നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടന്ന കർഷകരുടെയും ആദിവാസികളുടെയും ലോംഗ് മാർച്ചിലെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ആവശ്യങ്ങൾ നടപ്പാക്കുന്നതിന് പൂർണ്ണ ഉറപ്പ് നൽകിയ മുഖ്യമന്ത്രി, സമരത്തിന്റെ തുടർനടപടികളിൽ അന്തിമ തീരുമാനം കിസാൻ സഭയുടെ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് എടുക്കുമെന്ന് അറിയിച്ചു.
നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടന്ന സിപിഎം–അഖിലേന്ത്യാ കിസാൻ സഭയുടെ ലോംഗ് മാർച്ചുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഇന്ന് മുംബൈയിലെ മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ, ജലസേചന മന്ത്രി ഗിരീഷ് മഹാജൻ, ആദിവാസി വികസന മന്ത്രി ആശോക് ഉൈക്കെ, സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാസാഹേബ് ഭൂസെ, വനം മന്ത്രി ഗണേഷ് നായിക് എന്നിവരുമായി കിസാൻ സഭാ പ്രതിനിധി സംഘം ചർച്ച നടത്തി.
തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ അദ്ദേഹത്തിന്റെ വസതിയായ വർഷയിൽ പ്രതിനിധി സംഘം കണ്ടു.
യോഗത്തിൽ അംഗീകരിച്ച എല്ലാ ആവശ്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പൂർണ്ണ ഉറപ്പ് നൽകി. നടപ്പാക്കലിൽ വീഴ്ച വരാതിരിക്കാൻ മന്ത്രിതലത്തിൽ സ്ഥിരം ഫോളോ-അപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വനാവകാശ നിയമപ്രകാരം സമർപ്പിച്ച എല്ലാ അവകാശവാദങ്ങളും പുനഃപരിശോധിക്കാൻ തീരുമാനിച്ചു. ഓരോ ജില്ലയിലും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതികൾ രൂപീകരിച്ച് മൂന്ന് മാസത്തിനകം വനഭൂമി കൈവശമുള്ള കർഷകർക്ക് നീതി ഉറപ്പാക്കുമെന്ന് യോഗത്തിൽ തീരുമാനമായി.
ആദിവാസി മേഖലകളിലൂടെ പടിഞ്ഞാറോട്ട് കടലിലേക്ക് ഒഴുകുന്ന വെള്ളം പ്രാദേശികർക്കും മഹാരാഷ്ട്രയിലെ വരൾച്ചബാധിത പ്രദേശങ്ങൾക്കും ലഭ്യമാക്കാൻ ചെക്ക് ഡാമുകളും മറ്റ് പദ്ധതികളും നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
പേസ നിയമപ്രകാരം ഒഴിവുകൾ പൂരിപ്പിക്കുക, കർഷകർക്ക് പകൽ വൈദ്യുതി നൽകുക, സ്കൂൾ പോഷകാഹാര ജീവനക്കാരുടെ വേതനം വർധിപ്പിക്കുക, ഗ്രാമീണ ആദിവാസി മേഖലകളിൽ അധ്യാപക നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു.
ലോംഗ് മാർച്ചിന്റെ തുടർനടപടികളിലും ഖർദിയിലെ സമരം പിൻവലിക്കുന്നതിലും അന്തിമ തീരുമാനം കിസാൻ സഭയുടെ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. നാളെ വൈകുന്നേരം ജലസേചന മന്ത്രി ഗിരീഷ് മഹാജനും നാസിക് ജില്ലാ കളക്ടറും സമരക്കാരെ അഭിസംബോധന ചെയ്യും
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
