ചലച്ചിത്രാസ്വാദകർക്ക് ഗംഭീര കാഴ്ചവിരുന്നൊരുക്കി ബെൻസി പ്രൊഡക്ഷൻസ് നിർമിച്ച ആറ് ചിത്രങ്ങൾ ഒടിടി റിലീസിലൂടെ ഒരുമിച്ച് പ്രേക്ഷകരിലേക്ക്. തിയേറ്ററുകളിൽ ശ്രദ്ധേയമായ വിജയം നേടിയതും, ജനപ്രിയതയും കലാമൂല്യവും ഒരുപോലെ കൈവരിച്ചതുമായ ഈ ചിത്രങ്ങൾ ഇപ്പോൾ മനോരമ മാക്സ് എന്ന പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഒരു പ്രൊഡക്ഷൻ ഹൗസിന്റെ കീഴിലുള്ള ആറ് വ്യത്യസ്ത ചിത്രങ്ങൾ ഒരേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഒരുമിച്ച് എത്തുന്നത് അപൂർവ നേട്ടമായിരിക്കുകയാണ്. ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സംവിധായകരായ ടി.വി. ചന്ദ്രൻ, പ്രിയനന്ദനൻ, മനോജ് കാന എന്നിവരുടേതുൾപ്പെടെ യുവ സംവിധായകരുടെ ശ്രദ്ധേയ സിനിമകളും ഈ റിലീസ് പാക്കേജിലുണ്ട്.
ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- പെങ്ങളില – സംവിധാനം: ടി.വി. ചന്ദ്രൻ
- സൈലൻസർ – സംവിധാനം: പ്രിയനന്ദനൻ
- ഖെദ്ദ – സംവിധാനം: മനോജ് കാന
- ലൗ എഫ് എം – സംവിധാനം: ശ്രീദേവ് കപ്പൂർ
- ബെസ്റ്റി – സംവിധാനം: ഷാനു സമദ്
- ദി കേസ് ഡയറി – സംവിധാനം: ദിലീപ് നാരായണൻ
സാമൂഹിക യാഥാർത്ഥ്യങ്ങളുടെ ശക്തമായ അവതരണം: ‘പെങ്ങളില’
കീഴാളസമൂഹത്തിന്റെ ജീവിതാവസ്ഥയെ സ്പർശിക്കുന്ന ടി.വി. ചന്ദ്രന്റെ ‘പെങ്ങളില’ ജാതി രാഷ്ട്രീയത്തിന്റെ നേർചിത്രമാണ്. എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയുമായും അവളുടെ വീട്ടുപരിസരം വൃത്തിയാക്കാനെത്തുന്ന 65 വയസ്സുകാരനായ കൂലിപ്പണിക്കാരനുമായ അഴകൻ തമ്മിലുള്ള ആത്മബന്ധമാണ് കഥയുടെ കാതൽ. ലാൽ അവതരിപ്പിക്കുന്ന അഴകൻ എന്ന കഥാപാത്രവും അക്ഷര കിഷോർ അവതരിപ്പിക്കുന്ന രാധയും ചിത്രത്തിന്റെ ഹൃദയസ്പന്ദനങ്ങളാണ്.
ജീവിതത്തോട് പൊരുതുന്ന വാർധക്യം: ‘സൈലൻസർ’
പ്രശസ്ത സാഹിത്യകാരൻ വൈശാഖന്റെ ജനപ്രിയ ചെറുകഥയെ ആധാരമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘സൈലൻസർ’ വാർധക്യത്തിന്റെ ഒറ്റപ്പെടലും ആത്മാഭിമാനവും പറയുന്ന ചിത്രം. മൂക്കോടൻ ഈനാശുവായി ലാൽ, ഭാര്യ ത്രേസ്സ്യയായി മീരാ വാസുദേവ്, മകൻ സണ്ണിയായി ഇർഷാദ് എന്നിവർ ശക്തമായ അഭിനയമൊരുക്കുന്നു.
അമ്മയും മകളും, സിനിമയും: ‘ഖെദ്ദ’
പ്രശസ്ത അഭിനേത്രി ആശാ ശരത്ത് മകൾ ഉത്തര ശരത്ത് ഒപ്പം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം ‘ഖെദ്ദ’. മനോജ് കാന സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അമ്മ–മകൾ ബന്ധത്തിന്റെ സൂക്ഷ്മ വികാരങ്ങളാണ് പ്രമേയം. ആശാ ശരത്ത് (സവിത)യും ഉത്തര ശരത്ത് (ചിഞ്ചു)യും കേന്ദ്ര കഥാപാത്രങ്ങളാകുന്നു.
തലമുറകളുടെ കഥ: ‘ബെസ്റ്റി’
യുവ സംവിധായകൻ ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ബെസ്റ്റി’ ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് തലമുറകളിലെയും സ്നേഹവും സംഘർഷവും അവതരിപ്പിക്കുന്നു. അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ എന്നിവർ പ്രധാന വേഷങ്ങളിൽ.
ക്രൈം-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ: ‘ദി കേസ് ഡയറി’
ദിലീപ് നാരായണൻ സംവിധാനം ചെയ്ത ‘ദി കേസ് ഡയറി’ ഒരു അന്വേഷണത്തിന്റെ നിഗൂഢതകളിലൂടെ നീങ്ങുന്ന ചിത്രം.
അഷ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവർ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
രണ്ട് കാലഘട്ടങ്ങളിലെ പ്രണയം: ‘ലൗ എഫ് എം’
മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീദേവ് കപ്പൂർ ഒരുക്കിയ ‘ലൗ എഫ് എം’ വ്യത്യസ്തമായ പ്രണയാനുഭവമാണ് അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായി സഞ്ചരിക്കുന്ന പ്രണയകഥയിൽ ജാനകി കൃഷ്ണൻ, മാളവിക മേനോൻ, അഞ്ജു (എം 80 മൂസ ഫെയിം) എന്നിവർ നായികമാരായി എത്തുന്നു.
തിയേറ്റർ വിജയത്തിന് പിന്നാലെ ഒടിടിയിൽ പുതിയ പ്രേക്ഷകവലയം തുറക്കുന്ന ഈ ആറ് ചിത്രങ്ങൾ, ബെൻസി പ്രൊഡക്ഷൻസിനെ മലയാള സിനിമയിലെ ശ്രദ്ധേയ നിർമാണ ബാനറുകളിലൊന്നായി വീണ്ടും ഉറപ്പിക്കുന്നു.
കലയും ജനപ്രീതിയും കൈകോർക്കുന്ന ഈ ഒടിടി റിലീസ്, പ്രേക്ഷകർക്ക് ഒരു പൂർണ സിനിമാ ഉത്സവം തന്നെയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
