മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് ലോക്ഡൗണില്‍ അടച്ചിരുന്നയാൾ !!

0

മുംബൈയിൽ ഗോരേഗാവിലാണ് നഗരത്തെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്ന മറ്റൊരു മരണം നടന്നത്. ഭഗത് സിങ്ങ് നഗറിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 50 വയസ്സ് പ്രായമുള്ള അംബി സ്വാമിയാണ് പനിയും ജലദോഷവുമായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെ കൊണ്ട് പോയത്. എന്നാൽ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളെ തുടർ ചികിത്സക്കായി കാന്തിവിലി ശതാബ്ദി ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

പനി ന്യൂമോണിയായി മാറിയതോടെ ശ്വാസതടസ്സത്തിന്റെ ബുദ്ധിമുട്ടും അനുഭവപ്പെട്ടെങ്കിലും ഓക്സിജൻ നൽകുവാൻ പോലും ആശുപത്രി മിനക്കെട്ടില്ലെന്നാണ് ഭാര്യയും സമീപവാസികളും പരാതിപ്പെടുന്നത്. ഹോസ്പിറ്റലുകാരുടെ അശ്രദ്ധയാണ് മരണകാരണമെന്നും ഇവർ പറയുന്നു.

ലോക് ഡൌൺ പ്രഖ്യാപിച്ചത് മുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയോ ആരെങ്കിലുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലാത്ത വ്യക്തിയാണ് രോഗ ലക്ഷണം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ഒറ്റ ദിവസം കൊണ്ട് മരണപ്പെടുകയും ചെയ്തിരിക്കുന്നത്. സമൂഹ വ്യാപനത്തിന്റെ ഏറ്റവും ഭീതിജനകമായ ഘട്ടത്തിലേക്ക് നഗരം കടക്കുകയാണോ എന്ന ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.

ഇയാൾക്ക് രോഗബാധ ഉണ്ടാകാനുള്ള കാരണങ്ങൾ കണ്ടു പിടിക്കേണ്ടതുണ്ട്. വീട്ടിൽ പുറത്ത് നിന്നെത്തുന്ന ഭക്ഷണ സാമഗ്രഹികൾ തുടങ്ങിയവയുടെ കാര്യത്തിലും സമ്പർക്കത്തിനുള്ള മറ്റു വഴികളെ കുറിച്ചും വേണ്ടപ്പെട്ട അധികാരികൾ സൂക്ഷ്മമായ പഠനം നടത്തി പരിഹാരം തേടേണ്ടതുണ്ട്.

മുംബൈയിൽ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന സ്വാമിക്ക് ഭാര്യയും രണ്ടു മക്കളുമാണ്. മകളുടെ വിവാഹം കഴിഞ്ഞു. മകൻ പഠിക്കുകയാണ്. വീട്ടിലെ ഏക ആശ്രയമായ അംബി സ്വാമിയുടെ മരണത്തോടെ അനാഥമായിരിക്കയാണ് ഈ കുടുംബം. ഇനി എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ട് പോകുമെന്ന ആവലാതിയിലാണ് ഗോരേഗാവിലെ ഒരു ചേരിയിൽ വാടകക്ക് താമസിക്കുന്ന സ്വാമിയുടെ ഭാര്യയും വിദ്യാർത്ഥിയായ മകനും.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here