മുംബൈ:
പഠിതാക്കളിലും അധ്യാപകരിലുമുള്ള സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ–സാംസ്കാരിക വിനിമയങ്ങൾ സാദ്ധ്യമാക്കുക, പുത്തൻ അറിവുകൾ കൈവരിക്കുക, കൂട്ടായ്മയും പരസ്പര സഹവർത്തിത്വവും വികസിപ്പിക്കുക, സാമൂഹ്യ ബോധവും നേതൃത്വ പാടവവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലയാളം മിഷൻ മുംബൈ ചാപ്റ്റർ പഠിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി നാസിക്കിലേക്ക് ഒരു പഠനയാത്രയും, 2026 ജനുവരി 24, 25, 26 തീയതികളിലായി സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നത്.
മറ്റുള്ളവരുമായി ഇടപഴകിയും സഹവർത്തിത്വത്തോടെ ജീവിക്കാനും സാമൂഹ്യ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാനും ഇത്തരം സഹവാസ ക്യാമ്പുകൾ സഹായിക്കുന്നതായി സംഘാടകർ വ്യക്തമാക്കി. കലാ–സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വിനോദത്തിലൂടെ അറിവും സാമൂഹ്യ ബോധവും വളർത്തുന്നതിനും സഹായകരമായ നിരവധി പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രകൃതിസൗന്ദര്യത്തിൽ സമ്പന്നമായ നാസിക്കിലെ കൃഷിസ്ഥലങ്ങളിലേക്കും ചരിത്രപ്രാധാന്യമുള്ള സഞ്ചാരകേന്ദ്രങ്ങളിലേക്കുമുള്ള പഠനയാത്രയും ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
നാസിക് പത്തർഡി സെന്റ് തോമസ് ബേഥാന്യ കോൺവെന്റ് സ്കൂളിൽ വെച്ചാണ് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പന്ത്രണ്ട് മേഖലകളിൽ നിന്നായി പഠിതാക്കളും അധ്യാപകരുമായി 200 പേരെയാണ് പഠനയാത്രയിലും സഹവാസ ക്യാമ്പിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാളം മിഷൻ നാസിക് മേഖലയിലെ സമ്പൂർണ സഹകരണത്തോടെയാണ് മുംബൈ ചാപ്റ്റർ ഈ പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതെന്ന് മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | THIS SATURDAY JANUARY 24 AT 4.30 P.M. | KAIRALI NEWS
