങളുമൊക്കെ ഇനി വല്ല സീരിയലിലും നോക്കിയാൽ മതിയെന്ന് ആരാണ് പറഞ്ഞത്?
ദേ.. കൺതുറന്ന് കാണ്.
അന്തിക്കാടൻ മകൻ നല്ലൊന്നാന്തരം കുടുംബ പശ്ചാത്തലത്തിലൊരു കഥ പറഞ്ഞ് സിനിമ ചെയ്തു വച്ചിരിക്കുന്നു.
പഴയ ദാരിദ്ര്യം പിടിച്ച തറവാടൊന്നുമല്ല. ഇപ്പോഴത്തെ കല്യാണ റീൽസിലൊക്കെ കാണുന്ന തരം നടുമുറ്റത്ത് മഴപയ്യുന്ന , അത് ആസ്വദിച്ച് ഓടിക്കളിക്കാൻ അനേകം ആൾക്കാരുള്ള വർണ്ണാഭമായ ഒരു തറവാട്.
ഇനി സിനിമയിലേക്കു വന്നാൽ ആദ്യം തന്നെ നമ്മൾ ലോജിക്കിനെ എടുത്ത് നാലായി മടക്കി പോക്കറ്റിൽ വച്ചിട്ട് സ്വസ്ഥമായി ഇരുന്ന് ആസ്വദിച്ചു കാണണം.
ഏതെങ്കിലുമൊരു ചിന്താശകലം മനസ്സിലേക്ക് കയറി വരുമ്പോഴേക്കും ഒരു ചെറുചിരിയുടെ അല വന്ന് മൃദുവായി നമ്മെ തഴുകി കടന്നുപോകും. !
രണ്ടര മണിക്കൂർ ‘ശൂന്ന്’ പോകുന്നത് അറിയില്ല.
” എനിക്ക് ഏറ്റവും ഇഷ്ടം എന്നെയാണ്.
ഞാൻ എന്നെ നന്നായി സ്നേഹിക്കുന്നു. “
‘സെൽഫ് ലവ് ‘ ഒക്കെ ജൻസി പിള്ളേർക്ക് മാത്രമുള്ളതാണെന്ന ചിന്താഗതി മാറ്റിമറിച്ചു.
പണ്ടത്തെ വയസ്സൻമാരെപ്പോലെ കരഞ്ഞും പിഴിഞ്ഞും നെഗറ്റീവടിക്കാത്ത വല്യച്ഛൻ ബ്രോ ( ജനാർദ്ദനൻ ) പറയുന്ന വാക്കുകളാണിത്.
മനു മഞ്ജിത്തിൻ്റെ വരികൾ ജസ്റ്റിൻ പ്രഭാകറുടെ സംഗീതവും സിനിമയോടു ചേർന്നു നിൽക്കുന്നു.
നിറപ്പകിട്ടാർന്ന രംഗങ്ങളിലൂടെ സിനിമയെ കൂടുതൽ കളറാക്കിയതിനാൽ ക്യാമറാമാനും തിളങ്ങി.
സമീറ സനീഷിൻ്റെ കോസ്റ്റ്യൂംസ് ,
സിംപിൾ & എലഗൻ്റ് !
അല്ലെങ്കിലും ഒന്നോർത്താൽ നമ്മുടെ ജീവിതം മൊത്തം ഒരു
‘ ഡെലുലു ‘
അല്ലേ .. ?
ജനനം, മരണം, മരണാനന്തര ജീവിതം ഇതിനൊക്കെയപ്പുറവും ഇപ്പുറവുമൊക്കെ നമുക്കെന്തറിയാം ?
പക്ഷേ മനുഷ്യർക്ക് ജീവിക്കുവാൻ സ്നേഹം വേണം.
സ്നേഹിക്കാൻ ആരുമില്ലാതെ വരുമ്പോഴാണ് അവർ അവരവരെത്തന്നെ ചുമലിൽ തട്ടി
” സാരം ല്യ പോട്ടെ ,
ജിവിക്ക് “
എന്ന് സമാധാനിപ്പിക്കുന്നത്.
വിട്ടുപോയ സ്നേഹത്തിൻ്റെ പ്രകാശം ഓർക്കുമ്പോഴാണ് അവർ ഉപയോഗിച്ച് ഉപേക്ഷിച്ചു പോയ വസ്തുക്കൾ വൃത്തിയായി സൂക്ഷിച്ചു വയ്ക്കുന്നത്.
സ്നേഹത്തിൽ നിന്ന് വിട്ടു പോകുന്നയാൾ ആ ഇടം വൃത്തിയാക്കി വച്ചിട്ടു വേണം പോകാൻ എന്ന് ‘സാധ്യ ‘ കണ്ണു നിറച്ച് പറയുന്നത് കൂടെയുണ്ടായിരുന്നവർ തകരാതിരിക്കാനാണ്.
മനുഷ്യർക്കു സ്നേഹിക്കാൻ ആരെങ്കിലും വേണം. ഡെലിലു വരുന്നതും അതിനു വേണ്ടി തന്നെയാണ്.
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് വിനോദ് മാത്യൂ മാഞ്ഞൂരാൻ എന്ന അച്ഛനെയാണ്.! അങ്ങനൊരു മനുഷ്യനെ കാണുന്നത് തന്നെ എത്ര സന്തോഷം !
അങ്ങനൊരാൾ സിനിമയിലല്ലാതെ ജീവിതത്തിൽ എവിടെങ്കിലും ഉണ്ടാകുമോ ?
തീർച്ചയായും ഉണ്ടാകും. പക്ഷേ , ഞാൻ കാണാത്തതായിരിക്കും . മേതിൽ ദേവികയും നന്നായി. രഘുനാഥ് പലേരിയേയും ഇഷ്ടപ്പെട്ടു.
മൊത്തത്തിൽ ഒരു നെഗറ്റീവ് പോലും എവിടേയും പറയാൻ തോന്നുന്നില്ല.
ഒരു പേരിൽ എന്തിരിക്കുന്നു ?
എന്നൊക്കെ പറയാൻ വരട്ടെ. എനിക്ക് പേരുകൾ വളരെ പ്രധാനമാണ്.
പേര് നന്നായില്ലെങ്കിൽ ഒന്നും അത്രകണ്ട് ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ.
പ്രഭേന്ദുവും രൂപയും ഡിലിലു വും സാധ്യ യുമൊക്കെ മനസ്സിലിടം പിടിച്ചതിനു പിന്നിൽ അവരുടെ പേരുകളിലെ ക്യൂട്ട്നസ്സും വെറെറ്റിയും കൊണ്ട് കൂടിയാണ്.
ലോകത്തിൽ എവിടെയും ഇല്ലാത്ത പേരുകൾ ഒന്നുമല്ല. പക്ഷേ ആ പേരുകൾ അവർക്ക് നന്നായി ചേരുന്നുണ്ട്.
പൂജാരിമാരുടെയൊക്കെ പൂജയും പവറും രഹസ്യങ്ങളുമെല്ലാം ആർക്കും കൊള്ളാത്ത തരത്തിൽ പറഞ്ഞു പോയിട്ടുണ്ട്.
‘പൂണൂൽ ‘ ൻ്റെ യൊക്കെ പ്രാധാന്യം.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് .
ആങ്സൈറ്റിയും ബൈപോളാർ ഡിസീസും ഗൗരവമുള്ളത് തന്നെയാണെന്നും ,
“നല്ല സുഖമുള്ള ഒരു ഉറക്കത്തെക്കാൾ നല്ല മെഡിസിൻ ഒന്നും ഈ ലോകത്തിലില്ല “
എന്ന് ഡോ . റാഫേൽ പറഞ്ഞപ്പോൾ തന്നെ അത് മനസ്സിൽ തട്ടി നിന്നു.
NB – സിനിമ കാണാത്തവർ ദയവായി ഇപ്പോൾ വായിക്കരുത്. പോയി കണ്ടിട്ടു വന്ന് വായിക്കുക.
- അമ്പിളി കൃഷ്ണകുമാർ
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
